13 December Friday

കർഷകരെ ശത്രുക്കളായി പ്രഖ്യാപിച്ച്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024


രാജ്യത്തെ അന്നദാതാക്കളായ കർഷകരോടുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശത്രുതാപരമായ നിലപാട്‌ ഐതിഹാസികമായ കർഷകസമരത്തിനുശേഷവും മാറ്റമില്ലാതെ തുടരുകയാണ്‌. ഉത്തർപ്രദേശിലെ നോയിഡയിലും പഞ്ചാബ്‌–- ഹരിയാന അതിർത്തിയായ ശംഭുവിലും കർഷകർക്കുനേരെ പൊലീസ്‌ നടത്തിയ അതിക്രമങ്ങൾ ബിജെപിയുടെ കർഷകവിരുദ്ധ നിലപാടിനെ കൂടുതൽ തുറന്നുകാട്ടുകയാണ്‌. ഹരിയാനയിലും യുപിയിലും ബിജെപിയാണ്‌ അധികാരത്തിൽ. ഭരണാധികാരികളുടെ കൃത്യമായ നിർദേശപ്രകാരമാണ്‌ കർഷകരെ വേട്ടയാടിയത്‌.

യുപിയിലെ ഗ്രേറ്റർ നോയിഡ- നോയിഡ മേഖലകളിൽ വർഷങ്ങളായി അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭത്തിലാണ്‌. നഗരവൽക്കരണത്തിനു മുമ്പ്‌ ഈ പ്രദേശങ്ങൾ കൃഷിയിടങ്ങളായിരുന്നു. 1997 മുതൽ ഗ്രേറ്റർ നോയിഡയിലെ 45 ഗ്രാമത്തിൽനിന്നായി റിയൽഎസ്‌റ്റേറ്റ്‌ വികസനത്തിനെന്ന പേരിൽ കർഷകരിൽനിന്ന്‌ സർക്കാർ ഭൂമി ഏറ്റെടുത്തു. 1997 മുതൽ 2002 വരെയുള്ള ബിജെപി ഭരണത്തിലാണ്‌  കൂടുതലും ഏറ്റെടുത്തത്‌. ഭൂമി നഷ്ടമായ കർഷകർക്ക്‌ പല വാഗ്‌ദാനങ്ങളും സർക്കാർ നൽകിയിരുന്നു. കർഷകർക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല. 2017ൽ യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായതിനുശേഷം പലപ്പോഴായി കർഷകർ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. കിസാൻസഭ നേതൃത്വം ഏറ്റെടുത്തതുമുതൽ പ്രക്ഷോഭങ്ങളുടെ തീവ്രത വർധിച്ചു. ഏറ്റെടുത്ത പ്ലോട്ടുകളിൽ 10 ശതമാനം കർഷകർക്ക്‌ അനുവദിക്കുക, 2013ലെ ഭൂമിഏറ്റെടുക്കൽ നിയമപ്രകാരം ഗ്രാമങ്ങളിലെ സർക്കിൾറേറ്റ്‌ നാലിരട്ടിയായി വർധിപ്പിക്കുക, ഏറ്റെടുത്ത ഓരോ ചതുരശ്രമീറ്റർ ഭൂമിക്കും 24,000 രൂപ എന്ന തോതിൽ നഷ്ടപരിഹാരം, എല്ലാ പാർപ്പിടപദ്ധതികളിലും 17.5 ശതമാനം കർഷകക്വോട്ട ഉറപ്പാക്കുക, പ്ലോട്ടുകളുടെ കുറഞ്ഞ വിസ്‌തീർണം 120 ചതുരശ്രമീറ്റർ എന്ന നയം പുനഃസ്ഥാപിക്കുക, എല്ലാ ഭൂരഹിത കുടുംബങ്ങൾക്കും 40 ചതുരശ്രമീറ്റർ പ്ലോട്ട്‌, നിർബന്ധിത തൊഴിൽനയം നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ്‌ കർഷകർ മുന്നോട്ടുവയ്‌ക്കുന്നത്‌.  

ആവശ്യങ്ങൾ നടപ്പാക്കാമെന്ന അധികാരികളുടെ ഉറപ്പിലായിരുന്നു റോഡ്‌ ഉപരോധമടക്കം മുമ്പ്‌ പലപ്പോഴായി നടത്തിയ പ്രക്ഷോഭങ്ങൾ പിൻവലിച്ചത്‌. എന്നാൽ, ഒരു ഘട്ടത്തിൽപ്പോലും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. ഇതോടെയാണ്‌ കിസാൻസഭയുടെ നേതൃത്വത്തിൽ ഒരാഴ്‌ചമുമ്പ്‌ സമരം പുനരാരംഭിച്ചത്‌. കിസാൻസഭ ഗ്രേറ്റർ നോയിഡ പ്രസിഡന്റ്‌ രൂപേഷ്‌ വർമയും മറ്റുമാണ്‌ നേതൃത്വത്തിലുള്ളത്‌. രാകേഷ്‌ ടിക്കായത്തിന്റെ ബികെയു അടക്കമുള്ള സംഘടനകളും പിന്തുണയ്‌ക്കുന്നുണ്ട്‌.

കഴിഞ്ഞയാഴ്‌ച ഡൽഹി അതിർത്തിയിലേക്ക്‌ മാർച്ച്‌ ചെയ്‌ത കർഷകരെ പൊലീസ്‌ തടഞ്ഞു. സ്‌ത്രീസമരക്കാരെ പുരുഷപൊലീസ്‌ ക്രൂരമായി മർദിച്ചു. കർഷകരെ ബലമായി അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. പൊലീസിന്റെ അടിച്ചമർത്തലിനെതിരായി വലിയ പ്രതിഷേധം ഉയർന്നതോടെ ഇവരെ വിട്ടയച്ചു. ഇതോടെ സമരം പുനരാരംഭിക്കാൻ കർഷകർ തീരുമാനിച്ചു. ഇത്‌ തടയുന്നതിനായി പൊലീസ്‌ രാത്രിയിൽ വീടുകളിലെത്തി കർഷകരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. നേതാക്കളെ വീട്ടുതടങ്കലിലാക്കി. കർഷകർ ജയിലിൽ നിരാഹാരത്തിലാണ്‌. ജയിലിൽ സമരത്തിലുള്ള കർഷകരെ കാണുന്നതിനായി എംപിമാരും എംഎൽഎമാരുമടക്കമുള്ള പ്രതിപക്ഷനേതാക്കൾ എത്തിയിട്ടും അനുവദിച്ചില്ല. കർഷകസമരത്തിന്‌ പൂർണ പിന്തുണ അറിയിച്ചുകൊണ്ട്‌ സിപിഐ എം അടക്കമുള്ള പാർടികൾ രംഗത്തുവന്നിട്ടുണ്ട്‌. ജയിലിലുള്ളവരെ വിട്ടയക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്‌തില്ലെങ്കിൽ ഗ്രേറ്റർ നോയിഡയിലെ കർഷകസമരത്തിന്‌ വീണ്ടും ചൂടുപിടിക്കും.

പഞ്ചാബ്‌ അതിർത്തിയിൽ ഹരിയാന പൊലീസാണ്‌ കർഷകരെ ക്രൂരമായി നേരിട്ടത്‌. മിനിമം താങ്ങുവില നിയമാനുസൃതമായി ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി ഒരു വിഭാഗം കർഷകസംഘടനകൾ ഡൽഹിയിലേക്ക്‌ പ്രഖ്യാപിച്ച മാർച്ച്‌ തടയുകയായിരുന്നു ലക്ഷ്യം. സമാധാനപരമായ മാർച്ചിനുനേർക്ക്‌ പൊലീസ്‌ നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും മറ്റും നിരവധി പേർക്ക്‌ പരിക്കേറ്റു. നിലവിൽ ഹരിയാന, യുപി, രാജസ്ഥാൻ എന്നിങ്ങനെ ഡൽഹിക്കു ചുറ്റുമായുള്ള മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയാണ്‌ ഭരണത്തിൽ. രാജ്യതലസ്ഥാനത്തേക്ക്‌ വീണ്ടുമൊരിക്കൽക്കൂടി കർഷകർ സമരവുമായി എത്തുന്നത്‌ തടയാൻ ഈ മൂന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നുവേണം അനുമാനിക്കാൻ. ഐതിഹാസികമായ കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ കേന്ദ്രം നൽകിയ ഉറപ്പുകളൊന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ല. അദാനിപോലുള്ള വ്യവസായികൾക്കായി എല്ലാ ഒത്താശയും ചെയ്യുന്ന ബിജെപി സർക്കാരാണ്‌ കർഷകരെ ശത്രുക്കളായി കാണുന്നത്‌. സംഘപരിവാറിന്റെ കർഷകവിരുദ്ധ നിലപാടിൽ തിരുത്തലുണ്ടായില്ലെങ്കിൽ കർഷകസംഘടനകളുടെ കൂട്ടായ സമരപ്രക്ഷോഭങ്ങൾ രാജ്യത്ത്‌ വീണ്ടും കരുത്താർജിക്കുമെന്ന്‌ തീർച്ച.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top