കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ ) തൊഴിലാളികളെ കൊള്ളയടിക്കുന്ന സ്ഥാപനമായി മാറുകയാണെന്ന പരാതി പ്രതിദിനം ശക്തിപ്പെടുകയാണ്. കോടിക്കണക്കിന് അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട സ്ഥാപനം തൊഴിലാളിക്ക് ബാധ്യതയാകുന്ന ദുരവസ്ഥയിലാണിപ്പോൾ. തൊഴിലാളിയിൽനിന്നും തൊഴിൽ ഉടമയിൽനിന്നും പ്രതിമാസം പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ പൂർണമായും തൊഴിലാളിയുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ടതാണ്. എന്നാൽ, ഇതിന്റെ സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. നാമമാത്ര തൊഴിലാളി പ്രാതിനിത്യമുള്ള ബോർഡിനാണ് ഭരണമെങ്കിലും കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന കേന്ദ്ര ട്രസ്റ്റ് ബോർഡ് യോഗത്തിലും സർക്കാരിന്റെ താൽപ്പര്യം നടപ്പാക്കാനുള്ള നീക്കമാണുണ്ടായത്. രാജ്യത്തിന്റെ സമ്പത്താകെ കോർപറേറ്റ് മൂലധന ശക്തികൾക്ക് അടിയറവയ്‌ക്കുന്ന കേന്ദ്ര സർക്കാർ നയം ഇപിഎഫിലും നടപ്പാക്കാനുള്ള വ്യഗ്രതയാണ് പ്രകടിപ്പിക്കുന്നത്.
ഇപിഎഫ് നിധിയിലെ തുക ഓഹരി കമ്പോളത്തിൽ നിക്ഷേപിക്കാൻ വർഷങ്ങൾക്കു മുന്നേ തീരുമാനിച്ചതാണ്. നിധിയുടെ 10 ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് പടിപടിയായി വർധിപ്പിക്കണമെന്നാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ആവശ്യം. ഓഹരി വിപണിയിലെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) മാത്രമാണ് നിലവിൽ പണം നിക്ഷേപിക്കുന്നത്. അത് വിപണിയുടെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ച് ഓഹരി ചൂതാട്ടത്തിലൂടെ തൊഴിലാളികളുടെ പണം അപഹരിക്കാനുള്ള നീക്കമാണ് സജീവമായിരിക്കുന്നത്. നിലവിൽ ഇടിഎഫിൽ നാലു വർഷത്തേക്കാണ് നിക്ഷേപിക്കുന്നത്. അത് ഏഴുവർഷമാക്കാനും കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപത്തിന്റെ 50 ശതമാനം വീണ്ടും അവിടെത്തന്നെ നിക്ഷേപിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ നിർദേശം.
ഇതേസമയം, തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാനോ വർധിപ്പിക്കാനോ നടപടിയൊന്നുമില്ല. 1995ൽ നടപ്പാക്കിയ പെൻഷൻ പദ്ധതി തൊഴിലാളികൾക്ക് തെല്ലൊരു ആശ്വാസമായിരുന്നു. നാമമാത്രമായ തുകയാണ് കൊടുത്തുകൊണ്ടിരുന്നത്. കേരള സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ തുകയായ 1600 രൂപപോലും പിഎഫ് പെൻഷനായി കിട്ടാത്തവരാണ് ഭൂരിപക്ഷവും. ശമ്പളത്തിന് പരിധിവച്ച് പെൻഷൻ പരമാവധി കുറയ്‌ക്കുന്ന നടപടിയാണ് സ്വീകരിച്ചത്. 2014 മുതൽ ഈ സ്കീം തന്നെ ഇപിഎഫ്ഒ നിർത്തലാക്കി.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ നിരന്തര പോരാട്ടത്തിനും നിയമ യുദ്ധത്തിനും ഒടുവിൽ ഉയർന്ന പെൻഷൻ നൽകണമെന്ന് രണ്ടുകൊല്ലംമുമ്പ് സുപ്രീംകോടതി വിധിച്ചു. എന്നാൽ, അത് നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന് അശേഷം താൽപ്പര്യമില്ല. വിധി വന്ന് ഒരു വർഷത്തിനുള്ളിൽ ഉയർന്ന പെൻഷൻ വിതരണം പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ഇതുവരെ അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും നൽകിയിട്ടില്ലെന്നതാണ് യാഥാർഥ്യം. 17,48, 775 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 16,282 പേർക്ക് മാത്രമാണ് പെൻഷൻ അനുവദിച്ച് ഉത്തരവായത്. ഒന്നേകാൽ ലക്ഷത്തോളം ആളുകളിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ട ഉയർന്ന വിഹിതം വാങ്ങിയിട്ടുണ്ട്. ആറു ലക്ഷത്തോളം അപേക്ഷകൾ ഇതുവരെ പരിശോധിച്ചിട്ടുപോലും ഇല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മാത്രമല്ല, ഉയർന്ന പെൻഷൻ നടപടികൾ നിർത്തിവയ്‌ക്കാൻ ഇപിഎഫ്ഒ ആസ്ഥാനത്തുനിന്ന് വിവിധ സോണൽ ഓഫീസുകളിലേക്ക് അടിയന്തര സന്ദേശവും നൽകിയിട്ടുണ്ട്. ബംഗളൂരു സോണിൽ ഇത് നടപ്പാക്കി. ബാക്കി സ്ഥലങ്ങളിലും ഈ ഉത്തരവ് നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് പ്രചരിച്ചതോടെ ഉയർന്ന പെൻഷന് അപേക്ഷിച്ചവരും വലിയ തുക തിരിച്ചടച്ചവരും ആശങ്കയിലാണ്. കേരളത്തിൽ 79, 835 അപേക്ഷകരിൽ 779 പേർക്കു മാത്രമാണ് ഉയർന്ന പെൻഷൻ നൽകിത്തുടങ്ങിയത്. പെൻഷനുള്ള പുതിയ അപേക്ഷകളിലും ഇപ്പോൾ തീരുമാനം വൈകുകയാണ്.
ശമ്പളത്തിനനുസരിച്ച് പെൻഷൻ കിട്ടി വാർധക്യത്തിൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാമെന്ന് കണക്കുകൂട്ടിയവർ തീർത്തും നിരാശരാണ്. വിരമിക്കുന്ന വർഷത്തിൽ വാങ്ങിയ ശമ്പളത്തിനനുസരിച്ച് പെൻഷൻ നൽകേണ്ടതിനു പകരം ‘പ്രോറേറ്റ’ പ്രകാരമാണ് പെൻഷൻ കണക്കാക്കുന്നത്. മുമ്പ് ഒരു വർഷത്തെ ശമ്പളത്തിന്റെ ശരാശരിയെടുത്താണ് കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ അഞ്ച് വർഷത്തെ ശമ്പളത്തിന്റെ ശരാശരി വച്ചാണ് കണക്കാക്കുന്നത്. അതും 2014ഉം അതിനുശേഷവും എന്ന് തിരിച്ച് രണ്ട് ഘട്ടങ്ങളിലെ ശമ്പളത്തിന്റെ ശരാശരി വച്ച് പെൻഷൻ കണക്കാക്കുന്ന രീതിയാണ് പ്രോറേറ്റ. ഇതോടെ അമ്പതിനായിരത്തിനുമുകളിൽ ശമ്പളം വാങ്ങിയവർക്കുപോലും പതിനയ്യായിരത്തിനടുത്താണ് പെൻഷൻ ലഭിക്കുക. ഏഴ് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിട്ടാണ് ഈ ചെറിയ തുക കിട്ടുന്നത്. പെൻഷൻ അപേക്ഷ തീർപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ തന്നെയാണ് ന്യായമായി ലഭിക്കേണ്ട പെൻഷനിൽപോലും ഗണ്യമായ കുറവ് വരുത്തുന്നത്. ഒപ്പം ആവശ്യത്തിന് ജീവനക്കാരെ വച്ച് അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നതിലും കാലവിളംബം ഉണ്ടാക്കുകയാണ്. ഇങ്ങനെ എല്ലാ വിധത്തിലും തൊഴിലാളികളെ കൊള്ളയടിക്കുന്ന സ്ഥാപനമായി ഇപിഎഫ്ഒയെ മാറ്റുകയാണ് കേന്ദ്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..