25 December Wednesday

തെരഞ്ഞെടുപ്പ് ഫലം പറയുന്ന സത്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

രണ്ട് സംസ്ഥാന നിയമസഭകളിലെയും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെയും ഫലം വ്യക്തമായ രാഷ്ട്രീയസൂചനകളാണ് നൽകുന്നത്. കേരളത്തിൽ യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും കെട്ടിപ്പൊക്കിയ ഭരണവിരുദ്ധ വികാരമെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. ഒപ്പം ന്യൂനപക്ഷ-, ഭൂരിപക്ഷ വർഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ യുഡിഎഫ് രാഷ്ട്രീയത്തിനുണ്ടായ അപചയവും പ്രകടമായി.

ചേലക്കരയിലെ ഫലം ഭരണവിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രതികരണമായിരിക്കുമെന്നാണ് യുഡിഎഫ്, ബിജെപി നേതാക്കളും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും അവകാശപ്പെട്ടത്. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 5174 വോട്ട് മാത്രമാണ് എൽഡിഎഫിന് ഇവിടെ അധികം ഉണ്ടായിരുന്നത്. അതാണ് 12,201 എന്ന മികച്ച ഭൂരിപക്ഷത്തിലേക്ക് മാറിയത്. ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ പൂർണമായും പിന്തുണയ്‌ക്കുന്നെന്നതിന്റെ തെളിവാണ് ചേലക്കരയിലുണ്ടായ വിജയം.

പാലക്കാട് കഴിഞ്ഞ നിയമസഭ– -ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്നു എൽഡിഎഫ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയേക്കാൾ പതിനയ്യായിരത്തോളം വോട്ടിന് പിന്നിലായിരുന്നെന്നതും വസ്തുതയാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അത് 2256 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 896 വോട്ട് അധികം ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 2653 വോട്ട് എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ അധികം നേടി. ഇതെല്ലാം കാണിക്കുന്നത് യുഡിഎഫ് മണ്ഡലമായ പാലക്കാടും എൽഡിഎഫ് നില മെച്ചപ്പെടുത്താനായെന്നാണ്. അതേസമയം യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിച്ചതെങ്ങനെയെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച പതിനൊന്നായിരത്തിലധികം വോട്ട് ഇത്തവണ കുറഞ്ഞു.

ഇവിടെ രണ്ടുകാര്യങ്ങൾ വെളിപ്പെടുന്നുണ്ട്. ഒന്ന്: കേരളത്തിൽ മുന്നേറുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ തകർച്ച. രണ്ട്: കോൺഗ്രസുമായുള്ള അന്തർധാര. കള്ളപ്പണത്തിൽ നാലുകോടി രൂപ കോൺഗ്രസ് എംപി ഷാഫി പറമ്പിലിന് കൊടുത്തവിവരം വെളിപ്പെടുത്തിയത് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ തന്നെയാണ്. ഇതു സംബന്ധിച്ച് കോൺഗ്രസോ ഷാഫിയോ ഇതുവരെ ഒന്നുംപറഞ്ഞിട്ടില്ല. രണ്ടുകൂട്ടരും തമ്മിലുള്ള അന്തർധാര ഇതിൽ വ്യക്തമാണ്. ഇതുപോലെ ബിജെപിയുടെ കുറേവോട്ടും യുഡിഎഫിന് കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം,  തീവ്ര വർഗീയ സംഘടനകളായ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുന്ന പ്രഖ്യാപിച്ച് ഒപ്പം കൂടി. ഒരു ഭാഗത്ത് ആർഎസ്എസുമായി കരാർ ഉണ്ടാക്കി ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ കച്ചവടം ചെയ്യുക. മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച് അവരുടെ വോട്ടുകളും സമാഹരിക്കുകയെന്ന ഏറ്റവും തരംതാണ രാഷ്ട്രീയ നിലപാടിലേക്കാണ് യുഡിഎഫ് അധഃപതിച്ചിരിക്കുന്നത്. അതിനായി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വർഗീയതയിലൂന്നിയായിരുന്നു യുഡിഎഫ് പ്രവർത്തനം.

തീവ്ര വർഗീയത പ്രചരിപ്പിക്കുന്ന എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒപ്പം കൂട്ടിയ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി തങ്ങൾ വർഗീയതയുമായി സന്ധി ചെയ്തെന്ന പിണറായി വിജയന്റെ പ്രസംഗംപോലും വർഗീയ പ്രചാരണത്തിനായി ഉപയോഗിച്ചു. ലീഗ് പ്രസിഡന്റിനെ വിമർശിച്ചാൽ അത് സമുദായത്തിനെതിരാകുമെന്ന തരത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. ഇങ്ങനെ എല്ലാത്തരം വർഗീയതയെയും കൂട്ടുപിടിച്ചാണ് പാലക്കാട് യുഡിഎഫിനുണ്ടായ താൽക്കാലിക വിജയമെന്ന് കാണാൻ വലിയ പ്രയാസമൊന്നുമില്ല.
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തിരിച്ചു വരുന്നെന്ന പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം.

കോൺഗ്രസിന് ബിജെപിയുമായി നേരിട്ടേറ്റുമുട്ടാനുള്ള ത്രാണി നഷ്ടപ്പെട്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്ര. തീവ്ര വർഗീയതയിലൂന്നി പ്രവർത്തിക്കുന്ന ബിജെപിക്ക് ബദലാകാൻ മൃദുവർഗീയതയെ താലോലിക്കുന്ന കോൺഗ്രസിനാകില്ലെന്ന യാഥാർഥ്യത്തിന് അടിവരയിടുകയാണ് ഈ ഫലം. ഇതിനുമുമ്പ്‌ ഹരിയാനയിലും ജമ്മു കശ്മീരിലും നാം ഇത് കണ്ടതാണ്. ഇവിടങ്ങളിലൊന്നും ബിജെപിയെ പിന്നിലാക്കാൻ കോൺഗ്രസിനായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി നേരിട്ടേറ്റുമുട്ടിയ ഗുജറാത്ത്,  മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസിന് പച്ചതൊടാനായില്ല. ജാർഖണ്ഡിൽ ജെഎംഎമ്മാണ് വർഗീയശക്തികളെ പിടിച്ചുകെട്ടിയത്. ജാർഖണ്ഡിൽ ജെഎംഎമ്മിനെ  ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബിജെപിയുടെയും തീവ്രവർഗീയത അവർ തള്ളിക്കളഞ്ഞു.

ആദിവാസി ജനവിഭാഗങ്ങൾ പൂർണമായും ജെഎംഎമ്മിനൊപ്പം നിന്നു. ബിജെപിക്കെതിരെ ജെഎംഎം ആണ്‌ മുഖ്യമായും പ്രചാരണം നയിച്ചത്‌. മുന്നണിയിലെ പ്രധാന രാഷ്ട്രീയപാർടിയായ കോൺഗ്രസിന്റെ മുൻനിര നേതാക്കൾ കാര്യമായി പ്രചാരണത്തിന്‌ എത്തിയില്ല. കോൺഗ്രസിന്‌ കിട്ടിയ സീറ്റുകൾപോലും ജെഎംഎമ്മിന്റെ സ്വാധീനത്താലാണ്‌. മഹാരാഷ്‌ട്രയിലെ സിപിഐ എം സിറ്റിങ്‌ സീറ്റായ ദഹാനുവിൽ  വിനോദ്‌ നിക്കോളയ്‌ക്ക്‌ ഉജ്വല വിജയമാണ്‌ ലഭിച്ചത്‌. ബിജെപിയുടെ  വിനോദ്‌ സുരേഷ്‌ മേധയെയാണ്‌ നിക്കോള 5133 വോട്ടിന്‌ തോൽപ്പിച്ചത്‌. പത്താം തവണയാണ്‌ സിപിഐ എം ഇവിടെ വിജയക്കൊടി പാറിച്ചത്‌. കൽവാനിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത് രണ്ടാംസ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.

കോൺഗ്രസിൽ ജനങ്ങൾക്കുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പൊതുവിൽ നൽകുന്ന പാഠം. വർഗീയതയുമായി സമരസപ്പെടുന്ന കോൺഗ്രസ് നയമാണ് ആ പാർടിയുടെ നാശത്തിന് കാരണമാകുന്നത്. അൽപ്പമെങ്കിലും വേരോട്ടമുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിന് പകരം താൽക്കാലിക നേട്ടത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നതാണ് കാണുന്നത്. ആപൽക്കരമായ കോൺഗ്രസ് രാഷ്ട്രീയത്തെ ജനങ്ങൾ കൈയൊഴിയുന്ന കാലം അതിവിദൂരമല്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top