12 December Thursday

കമീഷനു മുന്നിൽ ഐക്യശബ്‌ദം , പ്രതീക്ഷയോടെ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


കേരളത്തെ കേട്ട്‌ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ മടങ്ങി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒറ്റക്കെട്ടായി കമീഷനു മുന്നിൽ അക്കമിട്ട്‌ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംസ്ഥാന സർക്കാരിന്‌ അഭിമാനിക്കാം. വിവിധ രാഷ്‌ട്രീയ പാർടികളുടെ നേതൃത്വത്തെ ഇക്കാര്യത്തിൽ ഒരു കുടക്കീഴിൽ അണിനിരത്താൻ സർക്കാരിന്‌ കഴിഞ്ഞു. ഇനി ധനകമീഷനാണ്‌ തീരുമാനമെടുക്കേണ്ടത്‌. കേന്ദ്രസർക്കാരിന്റെ നിലപാടും നിർണായകമാകും. കേരളത്തിന്‌ അർഹമായ നികുതിവിഹിതം കിട്ടുന്നില്ലെന്ന്‌ കമീഷനെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ്‌ ചർച്ചയിലെ പ്രധാന നേട്ടം.

ജിഎസ്‌ടിയിലൂടെ കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തിന്റെ ചിറകരിഞ്ഞു. കേന്ദ്രം ചുമത്തുന്ന പ്രത്യക്ഷ – പരോക്ഷ നികുതിക്ക്‌ പുറമെ സെസ്‌, മറ്റ്‌ ചാർജുകൾ, സ്‌പെക്‌ട്രം വിൽപ്പന തുടങ്ങിയവയിലൂടെ പൊതുവരുമാനം മുഴുവൻ കേന്ദ്രത്തിലേക്ക്‌ മുതൽക്കൂട്ടുകയാണ്‌.  പൊതുചെലവിന്റെ 63 ശതമാനവും വഹിക്കുന്ന സംസ്ഥാനങ്ങൾക്കാകെ നികുതി വരുമാനത്തിന്റെ 41 ശതമാനം മാത്രമാണ്‌ 15–ാം കമീഷൻ ശുപാർശ ചെയ്തത്. കേരളത്തിനാകട്ടെ ഇതിന്റെ 1.925 ശതമാനം മാത്രവും. 10–-ാം ധനകമീഷന്റെ കാലത്ത്‌ ഇത്‌ 3.8 ആയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും ഇതേ സ്ഥിതി. പത്താം ധനകമീഷൻ അനുവദിച്ച 4.54 ശതമാനമെന്നത്‌ ഇപ്പോൾ 2.68 ആയി. ഒപ്പം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തിൽനിന്ന്‌ 60 ആയും ചുരുക്കി.

15–-ാം ധനകമീഷന്റെ മാനദണ്ഡങ്ങളും തീരുമാനങ്ങളുമാണ്‌ മനുഷ്യവിഭവശേഷി വികസനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്ക്‌ വിനയായത്‌. ജനസംഖ്യാനിയന്ത്രണം, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ  മുന്നേറ്റം എന്നിവ മാനദണ്ഡമാക്കിയപ്പോൾ നേട്ടങ്ങൾ നമുക്ക്‌ വിനയായി. എന്നാൽ, സംസ്ഥാനത്തിന്റെ രണ്ടാംതലമുറ വികസന പ്രശ്‌നങ്ങൾ കണക്കിലെടുക്കാൻ മുൻ കമീഷൻ തയ്യാറായില്ല. ഒപ്പം പശ്ചാത്തല വികസനത്തിൽ കേരളം നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്തില്ല. ഫലത്തിൽ കേരളത്തിനുള്ള നികുതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. 

വിഭജിക്കാവുന്ന കേന്ദ്ര വരുമാനത്തിന്റെ വിഹിതത്തിലെ അസമത്വം കുറയ്‌ക്കാൻ കേരളം വളരെ ശ്രദ്ധേയമായ നിർദേശങ്ങളാണ്‌ കമീഷനിൽ നൽകിയത്‌. കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്‌ക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം മാനദണ്ഡങ്ങൾമൂലം കേരളത്തിന്റെ വിഹിതത്തിലുള്ള കുറവ്‌ പരിഹരിക്കാൻ ഭൂവിസ്‌തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15  ശതമാനത്തിൽനിന്ന് അഞ്ചാക്കുക, ജനസംഖ്യാടിസ്ഥാന വിഹിതം 15 ശതമാനത്തിൽനിന്ന് 32.5 ആക്കുക, ഇതിന്‌ 1971ലെ സെൻസസ് അടിസ്ഥാനമാക്കുക,  വനമേഖലാ മാനദണ്ഡമനുസരിച്ചുള്ള വിഹിതം 10 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറയ്‌ക്കുക  തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു. 

പ്രകൃതിദുരന്തങ്ങൾ ഏറുന്നതും അത്‌ സംസ്ഥാനത്തിനുണ്ടാക്കുന്ന അധികബാധ്യതയും കമീഷന്റെ ശ്രദ്ധയിൽകൊണ്ടുവന്നു. അടിയന്തര ദുരന്തപ്രതികരണ പ്രവർത്തനങ്ങളുടെ ചെലവുകൾ 40 മടങ്ങിലേറെ ഉയർന്നു. ഇതെല്ലാം പരിഗണിച്ച്‌ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്രവിഹിതം 100 ശതമാനം ഉയർത്തണമെന്നും ആവശ്യപ്പെട്ടു. ഇവ കണക്കിലെടുക്കുമെന്ന്‌ കമീഷൻ ചെയർമാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

അതേസമയം കോവിഡ്‌, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി നേരിടേണ്ടിവന്നപ്പോഴും ഉയർന്ന സാമ്പത്തികവളർച്ചയും അതിൽ സ്ഥിരതയും കൈവരിക്കാൻ കേരളത്തിനായിട്ടുണ്ടെന്നും കമീഷനെ ബോധ്യപ്പെടുത്തി. ധനകമീഷനിൽ സംസ്ഥാനത്തിന്റെ ധനാവകാശങ്ങൾ നിരത്താൻ കേരളം വളരെ മുന്നേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കേന്ദ്രനയം സാമ്പത്തികമായി ഞെരുക്കുന്ന സംസ്ഥാനങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ സംസ്ഥാനസർക്കാർ നേതൃപരമായ പങ്കാണ്‌ വഹിച്ചത്‌. തമിഴ്‌നാട്‌, പഞ്ചാബ്‌, കർണാടകം, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം കേരളം വിളിച്ചുചേർത്തിരുന്നു. ഇതിൽ ധനകമീഷനിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ ഐക്യം ഉണ്ടാക്കാനായി. ഒപ്പം സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ പാർടികളുടെ നേതൃത്വവുമായി ചർച്ചചെയ്‌ത്‌ അവിടെയും അഭിപ്രായഐക്യം ഉണ്ടാക്കി. ഇങ്ങനെ വിവിധ തലങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലാണ്‌ സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി അഭിപ്രായഐക്യത്തിന്റെ രൂപത്തിൽ ധനകമീഷനു മുന്നിലെത്തിയത്‌. മറ്റ്‌ സംസ്ഥാനങ്ങളും സമാനനിർദേശങ്ങൾ ഉയർത്തുമ്പോൾ ധനകമീഷന്‌ അവ പരിഗണിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top