22 December Sunday

ജെപിസിതന്നെ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


കോർപറേറ്റുകളുടെ പാദസേവകരായ ബിജെപിയുടെ ഭരണത്തിൽ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാൻ എല്ലാവിധ സഹായവും ചെയ്യുമെന്നാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ കൂടുതൽ വ്യക്തമാകുന്നത്. അമേരിക്കൻ ആസ്ഥാനമായ സ്ഥാപനത്തിന്റെ വെളിപ്പെടുത്തലിനെ ഇന്ത്യക്കെതിരായ ആക്രമണമെന്ന ദേശസ്നേഹ പല്ലവിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. കോടിക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകർ പങ്കാളിയായിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണികളിലൊന്നാണ് ഇന്ത്യയിലേത്. ഇതിനെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൺ മാധബി പുരിക്കെതിരെയാണ് ഹിൻഡൻബർഗ്  റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കാൻ അവർ മാധബിയെ വെല്ലുവിളിച്ചിട്ടുമുണ്ട്‌. ആരോപണം സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർടികളാകെ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യാവിരുദ്ധ ആക്രമണമെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന ആരോപണങ്ങളല്ല ഹിൻഡൻബർഗ് റിസർച്ച് 10ന് പുറത്തുവിട്ട റിപ്പോർട്ട്‌.  1.18 ലക്ഷം കോടി രൂപയുടെ പ്രതിദിന ഇടപാടുള്ള മാർക്കറ്റാണ് ഇന്ത്യൻ ഓഹരിവിപണി. അതിനെ സുതാര്യമായും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും നിയന്ത്രിക്കാൻ സർവാധികാരമുള്ള സെബിയുടെ തലപ്പത്തുള്ള ആളെക്കുറിച്ചാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ കോർപറേറ്റ് ഗൗതം അദാനിയുടെ നിഴൽക്കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരിക്കും അവരുടെ ഭർത്താവ് ധാവൽ ബുച്ചിനും കോടികളുടെ നിക്ഷേപമുണ്ടെന്ന വിവരമാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌. ഓഹരി മൂല്യം കൃത്രിമമായി പെരുപ്പിച്ചു കാണിച്ച് അദാനി ഗ്രൂപ്പ് വൻ നേട്ടം കൊയ്യുന്നതായും അതിനായി ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ നേതൃത്വത്തിൽ മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 38 നിഴൽക്കമ്പനികൾ വഴി ഇടപാടുകൾ നടത്തിയെന്നും ഹിൻഡൻബർഗ് 2023 ജനുവരിയിൽ പുറത്തുവിട്ട ആദ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ആരോപണത്തെക്കുറിച്ച് ജെപിസി അന്വേഷിക്കണമെന്ന ആവശ്യം അന്നും മോദി സർക്കാർ നിരസിച്ചു. വെളിപ്പെടുത്തൽ സംബന്ധിച്ച്‌ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയത് സെബിയെയാണ്. സെബി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ അദാനിക്ക് ക്ലീൻചിറ്റ് നൽകി. കോടതി പറഞ്ഞ 24 കാര്യത്തിൽ ഇരുപത്തിമൂന്നിലും അന്വേഷണം പൂർത്തിയായെന്നും ഒന്നിൽ അന്വേഷണം അവസാന ഘട്ടത്തിലുമാണെന്നാണ്  സുപ്രീംകോടതിയെ അറിയിച്ചത്. അദാനിയെ കുറ്റവിമുക്തനാക്കിയ സെബിയുടെ ചെയർപേഴ്സണുതന്നെ അദാനിയുടെ നിഴൽക്കമ്പനികളിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്.

സെബിയുടെ ചെയർപേഴ്‌സണായി മാധബി പുരിയെ നിയമിച്ചതുതന്നെ അദാനിക്കു വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്‌.  1988ൽ രൂപീകരിച്ച സെബിയുടെ ചരിത്രം പരിശോധിച്ചാൽ ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാകും. 2022 വരെ കേന്ദ്ര സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ചെയർമാന്മാരായി നിയമിച്ചത്. മലയാളിയായ എം ദാമോദരനും 2005-– -2008ൽ സെബിയുടെ ചെയർമാനായിരുന്നു. എന്നാൽ, ഈ രീതി മാറ്റി സർക്കാരുമായി ബന്ധമില്ലാത്ത സ്വകാര്യ കമ്പനികളിൽമാത്രം പ്രവർത്തിച്ചുവന്ന മാധബി പുരിയെ ചെയർപേഴ്സണാക്കിയത് ആർക്കുവേണ്ടിയാണെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനു മുന്നോടിയായി 2017ൽ ഇവരെ സെബിയുടെ മുഴുവൻസമയ ഡയറക്ടറായി ബിജെപി സർക്കാർ നിയമിച്ചു. റിസർവ് ബാങ്കിനെപ്പോലെതന്നെ രാജ്യത്തെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ള സ്ഥാപനത്തിന്റെ തലപ്പത്തേക്ക് അദാനിയുമായി അടുത്ത ബന്ധമുള്ളയാളെ മോദി സർക്കാർ നിയമിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. പൊതുമേഖലാ ബാങ്കുകളുടെ കോടിക്കണക്കിന് രൂപ അദാനിക്ക് കൊടുക്കാൻ മോദി നേരിട്ട് ഇടപെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാൽ, രാജ്യത്തെ സ്‌നേഹിക്കുന്ന ആർക്കും ഈ കൊള്ളയ്‌ക്ക് കൂട്ടുനിൽക്കാനാകില്ല. പരമോന്നത നീതിപീഠത്തെപ്പോലും കബളിപ്പിച്ചാണ്  കുംഭകോണം അരങ്ങേറുന്നത്.

പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നതുപോലെ ജെപിസി അന്വേഷണം അനിവാര്യമാണ്. മാധബി പുരി ഒരു നിമിഷംപോലും സെബി തലപ്പത്ത് ഇരിക്കാൻ യോഗ്യയുമല്ല. വിനോദ് അദാനി നേതൃത്വം നൽകുന്ന സിംഗപ്പുരിലെ ഐപിഇ പ്ലസ് കമ്പനിയിൽ മാധബി പുരിക്കും ഭർത്താവിനും 2015 മുതൽ നിക്ഷേപം ഉണ്ടായിരുന്നെന്ന് അവർതന്നെ സമ്മതിച്ചിട്ടുണ്ട്. സെബിയിലേക്ക് വന്ന 2017ൽ മാധബിയുടെ നിക്ഷേപം ഭർത്താവിന്റെ പേരിലാക്കിയതായും രേഖകൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ സെബിയുടെ ചെയർപേഴ്സണായിരിക്കാനോ ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനോ മാധബിക്ക് ധാർമികമായി അവകാശമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top