കാലാവസ്ഥാ വ്യതിയാനം ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. രണ്ടു പതിറ്റാണ്ടായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുകയാണ് എല്ലാ ഭൂഖണ്ഡവും. ഇപ്പോൾ ഇതിന്റെ പ്രത്യാഘാതം രൂക്ഷമായി. ആഗോള താപനില തന്നെ മാറിമാറിയുകയാണ്. വർധിച്ചുവരുന്ന സമുദ്ര താപനില, കടൽകടന്നുകയറ്റം, ഉഷ്‌ണതരംഗം, മിന്നൽപ്രളയങ്ങൾ, അതിതീവ്രമഴ, മണ്ണിടിച്ചിൽ, ഹിമപാളികളുടെ ഉരുകൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗത്തും പതിവാകുന്നു. ശാസ്‌ത്രസാങ്കേതിക മേഖലയിൽ ഏറെ മുന്നിൽനിൽക്കുന്ന അമേരിക്കയും ജപ്പാനും ചൈനയും യൂറോപ്യൻ രാജ്യങ്ങളും വൻദുരന്തങ്ങൾക്കാണ് സാക്ഷിയായത്. ഈ രാജ്യങ്ങളിൽ കൊടുങ്കാറ്റും പ്രളയങ്ങളും മുൻകൂട്ടി പ്രവചിക്കുന്നതിലൂടെ മനുഷ്യരുടെ മരണനിരക്ക് കുറയ്‌ക്കാനാകുന്നുണ്ടെങ്കിലും നാശനഷ്ടം വൻതോതിലാണ്. ഇന്ത്യയിലെ പല സംസ്ഥാനത്തും പ്രകൃതിദുരന്തങ്ങൾ വർധിക്കുന്നു. കേരളത്തിനു പുറമെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖല, പശ്ചിമബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകുന്ന അതിതീവ്രമഴയും മിന്നൽപ്രളയങ്ങളും വ്യാപകം. അനേകം മനുഷ്യജീവനുകൾ കവരുന്നതോടൊപ്പം ഓരോ ദുരന്തവും ജനവാസമേഖലകളെയും തുടച്ചുനീക്കുന്നു. അസമിൽ ഓരോ പ്രളയത്തിലും ബ്രഹ്മപുത്രയുടെ ഇരുതീരത്തുമുള്ള നിരവധി ഗ്രാമങ്ങൾ ഇല്ലാതാകുന്നു. ആയിരക്കണക്കിനാളുകൾ മരിച്ചു. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും മിന്നൽപ്രളയങ്ങളിലെ മണ്ണിടിച്ചിലിൽ ജനവാസകേന്ദ്രങ്ങൾ അപ്പാടെ തുടച്ചുനീക്കപ്പെടുന്നു. പാവപ്പെട്ട നൂറുകണക്കിനാളുകൾ മരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പലപ്പോഴും പുറംലോകം അറിയുന്നില്ല. ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽമാത്രം അഞ്ചുവർഷത്തിനിടെ രണ്ടായിരത്തിലേറെപ്പേരാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽപ്പോലും അപ്രതീക്ഷിത പ്രളയമുണ്ടാകുന്നു.
രാത്രിയിൽ പെയ്തിറങ്ങിയ അതിതീവ്രമഴയിൽ ഏറ്റവുംവലിയ പ്രകൃതിദുരന്തത്തിനാണ് കഴിഞ്ഞദിവസം കേരളവും സാക്ഷിയായത്. വയനാട് ജില്ലയിലെ ഒരു പ്രദേശവും അവിടത്തെ ജനങ്ങളുമാകെ ഉരുൾപൊട്ടലിൽ ഒലിച്ചില്ലാതാകുന്ന കരളലയിപ്പിക്കുന്ന കാഴ്‌ചയായിരുന്നു അത്. സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നു. ഓഖി, രണ്ടു പ്രളയം, ഒട്ടേറെ ഉരുൾപൊട്ടൽ ഒക്കെയുണ്ടായി. 2018ലെ മഹാപ്രളയത്തിനുശേഷം പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകളും പ്രദേശങ്ങളും മറഞ്ഞുപോയി. കേരളത്തിലെ കാലാവസ്ഥയിൽ 2015നു ശേഷം അസ്വാഭാവികമായ മാറ്റമാണ് ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതത്തോടൊപ്പം പ്രാദേശിക കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളുമുണ്ട്. ജൂലൈ 23 മുതൽ 29 വരെ കേരളത്തിൽ മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. മുണ്ടക്കൈ മേഖലയിൽ അതിതീവ്രമഴയിൽ 29ന് അർധരാത്രിക്കുശേഷം രണ്ടു വട്ടം ശക്തമായ ഉരുൾപൊട്ടലുണ്ടായിക്കഴിഞ്ഞ് 30നു രാവിലെ ആറിനാണ് റെഡ് അലർട്ട് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രദേശത്ത് 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴ പെയ്‌തു. മുന്നറിയിപ്പ് നൽകിയതിലും എത്രയോ വലിയ അളവിലാണ് മഴയുണ്ടായത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മണ്ണിടിച്ചിൽ സാധ്യതയും കേന്ദ്ര ജല കമീഷൻ ഇരുവഴിഞ്ഞിപ്പുഴയിലോ, ചാലിയാറിലോ പ്രളയമുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പിന് അനുസരിച്ച് കേരളം എല്ലായ്‌പ്പോഴും മുൻകരുതൽ സ്വീകരിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ദുരന്തത്തിന്റെ വ്യാപ്‌തി പലപ്പോഴും ലഘൂകരിക്കുകയും ചെയ്‌തിട്ടുണ്ട്.
കേരളത്തിൽ വളരെ പെട്ടെന്ന് വലിയ അളവിൽ മഴയുണ്ടാകുന്നതിന്റെ കാരണത്തിലൊന്ന് അറബിക്കടൽ ചൂടുപിടിക്കുന്നതാണ്. ലോകത്തിലെ വിവിധ സമുദ്രങ്ങൾ ചൂടാകുന്നതിന്റെ രണ്ടിരട്ടിയാണ് അറബിക്കടലിലെ ചൂടിന്റെ തോത്. അതുകൊണ്ടുതന്നെ ഏതു സമയവും കൂമ്പാരമേഘങ്ങൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടാം. ഒപ്പം പശ്ചിമഘട്ടത്തിന്റെ സാന്നിധ്യംകൊണ്ട് നീരാവി നിറഞ്ഞ കാറ്റിന് വളരെവേഗം മുകളിലേക്കുയരാനും പുതിയ മേഘങ്ങളുണ്ടാക്കാനും കഴിയും. അതിതീവ്രമഴ ഉണ്ടാകുന്നിടത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനും സാധ്യത സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രവചനകേന്ദ്രങ്ങളുടെ പ്രവർത്തനം കുറെക്കൂടി ശാസ്‌ത്രീയവും ആധുനികവുമാക്കണം. ലോകത്താകെയുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനം കുറ്റമറ്റതാക്കി ഓരോ ചെറിയ കാലാവസ്ഥാ മാറ്റവും അതത് പ്രദേശങ്ങളിൽ കൃത്യസമയത്ത് അറിയിക്കാൻ കഴിയണം. അതിതീവ്രമഴയ്‌ക്ക് കാരണമാകുന്ന കൂമ്പാരമേഘങ്ങൾ രൂപംകൊള്ളുന്നതും അവയുടെ സഞ്ചാരപാതയും കൃത്യമായി കണ്ടെത്തുന്നതിനായി ഉപഗ്രഹ സഹായത്തോടെ കാലാവസ്ഥാ വകുപ്പിന്റെ റഡാർ സ്‌റ്റേഷനുകളുടെയും മറ്റും പ്രവർത്തനം കാര്യക്ഷമമാക്കി പ്രവചനം ശരിയായ രീതിയിലാക്കേണ്ടതിലേക്ക് വിരൽചൂണ്ടുകയാണ് വയനാട്ടിലെ ദുരന്തം. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പ്രകൃതിദുരന്ത മുന്നറിയിപ്പുമായി ബന്ധപ്പെട്ടും സർക്കാർ രൂപീകരിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ജനങ്ങളും തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..