19 September Thursday

സിനിമാകാശത്ത്‌ പ്രത്യാശയുടെ അമ്പിളി വിരിയട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


മലയാള സിനിമാമേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും പരിഹാരമുണ്ടാക്കാൻ എന്തൊക്കെ ചെയ്യാമെന്നും വ്യക്തമാക്കുന്ന ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുകയാണ്‌. ഈ മേഖലയിലെ പരാതികൾ ഗൗരവമുള്ളതാണെന്ന്‌ മനസ്സിലാക്കി ഒന്നാം പിണറായി സർക്കാർ എടുത്ത ധീരമായ തീരുമാനമാണ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനം. സ്‌ത്രീകൾ പലവിധത്തിലുള്ള ചൂഷണത്തിന്‌ വിധേയമാകുന്നെന്ന്‌ കാണിച്ച്‌ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി നൽകിയ പരാതിയുടെകൂടി അടിസ്ഥാനത്തിലാണ്‌ കാര്യങ്ങൾ പഠിക്കാൻ സർക്കാർ, കമ്മിറ്റിയെ നിയോഗിച്ചത്‌. മുൻകാലങ്ങളിലും ഇത്തരം വിഷയങ്ങൾ സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അത്‌ പരിഹരിക്കണമെന്ന്‌ ആത്മാർഥതയോടെ ആഗ്രഹിച്ച്‌ ആരും മുന്നോട്ടു വന്നില്ല. എന്നാൽ, ഇപ്പോൾ ഇച്ഛാശക്തിയോടെ തീരുമാനമെടുത്ത സർക്കാർനടപടി കേരളത്തിന്റെതന്നെ സാംസ്കാരിക ചരിത്രത്തിൽ സുപ്രധാന ഏടായി മാറുകയാണ്‌.  

‘ആകാശം നിഗൂഢതകളാൽ നിറഞ്ഞിരിക്കുന്നു’ എന്ന റിപ്പോർട്ടിലെ ആദ്യ വാചകംതന്നെ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. സ്‌ത്രീകൾ അനുഭവിക്കുന്ന 17 പ്രശ്‌നമാണ്‌ അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്‌. അവസരംതേടുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു, പവർ ഗ്രൂപ്പുകൾ ഭരിക്കുന്നു, വഴങ്ങാത്തവരെ അധിക്ഷേപിക്കുന്നു, പുരുഷനും സ്‌ത്രീക്കും വ്യത്യസ്തവേതനം, ശുചിമുറിപോലും നിഷേധിക്കുന്നു,  കൃത്യമായ കരാറുകളില്ല തുടങ്ങി അതീവ ഗൗരവമായ പ്രശ്നങ്ങൾ. ജുഡീഷ്യൽ ട്രിബ്യൂണൽ, എഴുതപ്പെട്ട കരാർപ്രകാരം മതി അഭിനയം, സിനി എംപ്ലോയേഴ്‌സ്‌ ആൻഡ്‌ എംപ്ലോയീസ്‌ ആക്ടിന്റെ നടപ്പാക്കൽ, നിർമാതാക്കളുടെയും പ്രൊഡക്‌ഷൻ കൺട്രോളർമാരുടെയുമടക്കം ഇടപെടലിലുള്ള നിയന്ത്രണം, ഡ്രൈവർമാരെ നിയമിക്കുന്നതിലടക്കമുള്ള ജാഗ്രത തുടങ്ങി സുപ്രധാന ശുപാർശകളുമുണ്ട്‌.
ജസ്‌റ്റിസ്‌ ഹേമ അധ്യക്ഷയായും കെ ബി വത്സലകുമാരി, നടി ശാരദ എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയെ 2017 ജൂലൈ ഏഴിനാണ്‌ സർക്കാർ നിയോഗിച്ചത്‌. 2019 ഡിസംബർ 31ന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. വ്യക്തിഗത പരാമർശങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ ജസ്‌റ്റിസ്‌ ഹേമയും അക്കാലത്തെ മുഖ്യ വിവരാവകാശ കമീഷനും എതിർത്തു. വ്യക്തിഗത പരാമർശങ്ങളുള്ള ഭാഗം ഒിവാക്കി പുറത്തുവിടാമെന്ന്‌ ഇപ്പോഴത്തെ വിവരാവകാശ കമീഷനും ഹൈക്കോടതിയും ഉത്തരവിട്ടതോടെയാണ്‌ പുറത്തുവന്നത്‌. റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ സർക്കാർ ഒരുഘട്ടത്തിൽപ്പോലും എതിർത്തിട്ടില്ല. 

സിനിമാമേഖലയിലുള്ളവർ പ്രശ്നങ്ങളുടെ ആഴവും ഗൗരവവും ബോധ്യപ്പെടുത്താൻ കമീഷന്‌ നൽകിയ മൊഴികൾ ഏറെ ഗൗരവ സ്വഭാവമുള്ളതാണ്‌. അതുകൊണ്ടുതന്നെയാണ്‌ അത്തരം വിവരങ്ങളൊന്നും പുറത്തുവിടേണ്ടയെന്ന്‌ വിവരാവകാശ കമീഷനും ഹൈക്കോടതിയും തീരുമാനിച്ചത്‌. അതുമായി ബന്ധപ്പെട്ട പൈങ്കിളിക്കഥകളും അനാവശ്യ ചർച്ചകളുമല്ല, മറിച്ച്‌ കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലുള്ളവരുടെകൂടി സഹകരണത്തോടെ നടപ്പാക്കുക എന്നതിനാണ്‌ ഇനി പ്രാധാന്യം.

ലോക സിനിമക്ക്‌ മലയാളസിനിമ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. അത്‌ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുകയും പോരായ്‌മകൾ തിരുത്തുകയും വേണം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സർഗാത്‌മക വികാസത്തെ തടസ്സപ്പെടുത്തുന്ന ഒരു ഇടപെടലും ഈ രംഗത്ത്‌ ഉണ്ടാകാൻ പാടില്ല എന്നത്‌ ഏറെ പ്രധാനമാണ്‌.
കേരളത്തിന്റെ കലാപരവും സാംസ്കാരികവുമായ ഔന്നത്യത്തിനും പൊതുബോധ നിലവാരത്തിനും ബഹുവിധത്തിൽ സംഭാവന നൽകിയിട്ടുള്ള മേഖലയാണ്‌ സിനിമ. നാടിനെ ശരിയായ പാതയിൽ മുന്നോട്ടുനയിക്കാൻ പുരോഗമന സ്വഭാവമുള്ള ഒട്ടനവധി നാടകങ്ങൾക്ക്‌ കഴിഞ്ഞതുപോലെ, സിനിമയ്ക്കും ആ വഴിയിൽ വലിയ സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്‌. മഹാരഥന്മാരായ എത്രയോ കലാപ്രവർത്തകരെ സംഭാവന ചെയ്ത മേഖലയാണിത്‌. അങ്ങനെയുള്ള മലയാള സിനിമാമേഖലയാകെ കുഴപ്പത്തിലാണെന്നോ ചൂഷണരംഗമാണെന്നോ, ഇതുസംബന്ധിച്ച്‌ പരാതിപ്പെട്ടവർക്കോ, പഠിച്ച കമ്മിറ്റിക്കോ, സർക്കാരിനോ അഭിപ്രായമില്ല. പക്ഷേ, ചില പുഴുക്കുത്തുകൾ ഇവിടെയുമുണ്ട്‌, അതിന്റെ സ്വാധീനം കുറച്ചധികവുമാണ്‌. അത്‌ പരിഹരിക്കപ്പെട്ടുപോകേണ്ട വിധത്തിൽ സിനിമാരംഗം ‘പ്രൊഫഷണലൈസ്‌’ ചെയ്യണം എന്നതാണ്‌ റിപ്പോർട്ടിന്റെ കാതൽ.

സ്‌ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്‌ കഴിഞ്ഞ സർക്കാരും ഇപ്പോഴത്തെ സർക്കാരും ശക്തമായ നടപടികളാണ്‌ എടുത്തുപോരുന്നത്‌. ഈ രംഗത്തെ പ്രശ്നങ്ങൾ പഠിക്കണമെന്ന്‌ ആവശ്യപ്പെട്ട വനിതാ കൂട്ടായ്മയിലുള്ളവരടക്കം ആണയിടുന്നതും ഈ സർക്കാരിന്‌ മാത്രമേ വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കാൻ കഴിയൂ എന്നുമാണ്‌. റിപ്പോർട്ടിന്റെ പകർപ്പ്‌ ഇപ്പോഴാണ്‌ പുറത്തുവന്നതെങ്കിലും അതിലെ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളിലേക്കും നടപടികളിലേക്കും സർക്കാർ കടന്നിരുന്നു. ഒക്ടോബറിൽ നടക്കുന്ന സിനിമ കോൺക്ലേവ്‌ സുപ്രധാന ചുവടുവയ്പാകും. സിനിമാരംഗത്തുള്ളവർക്കും പൊതുസമൂഹത്തിനും ഏറെ പ്രത്യാശാകരമായ നടപടികളിലേക്കാണ്‌ സർക്കാർ കടന്നിട്ടുള്ളതെന്നത്‌ അഭിനന്ദനാർഹമാണ്‌. വൈലോപ്പിള്ളി പാടിയതുപോലെ ‘മാവുകൾ പൂക്കും, മാനത്തമ്പിളി വികസിക്കും,  മാനുഷർ പരസ്പരം സ്നേഹിക്കും, വിഹരിക്കും’ എന്ന പ്രതീക്ഷയാണ്‌ സിനിമയെ സ്‌നേഹിക്കുന്ന ഏവരിലും പുലരേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top