22 December Sunday

ഇന്ത്യ കാനഡ പോര്‌ :
 മുന്നിൽ കടുപ്പമേറിയ പാത

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


കഴിഞ്ഞവർഷം സെപ്‌തംബർമുതൽ ഉലഞ്ഞിരുന്ന  ഇന്ത്യ–-കാനഡ നയതന്ത്രബന്ധം ആകെ  വഷളായിരിക്കുന്നു. ഖലിസ്ഥാൻ  വിഘടനവാദി ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ വധത്തെ തുടർന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ  ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതാണ്‌ ഉഭയകക്ഷി ബന്ധത്തെ ഉലച്ചത്‌. ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന്‌ ഇന്ത്യ ആരോപിച്ചിരുന്ന നിജ്ജാർ 2023 ജൂൺ 18ന്‌ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിൽ ഗുരുദ്വാരയ്‌ക്ക്‌ സമീപം വെടിയേറ്റാണ്‌ മരിച്ചത്‌.  കേസിൽ നാല്‌ ഇന്ത്യക്കാർ കാനഡ പൊലീസിന്റെ  കസ്‌റ്റഡിയിലാണ്‌.  ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല.  നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ സഞ്‌ജയ്‌കുമാർ വർമ അടക്കമുള്ള നയതന്ത്രജ്ഞർക്ക്‌ പങ്കാളിത്തമുണ്ടെന്ന്‌  തെളിവുകൾ ഒന്നുമില്ലാതെ കാനഡ ഇക്കഴിഞ്ഞ 14ന്‌ ആരോപിച്ചതാണ്‌ ഉഭയകക്ഷിബന്ധത്തെ വൻതോതിൽ ബാധിച്ചത്‌. ഹൈക്കമീഷണർ അടക്കം ആറ്‌ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ച ഇന്ത്യ, കാനഡയുടെ ആറ്‌ നയതന്ത്രജ്ഞരോട്‌ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്‌തു.

ഉഭയകക്ഷി ബന്ധത്തിൽ കരിനിഴൽ പടർത്തുന്നത്‌ കാനഡയിൽ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദ ഘടകങ്ങളാണ്‌.  ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ്‌. ഖലിസ്ഥാൻ ഘടകങ്ങൾക്ക്‌ ഇന്ത്യയിൽ ദശകങ്ങളായി നാമമാത്രമായ പിന്തുണപോലും ലഭിക്കുന്നില്ല. ട്രൂഡോയാകട്ടെ കാനഡയുടെ ആഭ്യന്തരരാഷ്‌ട്രീയത്തിൽ ഖലിസ്ഥാൻവിഷയം ഉപയോഗിക്കാൻ ശ്രമിക്കുന്നു. ജനരോഷം മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ്‌ ട്രൂഡോ ഇതിനെ കാണുന്നത്‌. ഖലിസ്ഥാൻ ഘടകങ്ങൾ  കാനഡയിൽ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്‌ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പേരിൽ  അവിടത്തെ സർക്കാരിന്റെ പിന്തുണ ലഭിക്കുന്നുവെന്ന ആക്ഷേപം പുതിയതല്ല. 1985ൽ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക വിമാന ബോംബാക്രമണത്തിനുശേഷവും ഇന്ത്യ നേരിടുന്ന ഭീഷണി അംഗീകരിക്കാൻ കാനഡ തയ്യാറായില്ല.

ദേശീയതാൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന്‌ ബാധ്യതയുണ്ട്‌. ഇക്കാര്യത്തിൽ രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാർടികളുടെയും പിന്തുണയുണ്ട്‌. എന്നാൽ, ഇതൊക്കെ കൈകാര്യം ചെയ്യുമ്പോൾ സുതാര്യതയും സുസ്ഥിരനയങ്ങളും  വേണം.  മോദിസർക്കാർ ഇന്ത്യയുടെ വിശ്വസ്‌തപങ്കാളിയെന്ന്‌ വിശേഷിപ്പിക്കുന്ന അമേരിക്ക ഈ സംഭവവികാസങ്ങളിൽ  വഹിക്കുന്ന പങ്കും പരിശോധിക്കേണ്ടതാണ്‌. അമേരിക്കയിൽ കഴിയുന്ന ഖലിസ്ഥാൻ വിഘടനവാദി ഗുർപത്‌വന്ത് സിങ്‌ പന്നൂവിനെതിരായ വധശ്രമം പരാജയപ്പെടുത്തിയെന്ന്‌ അമേരിക്കൻ ഏജൻസികൾ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഇന്ത്യ നിയോഗിച്ച സംഘം അമേരിക്കയിൽ എത്തിയതും നിജ്ജാർ വധം ആസൂത്രണം ചെയ്‌തത്‌ മോദിസർക്കാരിലെ ഉന്നതനാണെന്ന്‌ അമേരിക്കൻ നയതന്ത്രജ്ഞനെ ഉദ്ധരിച്ച്‌ ‘വാഷിങ്‌ടൺ പോസ്‌റ്റ്‌’ റിപ്പോർട്ട്‌ ചെയ്‌തതും ഒരേ സമയത്താണ്‌.  അമേരിക്ക ഉൾപ്പെട്ട രഹസ്യാന്വേഷണ ശൃംഖലയാണ്‌ ഇന്ത്യക്കെതിരെ തെളിവ്‌ നൽകിയതെന്ന്‌ കാനഡയും വെളിപ്പെടുത്തി.  ഇന്ത്യ–-കാനഡ ഭിന്നത മൂർച്ഛിപ്പിക്കുന്നതിൽ ബാഹ്യശക്തികളുടെ ഇടപെടലും സംശയിക്കേണ്ടതാണ്‌.

ഇരുരാജ്യത്തെയും ജനങ്ങൾ തമ്മിലും വാണിജ്യപരമായും ഇന്ത്യ–-കാനഡ സഹകരണം മികച്ചതാണ്‌. നാല്‌ കോടിയോളം ജനസംഖ്യയുള്ള കാനഡയിൽ ഇന്ത്യൻ സമൂഹത്തിന്റെ അംഗബലം 30 ലക്ഷത്തോളം വരും. ഇവരിൽ 4,27,000 വിദ്യാർഥികളാണ്‌. ഇന്ത്യയിൽനിന്ന്‌ പുറത്തുപോയി പഠിക്കുന്നവരിൽ 40 ശതമാനവും കാനഡയിലാണ്‌. കാനഡ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കഴിഞ്ഞ വർഷം ഇന്ത്യ പരിമിതപ്പെടുത്തിയത്‌ വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനെ ബാധിച്ചു. വിദ്യാർഥികളും തൊഴിലന്വേഷകരും ഇതുകാരണം അനുഭവിച്ചുവന്ന പ്രയാസത്തിന്‌ നിലവിലെ സാഹചര്യത്തിൽ കാഠിന്യമേറും.  ഇന്ത്യയുടെ ഏറ്റവും വലിയ 18–-ാമത്തെ വിദേശനിക്ഷേപകരാജ്യമാണ്‌ കാനഡ. 2017–-2022 കാലത്ത്‌ ഇന്ത്യയിൽനിന്ന്‌ കാനഡയിലേക്കുള്ള കയറ്റുമതി വർഷംതോറും 14 ശതമാനം വീതമാണ്‌ വളർന്നത്‌. വാണിജ്യമേഖലയിൽ മരവിപ്പ്‌ പടരാൻ നിലവിലെ സാഹചര്യം ഇടയാക്കുമെന്ന്‌ ആശങ്കയുണ്ട്‌. ഉഭയകക്ഷി ബന്ധം സാധാരണനിലയിൽ എത്താൻ ദീർഘകാലം വേണ്ടിവരുമെന്നാണ്‌ കരുതേണ്ടത്‌. സാധാരണക്കാരായ  ലക്ഷക്കണക്കിന്‌ ഇന്ത്യക്കാർക്കും കാനഡക്കാർക്കും ഈ സാഹചര്യം ബുദ്ധിമുട്ട്‌ സൃഷ്ടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top