22 December Sunday

എവിടെ, ഞങ്ങളുടെ മെഡലുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


പാരിസിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അണഞ്ഞു. ഒളിമ്പിക്സിലെ മധുരിക്കുന്ന ഓർമകളുമായി അത്‌ലീറ്റുകൾ മടങ്ങി.  ഒന്നാമതെത്തിയ സന്തോഷത്തിലാണ് അമേരിക്ക. സ്വർണപ്പോരിൽ ഒപ്പമെത്താനായതിന്റെ ആശ്വാസത്തിലാണ് ചൈന. എവിടെ. ഇന്ത്യ എവിടെ. ഈഫൽ ഗോപുരത്തേക്കാൾ തലപ്പൊക്കത്തിൽ ചോദ്യം ഉയരുന്നു. ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന മെഡലുകൾ എവിടെപ്പോയി. ഇന്ത്യയിലെ 144 കോടി ജനങ്ങളുടേതാണ് ചോദ്യം. അമേരിക്കയും ചൈനയും 40 സ്വർണംവീതം നേടിയപ്പോൾ ഇന്ത്യക്ക് ഒരുതരിപോലുമില്ല. ഒരു വെള്ളിയും അഞ്ചു വെങ്കലവുംമാത്രം. മെഡൽപ്പട്ടികയിൽ 71–--ാം സ്ഥാനം. സമീപകാല ഒളിമ്പിക്സ് ചരിത്രത്തിലെ മങ്ങിയ പ്രകടനം. 1996ൽ അറ്റ്‌ലാന്റയിലും 2000ൽ സിഡ്‌നിയിലും ഇതേ സ്ഥാനമായിരുന്നു. കഴിഞ്ഞ തവണ ടോക്യോയിൽ ഏഴു മെഡലും നാൽപ്പത്തെട്ടാം സ്ഥാനവും. ആധുനിക ഒളിമ്പിക്സ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കലും ഇരട്ടഅക്ക നേട്ടം സാധ്യമായില്ല. ഇക്കാലയളവിൽ  ഇന്ത്യക്ക് നേടാൻ സാധിച്ചത് 10 സ്വർണമടക്കം 41 മെഡൽമാത്രം. ഓർക്കുക, ചൈനയ്‌ക്കും അമേരിക്കയ്‌ക്കും ഈ ഒളിമ്പിക്സിൽമാത്രം 40 സ്വർണം വീതമുണ്ട്.

ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും മെഡൽ നേട്ടത്തിൽ താഴോട്ടാണ്. എവിടെയോ ഗുരുതരമായ പിഴവ് പറ്റിയിരിക്കുന്നു. ഇന്ത്യയേക്കാൾ പല സാഹചര്യങ്ങളിലും പിന്നിലുള്ള രാജ്യങ്ങൾ മെഡലുമായി കുതിക്കുന്ന കാഴ്ചയാണ്. കരീബിയൻ ദ്വീപായ സെന്റ്‌ ലൂസിയക്കും ഒരു പൊന്നുണ്ട്. കെനിയയും ഉഗാണ്ടയും ഗ്വാട്ടിമാലയും ഡൊമനിക്കൻ റിപ്പബ്ലിക്കുമെല്ലാം സ്വർണത്തിളക്കത്തിലാണ്. യുദ്ധഭൂമിയിൽനിന്ന്‌ എത്തി മൂന്നു സ്വർണമണിഞ്ഞ ഉക്രയ്ൻ താരങ്ങൾ വാഴ്ത്തപ്പെടേണ്ടതാണ്. ക്യൂബയ്‌ക്ക് രണ്ടു സ്വർണമടക്കം ഒമ്പതു മെഡലുണ്ട്. എന്തുകൊണ്ട് നമുക്ക് സാധ്യമാകുന്നില്ല. ഇക്കാര്യത്തിൽ തിരിച്ചറിവും വിശദമായ പരിശോധനയും തിരുത്തലും അനിവാര്യം.

പൊള്ളയായ അവകാശവാദങ്ങൾകൊണ്ട് ലോകവേദിയിൽ തിളങ്ങാനാകില്ല. പ്രചാരണ കോലാഹലങ്ങൾക്കും സെൽഫി ചിത്രങ്ങൾക്കും ട്രാക്കിനു പുറത്തുവരെയേ ആയുസ്സുള്ളൂ. ലക്ഷ്യത്തിനായുള്ള നമ്മുടെ പദ്ധതികൾ ഒന്നുകിൽ കാലഹരണപ്പെട്ടുപോയി. അല്ലെങ്കിൽ അത് സ്വാർഥ താൽപ്പര്യങ്ങളാൽ ദുർബലമാക്കപ്പെട്ടു. 470 കോടി രൂപയാണ് ഇന്ത്യയുടെ മൂന്നുവർഷത്തെ ഒളിമ്പിക്സ് ഒരുക്കത്തിന് ചെലവിട്ടത്.

ഒളിമ്പിക്സിൽ മെഡൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പത്തു വർഷംമുമ്പ് ആരംഭിച്ച ടോപ്‌സ്‌ പദ്ധതി (ടാർഗറ്റ് ഒളിമ്പിക് പോഡിയം) ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു കരുതണം. അമ്പെയ്‌ത്ത്‌, ബാഡ്മിന്റൺ, ബോക്സിങ്, ഹോക്കി, ഷൂട്ടിങ് എന്നീ ഇനങ്ങൾക്കായിരുന്നു പ്രാമുഖ്യം. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഈ ഇനങ്ങളിലെ പ്രകടനം വിലയിരുത്തപ്പെടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ കായികനയവും സമീപനവും പലപ്പോഴും കളിക്കും കളിക്കാർക്കും അനുകൂലമല്ലെന്ന വിമർശം കുറച്ചുകാലമായുണ്ട്. ഗുസ്തിതാരങ്ങൾ സമരത്തിനിറങ്ങിയപ്പോൾ അത് പ്രകടമായതാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തലപ്പത്ത് മലയാളിയായ പി ടി ഉഷയാണ്. അവിടെ നടക്കുന്ന അധികാരവടംവലിയും തൊഴുത്തിൽക്കുത്തും ഭാവിയിലേക്ക് നൽകുന്നത് നല്ല ചിത്രമല്ല.

കായികരംഗം കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം. പുതിയ താരങ്ങളെ കണ്ടെത്താനും അവർക്ക് പരിശീലനം നൽകി വലിയ മത്സരങ്ങൾക്ക് പ്രാപ്തരാക്കാനും സാധിക്കണം. ഇരുട്ട് നിറയുന്നതിനിടയിലും നീരജ് ചോപ്രയുടെ വെള്ളി വെളിച്ചവും മനു ഭാകറിന്റെ വെങ്കലശോഭയും നൽകുന്ന ആശ്വാസം ചെറുതല്ല. ഹോക്കി നൽകുന്നത് സുവർണകാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ്. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് വെങ്കലനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചെന്നത് അഭിമാനാർഹമാണ്.

ക്രിക്കറ്റിന്റെ ജനപ്രിയതയിലും പണമൊഴുക്കിലും മറ്റു കളികൾ അപ്രസക്തമായിപ്പോകുന്നെന്ന യാഥാർഥ്യമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ലോകത്തെതന്നെ മുൻനിര സാമ്പത്തികശക്തിയാണ്. അതിനൊപ്പം മറ്റു കളികൾക്ക് പിടിച്ചുനിൽക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ബിസിസിഐക്കാണ്. ഇതിന്റെ രാഷ്ട്രീയവും തിരിച്ചറിയപ്പെടണം.

അടുത്ത ഒളിമ്പിക്സിന് ഇനി നാലു വർഷമുണ്ട്. അമേരിക്കയിലെ ലൊസ് ആഞ്ചലസാണ് വേദി. പോരായ്മകൾ തിരിച്ചറിഞ്ഞ് സമീപനത്തിൽ മാറ്റംവരുത്തിയാലേ രക്ഷയുള്ളൂ. അതിനുള്ള ശ്രമം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ തിളങ്ങുന്നൊരു കാലത്തിനായി കാത്തിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top