വമ്പനൊരു പ്രതിസന്ധിയുടെ നടുവിലാണ് ഇന്ത്യ. ഇത് ഏതാണ്ട് സ്വയംകൃതാനർഥവുമാണ്. നവഉദാര സാമ്പത്തിക നയത്തിന്റെ ‘എഞ്ചുവടി' തുടർച്ചയായി നടപ്പാക്കിയതിന്റെ ദുരന്തഫലം. ആരാൻ പറഞ്ഞതുകേട്ട് ഈ നയം നടപ്പാക്കിയ രാജ്യങ്ങളിലെല്ലാമുണ്ടായ സാഹചര്യങ്ങൾ ഇന്ത്യയിലും തുടർച്ചയായി സംഭവിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ ( ജിഡിപി) വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞെന്ന റിപ്പോർട്ടുകൾ. ദേശീയ സ്ഥിതിവിവര സംഘടനയുടെ റിപ്പോർട്ടു പ്രകാരം നടപ്പുധന വർഷത്തിലെ (2024–--25) ജൂലൈ–-- സെപ്തംബർ കാലയളവിൽ ജിഡിപി വളർച്ച 5.4 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ ഏഴു പാദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. (ഒരു പാദം മൂന്നുമാസം).
ആഭ്യന്തരോൽപ്പാദനത്തിലെ തകർച്ചയ്‌ക്കൊപ്പം രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, നിക്ഷേപമാന്ദ്യം, ഉപഭോഗച്ചെലവിലെ കുറവ്, സാധനങ്ങൾക്ക് ഡിമാൻഡില്ലായ്മ, കയറ്റുമതിയിലെ ഇടിവ്, വ്യാപാരക്കമ്മി, കടത്തിലെ വർധന, രൂപയുടെ തകർച്ച എന്നിങ്ങനെ ബഹുമുഖ പ്രതിസന്ധികളാണ് ഇന്ത്യ നേരിടുന്നത്. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന നരേന്ദ്ര മോദിയും നിർമല സീതാരാമനുമൊന്നും ഇത് അംഗീകരിക്കില്ലെന്നുമാത്രം. ജിഡിപിയിൽ ഉൽപ്പന്ന നിർമാണമേഖലയിലാണ് വൻ പിന്നോട്ടടി. ഇവിടെ വളർച്ച 2.2 ശതമാനംമാത്രം. കഴിഞ്ഞ വർഷം ജൂലൈ– -സെപ്തംബർ കാലയളവിൽ 14.3 ശതമാനമായിരുന്നു ഈ മേഖലയിലെ വളർച്ചാനിരക്ക്. ഖനനം, ക്വാറി, സേവന രംഗങ്ങളിലും പിന്നോട്ടടി വ്യക്തം.
സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ മാന്ദ്യം നിഴലിക്കുന്നതിന്റെ കൃത്യമായ സൂചനകളാണ് ഇതെല്ലാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണെന്ന് ധനമേഖലയിലെ പ്രമുഖ ഏജൻസിയായ നോമുറ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നടപ്പു വർഷത്തിലെ വളർച്ചാ നിരക്ക് 6.7 ശതമാനമായി ഇടിയുമെന്ന് അവർ പ്രവചിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് 7.2 ശതമാനവും സാമ്പത്തിക സർവേ ഏഴു ശതമാനവും കണക്കുകൂട്ടുമ്പോഴാണ് 6.7 ശതമാനമായി കുറയുമെന്ന് നോമുറ വിലയിരുത്തിയത്. ഇപ്പോഴിതാ, ജൂലൈ–- സെപ്തംബർ കാലയളവിൽ 5.4 ശതമാനമായി ഇടിഞ്ഞതായി ഔദ്യോഗിക കണക്കുതന്നെ വന്നിരിക്കുന്നു.
ഉപഭോക്തൃസൂചികയെ അടിസ്ഥാനമാക്കിയുള്ള ഒക്ടോബറിലെ വിലക്കയറ്റ നിരക്ക് 6.2 ശതമാനമായെന്ന റിപ്പോർട്ടും വന്നത് അടുത്ത ദിവസങ്ങളിലാണ്. ഗ്രാമീണ മേഖലയിൽ ഇത് 6.68 ശതമാനമാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 10.87 ശതമാനം. പച്ചക്കറികളുടെ വിലക്കയറ്റം 42.18 ശതമാനം. സവാള വില 100 രൂപയും കടന്ന് കുതിച്ചു. ഇങ്ങനെ വിലക്കയറ്റം രൂക്ഷമാകുമ്പോൾ വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടിയിരിക്കുന്നു. 19 കിലോ സിലിണ്ടറിന് 16.50 രൂപയുടെ വർധന.
പൊതുവിൽ പറഞ്ഞാൽ, ഒരു ജനതയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നിതാന്തമായ ഒട്ടേറെ പ്രശ്നങ്ങൾ രാജ്യം നേരിടുന്നു. മോദിഭരണം ഇത് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, സ്ഥിതി വഷളാക്കുന്ന നടപടികൾ തുടർച്ചയായി സ്വീകരിക്കുകയും ചെയ്യുന്നു. റിസർവ് ബാങ്കിന്റെ പണനയവും കേന്ദ്ര സർക്കാർ ക്ഷേമ-മൂലധനച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും ഈ വഴിയിലുള്ളതുതന്നെ. ജനങ്ങൾക്ക് തൊഴിലും വരുമാനവും ഇല്ലാത്തതുമൂലം രാജ്യത്തിന്റെ ക്രയവിക്രയശേഷി കുറഞ്ഞതും കമ്പോളത്തിലെത്തുന്ന സാധനങ്ങൾക്ക് ഡിമാൻഡില്ലാത്തതുമാണ് മുഖ്യ പ്രശ്നം.
വിലക്കയറ്റം തടയാനെന്ന പേരിൽ പലിശ നിരക്ക് റിസർവ് ബാങ്ക് വർധിപ്പിച്ച് നിർത്തിയിരിക്കുകയാണ്. പലിശ കുറയ്ക്കുന്നേയില്ല. പലിശ കുറച്ചാൽ, ബാങ്കുകളിൽനിന്നുള്ള വായ്പയെല്ലാം കമ്പോളത്തിലേക്ക് ഒഴുകി സാധനങ്ങളുടെ ഡിമാൻഡ് വീണ്ടും കൂടുമെന്നാണ് ആർബിഐയുടെ വാദം. ഡിമാൻഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റമെന്നത് ഒരു കാര്യം. തൊഴിലും വരുമാനവുമില്ലാതെ എങ്ങനെ ഡിമാൻഡ് കൂടും. ബാങ്ക് വായ്പയെല്ലാം പണമായി സാധാരണക്കാരുടെ പോക്കറ്റിൽ എത്തുന്നില്ല എന്നത് മറ്റൊരു കാര്യം. വായ്പകൾ പലതും വൻകിടക്കാർക്കാണ് കിട്ടുന്നത്. പിന്നെ കുറെയൊക്കെ നിക്ഷേപമായി സമ്പദ്‌വ്യവസ്ഥയിലെത്തും. പലിശ കൂട്ടി വായ്പകൾ കുറയ്ക്കുന്നതുവഴി വാസ്തവത്തിൽ സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങൾ മരവിക്കുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ പണനയംകൊണ്ട് വിലക്കയറ്റം തടയാനാകില്ല. അതിന് ശക്തമായ സർക്കാർ ഇടപെടൽ വേണം. എന്നാൽ പെട്രോൾ, ഡീസൽ, പാചക വാതക വില കൂട്ടി കേന്ദ്രസർക്കാർതന്നെ വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു. കേന്ദ്രസർക്കാർ പൊതു- ക്ഷേമ, മൂലധനച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും സമ്പദ്‌വ്യവസ്ഥയെ തളർത്തും. മാന്ദ്യത്തിലേക്ക് തള്ളിവിടും. നവഉദാരനയം എന്ന പിഴച്ച ചുവടുകൾ പിന്നോട്ടെടുക്കുക മാത്രമാണ് പ്രശ്നത്തിന് പരിഹാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..