26 November Tuesday

ഭരണഘടനാ മൂല്യങ്ങളും അതിന്റെ പ്രയോഗവും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


1949 നവംബർ 26-ന്‌ നമ്മുടെ ഭരണഘടന അംഗീകരിച്ചശേഷം അത് ഇത്രമാത്രം വെല്ലുവിളി നേരിട്ട ഒരു കാലം മുമ്പുണ്ടായിട്ടില്ല. മതരാഷ്‌ട്രവാദികളുയർത്തുന്ന ഭീഷണികളെ പ്രതിരോധിച്ചാണ് രാജ്യത്തിന്റെ ഭരണഘടന 75–--ാം വാർഷികത്തിലേക്ക് കടക്കുന്നത്.

ഓരോ രാജ്യത്തിന്റെയും ഭരണഘടന രൂപപ്പെടുന്നത് ആ സമൂഹം അതുവരെ ആർജിച്ച കാഴ്‌ചപ്പാടുകൾ സ്വാംശീകരിച്ചാണ്. ദേശീയസ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്. സ്വാതന്ത്ര്യപ്രസ്ഥാനമാകട്ടെ വ്യത്യസ്‌തമായ നിരവധിധാരകളുടെ മഹാപ്രവാഹമായിരുന്നു. അതിനാൽ, സോഷ്യലിസത്തിന്റെയും സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ഫെഡറലിസത്തിന്റെയുമെല്ലാം കാഴ്‌ചപ്പാടുകൾ വ്യത്യസ്‌ത അളവുകളിൽ ഭരണഘടനയിൽ സ്ഥാനം പിടിച്ചു. ലോകത്ത് അതുവരെ വികസിച്ചുവന്ന ജനാധിപത്യത്തെ സംബന്ധിച്ച കാഴ്‌ചപ്പാടുകളും ഭരണഘടന രൂപീകരണത്തിന് കരുത്തായി. പാർലമെന്ററി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഭരണഘടനയുടെ അടിസ്ഥാനശിലയായി മാറിയത് അങ്ങനെ. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടന അതിനാൽത്തന്നെ ഒരു രാഷ്ട്രീയരേഖയായി മാറുകയും ചെയ്യുന്നു.

ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാട് അനുസരിച്ചു തന്നെയാണോ രാജ്യം മുന്നോട്ടു നീങ്ങിയത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഭരണഘടനാ മൂല്യങ്ങളെ പ്രായോഗികമാക്കുന്നതിൽ ഇന്ത്യൻ ഭരണവർഗത്തിനുണ്ടായ ദൗർബല്യങ്ങളെ സിപിഐ എം പാർടി പരിപാടിയിൽ വിമർശവിധേയമാക്കിയിട്ടുണ്ട്. അത്തരം വിമർശം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കെതിരായുള്ളതല്ല. മറിച്ച് അത് നടപ്പാക്കുന്നതിന് തടസ്സമായി വർത്തിക്കുന്ന ഇന്ത്യൻ ഭരണവർഗത്തിന്റെ സവിശേഷതയാണ് തുറന്നുകാട്ടുന്നത്.

ഇന്ന് ഏറ്റവും വെല്ലുവിളി നേരിടുന്ന മതനിരപേക്ഷത  സംബന്ധിച്ച് സിപിഐ എം പാർടി പരിപാടിയിൽ പറയുന്ന കാര്യം ഇത് വ്യക്തമാക്കുന്നുണ്ട്. ‘ഭരണഘടനയിൽ മതനിരപേക്ഷതയുടെ തത്വങ്ങൾ ആലേഖനം ചെയ്‌തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വൻകിട ബൂർഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തിൽ ബൂർഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന ആശയത്തെ അപ്പാടെ അവർ വളച്ചൊടിക്കുന്നു’.

ഭരണഘടനയിലെ മതനിരപേക്ഷതാ മൂല്യങ്ങളെ തെറ്റായ രീതിയിൽ പ്രയോഗിക്കുന്നുവെന്നതാണ് ഈ വിമർശത്തിന്റെ അടിസ്ഥാനം. പാർലമെന്ററി ജനാധിപത്യ സമ്പ്രദായംപോലും വെല്ലുവിളി നേരിടുന്നത് ഭരണവർഗത്തിൽനിന്നാണെന്ന് അടിയന്തരാവസ്ഥയെ സംബന്ധിച്ച് ഓർമപ്പെടുത്തി സിപിഐ എം പാർടി പരിപാടി എടുത്തുപറയുന്നുണ്ട്. പാർലമെന്ററി ജനാധിപത്യം മുന്നോട്ടുവയ്‌ക്കുന്ന ജനകീയ താൽപ്പര്യത്തിന്റെ സംരക്ഷണത്തിന്റെ സാധ്യതകളെ അത് വിസ്‌മരിക്കുന്നതുമില്ല. ഫെഡറലിസം സംരക്ഷിക്കുകയെന്നത് വൈവിധ്യപൂർണമായ നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാനും ദേശീയഐക്യം നിലനിർത്തുന്നതിനും അനിവാര്യമാണ്. നാടിന്റെ സവിശേഷതകൾക്കനുസരിച്ച് വികസനത്തിനും ഇത് അത്യന്താപേക്ഷിതമായി സിപിഐ എം കാണുന്നു.

സ്‌ത്രീസമത്വം, സാമൂഹ്യനീതി, ഫെഡറലിസം തുടങ്ങിയ മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കാത്ത ഭരണവർഗത്തിന്റെ പരിമിതികളെയും താൽപ്പര്യങ്ങളെയും സിപിഐ എം തുറന്നുകാട്ടുന്നുണ്ട്. ഇവ പ്രായോഗികമാക്കുന്നതിന് ജനകീയ ജനാധിപത്യ വിപ്ലവമുന്നേറ്റമാണ് അനിവാര്യമെന്ന് ഓർമപ്പെടുത്തുകയാണ് പാർടി പരിപാടി ചെയ്യുന്നത്. ഇത് ഭരണഘടനയുടെ മൂല്യങ്ങളുടെ നിഷേധമല്ല, അതിനെ പ്രായോഗികമാക്കുന്നതിനുള്ള വഴിയെന്തെന്ന് നിർദേശിക്കലാണ്. അതിനായുള്ള പോരാട്ടങ്ങൾ നടത്തേണ്ടതിന്റെ വഴികളെക്കുറിച്ചും അത് ഓർമപ്പെടുത്തുന്നു.ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മൂല്യങ്ങളാണ് ഭരണഘടന പൊതുവിൽ മുന്നോട്ടുവയ്‌ക്കുന്നത്. സ്വാതന്ത്ര്യപ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ച മതരാഷ്‌ട്രവാദികൾക്ക് ഇവ അംഗീകരിക്കാനാകില്ല. ഇവരിൽനിന്ന്‌ ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനമുന്നേറ്റം കാലം ആവശ്യപ്പെടുന്നുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ അവതരിപ്പിക്കുന്നതിന് ഭരണഘടനാ ശിൽപ്പിയായ ഡോ. അംബേദ്കറിനുതന്നെ പോരാടേണ്ടി വന്നിട്ടുണ്ട്. അത്തരം പോരാട്ടം തുടരേണ്ടതുണ്ട്. ആഗോളവൽക്കരണ നയങ്ങൾ സമത്വമെന്ന ഭരണഘടനാമൂല്യത്തെ കാറ്റിൽപ്പറത്തുന്നു. സംഘപരിവാർ ആകട്ടെ സമത്വവും സാമൂഹ്യനീതിയും മതനിരപേക്ഷതയുമെല്ലാം മുന്നോട്ടുവയ്‌ക്കുന്ന ഭരണഘടനയെ തിരുത്തുന്നതിനുള്ള പടപ്പുറപ്പാടിലും.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത് ജുഡീഷ്യറിയുടെ പ്രാഥമികമായ ചുമതലയാണ്. നീതിന്യായ വ്യവസ്ഥയെ വിവിധ തരത്തിൽ സമ്മർദത്തിൽപ്പെടുത്തി അതിൽനിന്ന് വ്യതിചലിപ്പിക്കാനുള്ള ഇടപെടലുകളും സജീവം. സുപ്രീംകോടതി ജഡ്‌ജിമാർതന്നെ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്ന  സ്ഥിതിയുണ്ടായിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾ ഭേദഗതി ചെയ്യാൻ പാടില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ന്യായയുക്തമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവനകൾ ഏറെ ആശങ്ക ഉയർത്തുന്നതുമാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളെപ്പോലും ദുർബലപ്പെടുത്തുംവിധമാണ് ക്രിമിനൽ നിയമങ്ങൾ മാറ്റിയെഴുതുന്നതിലൂടെ കേന്ദ്രസർക്കാർ ചെയ്‌തിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങൾ സ്വാംശീകരിച്ച് അവ പ്രായോഗികമാക്കാനുള്ള പദ്ധതികൾ മുന്നോട്ടുവയ്‌ക്കുകയെന്ന ഉത്തരവാദിത്വമാണ് സർക്കാരുകൾ ഏറ്റെടുക്കേണ്ടത്. അതിനുള്ള ജനകീയ സമ്മർദമാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്. അത്തരമൊരു സമീപനം വികസിപ്പിക്കുന്നതിനുള്ള അവസരമായി ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകളെ മാറ്റിയെടുക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top