23 December Monday

ഹൃദയത്തിന്‌ തുടിപ്പേകിയ കേരളപുത്രൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


ആധുനിക വൈദ്യശാസ്‌ത്രത്തിന്‌  കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ്‌ വല്യത്താൻ.  ഭിഷഗ്വരൻ എന്ന നിലയിൽ മാത്രമല്ല, വ്യത്യസ്‌ത മേഖലകളിലും കഴിവുതെളിയിച്ച അദ്ദേഹം ശാസ്‌ത്രജ്ഞൻകൂടിയായിരുന്നു. ഹൃദയശസ്ത്രക്രിയാവിദഗ്ധനായിരുന്ന ഡോ. വല്യത്താൻ,  കേരളത്തിന്റെ മെഡിക്കൽ സാ​ങ്കേതികവിദ്യക്ക് ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയവരിൽ ഒരാൾ എന്ന നിലയ്ക്കും  എന്നും ഓർമിക്കപ്പെടും. ​ആധുനിക വൈദ്യശാസ്ത്രവുമായി ​കാര്യമായ വിനിമയങ്ങളില്ലാതിരുന്ന ആയുർവേദത്തെക്കുറിച്ച് വല്യത്താൻ നടത്തിയ ഗവേഷണ- പഠന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളുടെ ശ്രദ്ധേയമായ സംഭാവനയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന്‌ 1956ൽ എംബിബിഎസ്‌ പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ ലിവർപൂൾ യൂണിവേഴ്‌സിറ്റി,  എഡിൻബറോ റോയൽ കോളേജ്‌ ഓഫ്‌ സർജൻസ്‌, അമേരിക്കയിലെ ജോൺസ്‌ ഹോപ്‌കിൻസ്‌ യൂണിവേഴ്‌സിറ്റി, ജോർജ്‌ ടൗൺ യൂണിവേഴ്‌സിറ്റി, ക്യാനഡ റോയൽ കോളേജ്‌ ഓഫ്‌ ഫിസിഷ്യൻസ്‌ എന്നിവിടങ്ങളിൽ സർജറിയിൽ ഉപരിപഠനവും പരിശീലനവും നേടി. ആദ്യമായി കൃത്രിമ ഹൃദയവാൽവ്‌ വികസിപ്പിച്ച ഡോ. ചാൾസ്‌ എ ഹഫ്‌നഗലിന്റെയും  ഹൃദയശസ്‌ത്രക്രിയയിൽ പല സാങ്കേതിക മുന്നേറ്റങ്ങൾക്കും  നേതൃത്വം നൽകിയ ഡോ. വിൻസന്റ്‌ ഗോട്ടിന്റെയും കീഴിലെ പരിശീലനം വൈദ്യശാസ്‌ത്ര ഗവേഷണരംഗത്ത്‌ വല്യത്താന്‌ വലിയ പ്രചോദനമായി. ഹൃദ്‌രോഗ ചികിത്സയുടെ ചെലവ് ഗണ്യമായി കുറച്ചതിൽ വല്യത്താന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങൾക്ക് പ്രധാന പങ്കുണ്ട്. പതിനെട്ട്‌ വർഷത്തിനിടയിൽ പതിനായിരത്തിലേറെ ഹൃദയശസ്‌ത്രക്രിയകളാണ്‌ നടത്തിയത്‌.

ഉന്നതപഠനം കഴിഞ്ഞ്​ അമേരിക്കയിൽനിന്ന് തിരിച്ചെത്തി മദ്രാസിൽ ജോലി ചെയ്യുന്നതിനിടെ വല്യത്താനെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനാണ് കേരളത്തിലേക്ക് ക്ഷണിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്‌രോഗ–- ന്യൂറോ വിഭാഗത്തിന്‌ പ്രത്യേക ആശുപത്രി തുടങ്ങുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ.  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് വല്യത്താനിലൂടെ തുടക്കമാകുകയായിരുന്നു. 20 വർഷത്തെ പ്രവർത്തന കാലയളവിൽ ശ്രീചിത്രയെ പാർലമെന്റിന്റെ അംഗീകാരമുള്ള, ദേശീയ പ്രാധാന്യമുള്ള ഗവേഷണ കേന്ദ്രമായി വളർത്തിയെടുക്കുന്നതിൽ വല്യത്താന്റെ അക്ഷീണ പ്രയത്‌നമുണ്ട്‌. സ്​പെഷ്യലിസ്റ്റ് ആശുപത്രിയിൽനിന്ന് ഗവേഷണത്തിലേക്കും മെഡിക്കൽ സാ​ങ്കേതികവിദ്യയുടെ പുത്തൻ പ്രയോഗങ്ങളി​ലേക്കും ശ്രീചിത്ര ഉയർന്നു. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കുള്ള ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലുള്ള പരീക്ഷണം വല്യത്താന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. അങ്ങനെയാണ് ​മെക്കാനിക്കൽ വാൽവ് വികസിപ്പിക്കുന്നതിന്‌ തുടക്കമായത്. പതിനഞ്ചു വർഷം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത ചിത്ര വാൽവ്  1990ൽ ആണ് ആദ്യമായി രോഗിയിൽ വിജയകരമായി ഘടിപ്പിച്ചത്. ഇപ്പോൾ ഒന്നേമുക്കാൽ ലക്ഷത്തോളം മനുഷ്യഹൃദയങ്ങളിൽ  ശ്രീചിത്രയുടെ ഹൃദയവാൽവുകൾ തുടിക്കുന്നുണ്ട്‌. കൂടാതെ വാസ്കുലർ ഗ്രാഫ്റ്റ്, ബ്ലഡ് ബാഗ്, ഓക്സിജൻ, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തു.  ഈ ഉപകരണങ്ങൾക്കെല്ലാം ആഗോളതലത്തിൽ പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ അംഗീകാരവും ലഭിച്ചു.
1994ൽ ശ്രീചിത്രയിൽനിന്ന്‌ വിരമിച്ചശേഷം മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ്‌ ചാൻസലറായി ചുമതലയേറ്റു. രണ്ടായിരത്തിൽ വൈസ്‌ചാൻസലർ പദവി ഒഴിഞ്ഞശേഷം പ്രാചീന ഭാരതത്തിലെ പഠന സമ്പ്രദായവും ആയുർവേദത്തിന്റെ  ചരിത്രവും പഠിക്കാനും ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുടെ ഗവേഷണത്തിലും കേന്ദ്രീകരിച്ചു. ചരകൻ, സുശ്രുതൻ, വാഗ്‌ഭടൻ എന്നിവരുടെ കൃതികൾക്ക്‌ നവീന വ്യാഖ്യാനങ്ങളെഴുതി പുതിയ തലമുറയ്ക്ക്‌ സമർപ്പിച്ചു.

ആയുർവേദത്തിലെ സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള നിരീക്ഷണവും കണ്ടെത്തലുകളും ആധുനിക വൈദ്യശാസ്‌ത്ര ചരിത്രത്തിനുമുന്നിൽ വൈദഗ്‌ധ്യത്തോടെ ഈ കൃതികളിലൂടെ അവതരിപ്പിച്ചു.  ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണമെന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നീ കൃതികൾ. അതേസമയം, ഭാരതത്തിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളെ നൂറ്റാണ്ടുകളായി ജാതിയുടെ പേരിൽ അറിവിൽനിന്ന്‌ അകറ്റിനിർത്തിയത്‌ മാപ്പർഹിക്കാത്ത തെറ്റാണെന്നും അറിയാനും അന്വേഷിക്കാനുമുള്ള കുത്തകാവകാശം ചിലർ സ്വന്തമാക്കി വച്ചത്‌ കൊടും ക്രൂരതയാണെന്നും വല്യത്താൻ ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യശാസ്‌ത്രത്തിന്റെ പാശ്‌ചാത്യ–- പൗരസ്‌ത്യ പാരമ്പര്യങ്ങളെ പിന്തുടർന്നപ്പോഴും ചികിത്സയുടെയും സേവനത്തിന്റെയും നൈതികതയും മനുഷ്യസ്‌നേഹവും എന്നും കാത്തുസൂക്ഷിച്ച വലിയ മനുഷ്യനെയാണ്‌ വല്യത്താന്റെ വേർപാടിലൂടെ കേരളത്തിന്‌ നഷ്ടമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top