22 December Sunday

തെളിയുന്നത്‌ സർക്കാരിന്റെ നിശ്ചയദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളടക്കം അന്വേഷിക്കാൻ പ്രത്യേക പൊലീസ്‌ സംഘം പ്രവർത്തന സജ്ജരായിക്കഴിഞ്ഞു. ഐജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലും എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലുമുള്ള സംഘത്തിൽ ഡിഐജി എസ് അജിത ബീഗം, എസ്‌പി മെറിൻ ജോസഫ്‌, എഐജി ജി പൂങ്കുഴലി, പൊലീസ്‌ അക്കാദമി അസിസ്റ്റന്റ്‌ ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, എഐജി വി അജിത്‌, എസ്‌പി എസ്‌ മധുസൂദനൻ  എന്നിവരാണുള്ളത്‌. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്യാനും അന്വേഷണത്തിന്റെ രീതിയടക്കമുള്ള കാര്യങ്ങളും പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്‌.

സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യം വ്യക്തമാക്കിയിരുന്നു: ‘‘ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ–- സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായിത്തന്നെ നേരിടും. അതിനുള്ള നിശ്ചയദാർഢ്യം തെളിയിച്ച സർക്കാരാണ് ഇത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ചലച്ചിത്രരംഗത്ത്‌ ഉയർന്ന ഒരു വിഷയവും നിയമനടപടി ഇല്ലാതെ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരുതരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ല. ’’  
ഇരകൾക്ക്‌ കാര്യങ്ങൾ തുറന്നുപറയാനുള്ള മാനസികാവസ്ഥയുണ്ടാകുന്നതും കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നതും ഈ സാഹചര്യത്തിലാണ്‌. ചലച്ചിത്രമേഖലയ്ക്കു മാത്രമല്ല കേരളത്തിലെ സ്‌ത്രീകൾക്കും പൊതുസമൂഹത്തിനും എൽഡിഎഫ്‌ സർക്കാർ നൽകിയ ഉറപ്പിൽനിന്ന്‌ ഒരു ഘട്ടത്തിലും പിന്നോട്ട്‌ പോയില്ലെന്നതിന്‌ തെളിവാണ്‌ റിപ്പോർട്ടും തുടർനടപടികളും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ, ഡബ്ല്യുസിസി അംഗങ്ങൾ, സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനോട്‌ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ‘പരിഗണിക്കാം’ എന്നു പറഞ്ഞ്‌ നിവേദനം വാങ്ങി മാറ്റിവയ്ക്കുകയല്ല അന്ന്‌ മുഖ്യമന്ത്രി ചെയ്തത്‌. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ നടപടികളിലേക്ക്‌ കടക്കുകയാണുണ്ടായത്‌. അങ്ങനെയാണ്‌ ജസ്റ്റിസ്‌ ഹേമ കമ്മിറ്റി രൂപീകൃതമായതുതന്നെ.

പരാതി പറയാൻ അവസരം നൽകി പത്രപരസ്യമടക്കം നൽകിയെങ്കിലും ദുരനുഭവങ്ങളുണ്ടായവരാരും കമ്മിറ്റി മുമ്പാകെ ആദ്യം എത്തിയിരുന്നില്ലെന്ന്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, പരമരഹസ്യമായി മൊഴിനൽകാനും നേരിട്ട്‌ ഹാജരാകാനാകാത്തവർക്ക്‌ വീഡിയോ–- ഓഡിയോ സന്ദേശം നൽകാനും അവസരം നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യക്തിഗതമായ ഒരു വിവരവും പുറത്തുപോകില്ലെന്ന്‌ ഉറപ്പാക്കിയതാണ്‌ കമ്മിറ്റിയുടെതന്നെ വിജയം. അതിനെല്ലാം നിശ്ചയദാർഢ്യത്തോടെ അവസരമൊരുക്കിയത്‌ സർക്കാരാണ്‌. കുറ്റവാളികളെ രക്ഷിക്കലാണ്‌ സർക്കാർ ലക്ഷ്യമെങ്കിൽ ഇത്തരമൊരു കമ്മിറ്റിയെത്തന്നെ നിയോഗിക്കേണ്ടിയിരുന്നില്ല, ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രശ്നങ്ങളടക്കം നിർബന്ധമായും കേട്ട്‌ പരിഹാരം നിർദേശിക്കണമെന്ന്‌ പറയേണ്ട കാര്യവുമില്ലായിരുന്നു. അതായത്‌, ഭാവിനടപടികൾ സംബന്ധിച്ചടക്കം കൃത്യമായ ധാരണയോടെയാണ്‌ സർക്കാർ നീങ്ങുന്നതെന്നർഥം. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുത്തുന്നതോടൊപ്പം, ഒരു കുറ്റവും ചെയ്യാത്തവരെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കാതിരിക്കാനും മഹത്തായ പാരമ്പര്യമുള്ള മലയാള സിനിമയെ അപഹസിച്ച്‌ മോശമാക്കാനുള്ള നീക്കത്തെ ചെറുക്കാനും ഇതോടൊപ്പം കഴിയണം.

ആരോപണവിധേയർ ആരെന്നോ, അവരുടെ രാഷ്‌ട്രീയം എന്തെന്നോ നോക്കിയല്ല സർക്കാർ നിലപാട്‌ സ്വീകരിക്കുന്നത്‌. 2016ന്‌ ശേഷമുള്ള സർക്കാർ നടപടികളുടെ നാൾവഴികൾതന്നെ അതിന്‌ തെളിവാണ്‌. എന്തെങ്കിലും ‘ ക്രെഡിറ്റി’നുവേണ്ടി ചെയ്യുന്നതല്ല, മറിച്ച്‌ എൽഡിഎഫിന്റെ സുചിന്തിതവും പ്രഖ്യാപിതവുമായ നിലപാടാണത്‌. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികളുടെ നേട്ടം ഒരു കാരണവശാലും സംസ്ഥാന സർക്കാരിന്‌ ലഭിക്കരുതെന്നു കരുതി വിയർപ്പൊഴുക്കുന്നവർ അത്‌ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സ്‌ത്രീകൾ നേരിട്ട ഭീതിദമായ അന്തരീക്ഷവും ബലാത്സംഗം ചെയ്ത്‌ കൊല്ലപ്പെട്ട ജിഷ കേസന്വേഷണത്തിലടക്കം കാണിച്ച അനാസ്ഥയും കേരളം മറന്നിട്ടില്ല.

എന്നാൽ, എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തേ ഇത്തരം പ്രശ്നങ്ങൾക്ക്‌ പരിഹാരമുണ്ടാകൂവെന്ന്‌ സിനിമാമേഖലയിലുള്ളവർ പരസ്യമായി ഇപ്പോൾ പ്രതികരിക്കുന്നു. ബഹുജനങ്ങളിലും ആ വിശ്വാസമാണ്‌ തെളിഞ്ഞുകാണുന്നത്‌. പ്രത്യേക അന്വേഷക സംഘത്തെ പ്രഖ്യാപിച്ചതും ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്‌. സർക്കാരിന്റെ നിശ്ചയദാർഢ്യവും ധീരമായ നിലപാടുകളുംതന്നെയാണ്‌ ഇതിലെല്ലാം തലയുയർത്തി നിൽക്കുന്നത്‌ എന്നതിലും തെല്ലും സംശയമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top