08 September Sunday

ഈ ‘ഷട്ട്‌ഡൗൺ’ ഒരു മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റംവരുത്താനും ഒരു തടസ്സവുമില്ലാതെ എത്ര പകർപ്പ് വേണമെങ്കിലും എടുത്തുപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ  –- വിക്കിപീഡിയ.
നേരെ വിപരീതാർഥമാണ്‌ പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ പ്രൊഫഷണൽ സോഫ്‌റ്റ്‌വെയറിനുള്ളത്‌. പറയുന്ന വിലയ്ക്ക്‌ വാങ്ങണം, ഒരു ഇടപെടലും നടക്കില്ല, നമ്മുടെ സൗകര്യത്തെ മാനിക്കുന്നുമില്ല. അവർ നമ്മുടെ കംപ്യൂട്ടർ വഴി എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്യുന്നതെന്ന വിവരംപോലും തരാതെ അടച്ചുവച്ചിരിക്കുന്നു.

ലോകം വൈജ്ഞാനികതയുടെ ചിറകിൽ സഞ്ചരിക്കുമ്പോൾ അതിന്റെ കുത്തകാവകാശം കോർപറേറ്റ്‌ കമ്പനികൾ കൈവശം വയ്ക്കണോ, അതോ ഈ രംഗത്ത്‌ അതിവിദഗ്ധർക്കടക്കം ആർക്കും ഇടപെടാവുന്ന വിധത്തിൽ, മനസ്സിലാക്കാനും മാറ്റിമറിക്കാനും പറ്റുന്നവിധം തുറസ്സായി വയ്ക്കണോ എന്നതാണ്‌ ചോദ്യം.

ഈ ചോദ്യത്തിന്‌ ഒരുപരിധിവരെ സുന്ദരമായ ഉത്തരം കൊണ്ടുവന്നിരിക്കുകയാണ്‌ മൈക്രോസോഫ്‌റ്റ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിനു വന്ന തകരാറിനെ തുടർന്ന്‌ ലോകമാകെ പടർന്ന പ്രതിസന്ധി. അവർ ഉപയോഗിക്കുന്ന സുരക്ഷാസംവിധാനമായ ‘ക്രൗഡ്‌ സ്‌ട്രൈക്കി’ലെ അപ്‌ഡേഷനെ തുടർന്ന്‌ വെള്ളിയാഴ്‌ച രാവിലെ ഒന്നേകാൽ മണിക്കൂറിനുള്ളിൽ സംഭവിച്ച ‘ഷട്ട്‌ ഡൗൺ’ ഒരു മുന്നറിയിപ്പാണ്‌. സെർവറുകളടക്കം 80 ലക്ഷത്തിലധികം കംപ്യൂട്ടറുകളാണ്‌ തകരാറിലായതെന്ന്‌ മൈക്രോസോഫ്‌റ്റ്‌ സ്ഥിരീകരിച്ചു. ബുക്കിങ്‌, റിസർവേഷൻ, ചെക്കിൻ തുടങ്ങിയവ തടസ്സപ്പെട്ട്‌ ആയിരക്കണക്കിന്‌ വിമാന സർവീസാണ്‌ റദ്ദാക്കിയത്‌. ഓസ്‌ട്രേലിയയിലും യുകെയിലും ഡിജിറ്റൽ പണമിടപാട്‌ നിലച്ചു. ആശുപത്രികളിൽ പരിശോധനയും പ്രവേശനവും നിലച്ചു.  ലണ്ടൻ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനെയും ജപ്പാനിൽ മക്ഡൊണാൾഡ്‌സ്  അടക്കം വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു.
 
‘ പ്രസിഡന്റ്‌ ബൈഡനെ കാര്യങ്ങൾ ധരിപ്പിച്ചു’ എന്ന്‌ വൈറ്റ്‌ഹൗസ്‌ വാർത്താക്കുറിപ്പിറക്കി. ഇന്ത്യയിലെ കംപ്യൂട്ടർ സുരക്ഷാ വിദഗ്ധസംഘം (സെർട്ട്‌ –- ഇൻ)  വിശേഷിപ്പിച്ചു: ‘നിർണായകം’.

ജനറേറ്റീവ്‌ എഐ അടക്കം സാങ്കേതികവിദ്യയിൽ അതിവേഗം സഞ്ചരിക്കുമ്പോൾ വിജ്ഞാനമേഖലയുടെ സൂക്ഷിപ്പും നിയന്ത്രണവും ലാഭക്കൊതിയരായ കോർപറേറ്റുകളുടെ കൈയിലിരിക്കുന്നതിനാലുള്ള അത്യാപത്തിന്റെ ചെറിയ ഉദാഹരണമാണ്‌ ഇപ്പോൾ കണ്ടത്‌. എന്നാൽ, ചൈനയിൽ കളിപ്പാട്ടത്തിന്റെ സോഫ്‌റ്റ്‌വെയർ തകരാറിലായാൽ ആഘോഷിക്കുന്ന കോർപറേറ്റ്‌ മാധ്യമങ്ങളും വാർത്താ ഏജൻസികളും ഈ പ്രശ്നത്തെ എത്രമാത്രം തുറന്നുകാണിച്ചെന്നതും ചർച്ച ചെയ്യേണ്ടതാണ്‌.

ഇവിടെയാണ്‌ ഫിൻലൻഡ്‌കാരനായ വിദ്യാർഥി  ലിനസ്‌ ബെനഡിക്ട്‌ തുടങ്ങിവയ്ക്കുകയും റിച്ചാർഡ്‌ സ്‌റ്റാൾമാൻ ലോകത്തിനാകെ പുതിയ പ്രകാശമായി വളർത്തിയെടുക്കുകയും ചെയ്ത ‘സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ’ പ്രസ്ഥാനത്തിന്റെ പ്രസക്തി. ചില അന്താരാഷ്‌ട്ര മാധ്യമങ്ങൾ തന്നെ റിപ്പോർട്ട്‌ ചെയ്തു: ‘ ഇന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനത്ത്‌ പ്രതിസന്ധി സർക്കാർ–- പൊതുമേഖലയിൽ ബാധിച്ചില്ല.’
2006ൽ വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌ കേരളം സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സംവിധാനത്തിലേക്ക്‌ മാറിയത്‌. ആർച്ച്‌ ലിനക്സ്‌, ഉബുണ്ടു, ഡെബിയൻ, ഫെഡൊറ തുടങ്ങിയ പേരുകളെല്ലാം ഇവിടെ  സുപരിചിതമാണ്‌. സ്കൂളുകളിൽനിന്ന്‌ ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയിലേക്കും ക്ലൗഡ്‌ സംവിധാനത്തിലേക്കും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ  കടന്നുകഴിഞ്ഞു. കോർപറേറ്റുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സുരക്ഷാപ്രശ്നമൊന്നും ഉണ്ടായിട്ടില്ല. കാരണം, സർവസന്നദ്ധരായ ഒരു ലോകംതന്നെ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനു പിന്നിൽ കണ്ണുതുറന്നിരിപ്പുണ്ട്‌. അതിനെ വിശ്വാസത്തിലെടുക്കുകയെന്നത് കാഴ്‌ചപ്പാടിന്റെകൂടി പ്രശ്നമാണ്‌.
രണ്ടാം പിണറായി സർക്കാർ നയപ്രഖ്യാപനത്തിൽ കൃത്യമായി പറഞ്ഞു: ‘ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഫ്‌റ്റ്‌വെയറും ഓപ്പൺ ഹാർഡ്‌വെയർ ലാബ്‌ ഫോർ സസ്‌റ്റെയിനബിൾ ഡെവലപ്‌മെന്റ്‌ സൊല്യൂഷൻസും സർക്കാർ സ്ഥാപനങ്ങൾക്കായി ഐഒടി അധിഷ്ഠിത സൊല്യൂഷനുകളും രൂപകൽപ്പന ചെയ്യും. ’ വിജ്ഞാനത്തെ പൊതുവൽക്കരിക്കലാണ്‌ സാമൂഹ്യ ഉത്തരവാദിത്വമെന്ന തിരിച്ചറിവാണതിനു പിന്നിൽ.

‘‘ മൈക്രോസോഫ്‌റ്റിനുതന്നെ അവരെ സംരക്ഷിക്കാൻ കഴിയുന്നില്ല, പിന്നെ നിങ്ങളെ ആരു സംരക്ഷിക്കും? ’’ എന്ന പരസ്യവാചകംവച്ച്‌ ശ്രദ്ധ നേടിയ കമ്പനിയാണ്‌ ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കിയ ‘ക്രൗഡ്‌ സ്‌ട്രൈക്ക്‌. ’  കച്ചവടംമാത്രം ലക്ഷ്യമുള്ള കോർപറേറ്റുകൾ എങ്ങനെയാണ്‌ നമ്മളെ കബളിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്തുവേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top