ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്നാണ് അടുത്തിടെ പുറത്തുവന്ന വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ്, വർധിച്ചുവരുന്ന വിലക്കയറ്റം, ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകരുടെ പിന്മാറ്റം, കുതിച്ചുയരുന്ന വിദേശകടവും വ്യാപാരകമ്മിയും, ജിഎസ്‌ടി പിരിവിലെ തളർച്ച തുടങ്ങിയ സൂചകങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥയുടെ രോഗാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. പരസ്‌പരബന്ധിതമായ ഈ സൂചകങ്ങൾ ശുഭസൂചനയല്ല നൽകുന്നത്. ഏഴ് ശതമാനം വളർച്ചയോടെ സാമ്പത്തികവികസനത്തിൽ ലോകത്തെ മുൻനിര രാജ്യമാണ് ഇന്ത്യയെന്ന് മോദി സർക്കാർ അവകാശപ്പെടുന്നതല്ലാതെ ഇതിന്റെ നേട്ടം 90 ശതമാനം ജനങ്ങൾക്കും ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. കണക്കുകൾക്ക് അപ്പുറമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർഥ വിലക്കയറ്റം. വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയും വേതന വർധന ഇല്ലാത്തതും ജനങ്ങളുടെ വാങ്ങൽശേഷിയെ ശോഷിപ്പിച്ചു. ഏഴ് ശതമാനത്തിൽ വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥ ചലനാത്മകമായിരിക്കേണ്ടതിനുപകരം നിശ്‌ചലാവസ്ഥയിലാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയിൽ വിദേശനിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നു. ഈ മാസം ഇതുവരെ 85,000 കോടിയിലേറെ രൂപയുടെ ഓഹരിയാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. നടപ്പ് സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ഇന്ത്യൻ കമ്പനികളുടെ സാമ്പത്തികനില ദുർബലമായതാണ് വിദേശനിക്ഷേപകരെ അകറ്റിയത്. സമ്പദ്-വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൈന ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതും ഇന്ത്യൻവിപണിക്ക് തിരിച്ചടിയായി.
2008ൽ തുടങ്ങിയ ആഗോളമാന്ദ്യത്തെ തുടർന്നായിരുന്നു ഇതിനുമുമ്പ് ഇന്ത്യൻ ഓഹരിവിപണിയിൽനിന്നും വിദേശനിക്ഷേപം വൻതോതിൽ പിൻവലിച്ചത്. അന്ന് ഇത് വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. രൂപയുടെ മൂല്യം ഇടിയാനും കാരണമായിരുന്നു. അമേരിക്കൻ ഡോളറിനെതിരെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ. ഒരു ഡോളറിന് 84 രൂപ 07 പൈസയാണ് കഴിഞ്ഞ ദിവസത്തെ മൂല്യം. വിനിമയനിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽനിന്നും വൻതോതിൽ ഡോളർ വിപണിയിലിറക്കുന്നുണ്ട്. ഇത് വിദേശനാണ്യശേഖരത്തിലും കുറവുണ്ടാക്കുന്നു. മോദി സർക്കാർ അധികാരമേറ്റ 2014 മേയിൽ 59 രൂപ 44 പൈസയായിരുന്ന വിനിമയനിരക്ക് പത്ത് വർഷത്തിനിടെ 25 രൂപയോളം ഇടിഞ്ഞു. വ്യാപാരകമ്മിയും കുതിച്ചുയരുന്നു. ആഗസ്‌തിൽ വ്യാപാരകമ്മി 2970 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞവർഷം ആഗസ്‌തിൽ ഇത് 2421 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ ചരക്കുകയറ്റുമതി വളരെ ക്ഷീണിതാവസ്ഥയിലാണ്. വർധിച്ചുവരുന്ന വിലക്കയറ്റം ജനങ്ങളുടെ വാങ്ങൽശേഷിയിലും കുറവുവരുത്തുന്നു. സെപ്‌തംബറിലെ ചരക്കുസേവന നികുതിശേഖരണം ഇതിന്റെ തെളിവാണ്. 40 മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് –-6.5 ശതമാനം–-രേഖപ്പെടുത്തിയത്. നിലവിലെ നാണ്യപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്‌തംബറിലെ ജിഎസ്‌ടി വരുമാനത്തിൽ കാര്യമായ വർധനയില്ല. ഇത്തരത്തിലുള്ള ബഹുതല കണക്കുകളിൽ ചിലതൊക്കെ പ്രത്യക്ഷമായി അവതരിപ്പിക്കുന്നതിനേക്കാൾ മോശമാണ് യഥാർഥത്തിൽ.
കൽക്കരി, വൈദ്യുതി, ക്രൂഡോയിൽ സംസ്‌കരണം, ഖനനം തുടങ്ങിയ പ്രധാനപ്പെട്ട എട്ട് മേഖലയിലെ ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായ ഉൽപ്പാദന സൂചികയിൽ ആഗസ്‌തിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. സെപ്‌തംബറിൽ കാർ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ ഇടിവുണ്ടായി. സേവനമേഖലയിലെ സൂചികയും പത്തുമാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തി. സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ഭവന വായ്‌പ അനുവദിക്കുന്നതിൽ ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായി. ഡീസൽ വിൽപ്പനയിൽ ഈ വർഷം നാമമാത്ര വർധനയാണ് രേഖപ്പെടുത്തിയത്. കരുത്തുറ്റതും ചലനാത്മകവുമായ ഒരു സമ്പദ്‌വ്യവസ്ഥയ്‌ക്ക് അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഇത്തരം ഘടകങ്ങൾ ശോഷിക്കുകയാണ്. സാമ്പത്തിക നയത്തിലെ പാളിച്ചമൂലം മധ്യ–-ഇടത്തരം വിഭാഗത്തിലെയും താഴ്‌ന്ന വിഭാഗത്തിൽപ്പെട്ടവരുടെയും വരുമാനത്തിൽ ഇടിവുണ്ടായി. ഇന്ത്യ നേരിടുന്ന പ്രധാനപ്രശ്‌നം വാങ്ങൽ ശേഷിയുടെ കുറവാണ്. കോവിഡിനുമുമ്പുള്ള തലത്തിലേക്ക് വാങ്ങൽശേഷി എത്തിയിട്ടില്ലെന്നാണ് പല സൂചകങ്ങളും വ്യക്തമാക്കുന്നത്. വാങ്ങൽശേഷി വർധിപ്പിക്കാൻ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ കൈകളിൽ കൂടുതൽ പണം എത്തിക്കുകയാണ് വേണ്ടത്. എന്നാൽ കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും മറ്റ് ക്ഷേമപദ്ധതികളുടെയും വിഹിതം വർധിപ്പിക്കുന്നില്ല. പകരം കോർപറേറ്റുകൾക്ക് നികുതി ഇളവ് ഉൾപ്പെടെ വൻസഹായങ്ങൾ നൽകുന്നു. ജനദ്രോഹനയങ്ങൾ തിരുത്തി സാമ്പത്തികരംഗത്തെ മാന്ദ്യത്തിന്റെ പിടിയിൽനിന്ന് രക്ഷിക്കാനുള്ള പ്രത്യേക പാക്കേജുകൾ നടപ്പാക്കാൻ മോദി സർക്കാർ തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..