22 December Sunday

കൊല്ലാം, പക്ഷേ തോൽക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


"ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല’ എന്ന ഉദ്ധരണി ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലെയ്‌ന്റേതാണ്‌. ‘ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുന്നൊരു യുദ്ധത്തിൽ ആരുമാരും വിജയിക്കുന്നില്ല’ എന്ന്‌ ഇസ്രയേലിനെ ഓർമിപ്പിക്കേണ്ടിവന്നു ഗാസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിറക്കിയ പ്രസ്താവനയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ സമിതിക്ക്. കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ആയിരക്കണക്കിന് പ്രകടനങ്ങൾ നടത്തേണ്ടിവരുമ്പോഴാണ് മനുഷ്യത്വം മരിച്ചതായി നമുക്ക് തോന്നുക. ഗാസയിൽ ഇസ്രയേലി കടന്നാക്രമണത്തിന്റെ ഒരാണ്ട്‌ പൂർത്തിയാകുമ്പോൾ അതിനെതിരെ ചെറുവിരലുയർത്താത്തവരും ഒരുവാക്കുരിയാടാത്തവരും മനുഷ്യൻ എന്ന പദവിക്ക്‌ അർഹരല്ലെന്നു പറയേണ്ടിവരും.
ഗാസയിൽ തുടക്കമിട്ട കടന്നാക്രമണത്തിലൂടെ പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധഭൂമിയാക്കി മാറ്റിയിരിക്കുകയാണ്‌ അമേരിക്കയും ഇസ്രയേലും. ഇറാനിലും ലബനനിലും സിറിയയിലും യമനിലും ഏറ്റുമുട്ടൽ രൂക്ഷമായി. പലസ്തീനിന്റെ മുൻ പ്രധാനമന്ത്രിയും ഹമാസിന്റെ മേധാവിയുമായ ഇസ്‌മായിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽവച്ചാണ്‌ ഇസ്രയേൽ വധിച്ചത്‌. ഹിസ്‌ബുള്ളയുടെ തലവനായ സയ്യിദ്‌ ഹസൻ നസ്രള്ളയെ ലബനൻ തലസ്ഥാനത്തെ സുരക്ഷിത താവളത്തിൽ ആക്രമണം നടത്തി കൊലപ്പെടുത്തി. തങ്ങൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുന്ന രണ്ട്‌ സംഘടനകളുടെയും തലകൊയ്‌ത്‌ വിജയാരവം മുഴക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന്‌ കനത്ത തിരിച്ചടി നേരിടുന്നതാണ്‌ നിലവിൽ ലോകം കാണുന്നത്‌.

മെഡിറ്ററേനിയൻ തീരത്ത് 40 കിലോമീറ്റർ നീളവും ശരാശരി എട്ടു കിലോമീറ്റർ വീതിയുമുള്ള ഗാസ എന്ന മൺചീന്തിൽ സയണിസ്റ്റ്‌ അധിനിവേശത്തിന്റെ പുതിയ പതിപ്പിന്‌ തുടക്കമിട്ടത്‌ 2023 ഒക്‌ടോബർ ഏഴിനാണ്‌. ഒരാണ്ടു പൂർത്തിയാകുമ്പോൾ 41,825 പേർ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗിക റിപ്പോർട്ടുകൾ. ഇതിൽ 70 ശതമാനവും സ്‌ത്രീകളും കുട്ടികളും. പതിനേഴായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ യുഎൻ ഏജൻസികളുടെ കണക്ക്‌. പത്ത്‌ വിദേശികളടക്കം 138 മാധ്യമപ്രവർത്തകരും അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരും ഇസ്രയേലിന്റെ കടന്നാക്രമണത്തിന്‌ ഇരകളായി. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങൾ അപ്പാടെ തച്ചുതകർക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ നെതന്യാഹുവിന്റെ സൈന്യം മിസൈലുകൾ തൊടുക്കുകയും ബുൾഡോസറുകൾ പായിക്കുകയും ചെയ്‌തപ്പോൾ 80 ശതമാനത്തോളം കെട്ടിടങ്ങളും ഗാസയിൽ നിലംപൊത്തിക്കഴിഞ്ഞു. അറുനൂറോളം സ്കൂളുകൾ നാമാവശേഷമായി. ഐക്യരാഷ്‌ട്ര സംഘടനയുടെ ആശുപത്രികളിലും അഭയാർഥി ക്യാമ്പുകളിലുംപോലും മിസൈൽ വർഷിച്ച്‌ പലസ്തീൻകാരെ കൊന്നൊടുക്കുകയാണ്‌. ഹിറ്റ്‌ലറാൽ വേട്ടയാടപ്പെട്ട ജൂതന്മാരുടെ രാഷ്ട്രം നാസിഭീകരതയ്ക്കും അപ്പുറം തേടുകയാണ് പലസ്തീനിന്റെ മണ്ണിൽ. നാസികൾ ജൂതരോട് ചെയ്തതുതന്നെ ജൂതർ പലസ്തീൻ ജനതയോട് ചെയ്യുന്നത് കാണുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതെത്ര ശരിയാണ്‌.

ഗാസയിലെ മൊത്തം ജനസംഖ്യയുടെ 48 ശതമാനവും കുട്ടികളാണ്‌. ഓരോ കുട്ടിയും മനസ്സിനെ നടുക്കുന്ന പത്ത്‌ സംഭവങ്ങൾക്കെങ്കിലും സാക്ഷിയായിട്ടുണ്ടെന്നാണ് അന്താരാഷ്‌ട്ര ഏജൻസികൾ സർവേയിൽ കണ്ടെത്തിയത്. ഇസ്രയേൽ സൈനികർ തങ്ങളുടെ ബന്ധുക്കളെ അപമാനിക്കുന്നതിനും മർദിക്കുന്നതിനും ദൃക്സാക്ഷികളായവരാണ് 60 ശതമാനം കുട്ടികളും. എട്ടിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള ആൺകുട്ടികളിൽ മൂന്നിലൊന്നും ഇസ്രയേലിനുനേരെ ചാവേറാക്രമണം നടത്തി മരിക്കാനിഷ്ടപ്പെടുന്നുവെന്ന് തുറന്ന് സമ്മതിക്കുമ്പോൾ ഒരു ജനതയുടെ ആത്മരോഷത്തിന്റെ ആഴം വ്യക്തമാകുന്നു. സ്വന്തം സുരക്ഷയ്ക്കെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതികൾ അവർക്കെതിരായ കൂടുതൽ പോരാളികളെ സൃഷ്ടിക്കാൻ മാത്രമേ ഉതകുന്നുള്ളൂ.

നിങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നെന്ന പ്രഖ്യാപനമാണ് ഏറ്റവും വലിയ പോരാട്ടം. പലസ്തീൻ എന്ന സ്വതന്ത്രരാഷ്ട്രത്തെ സ്വജീവനെക്കാളേറെ നെഞ്ചേറ്റുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും ഉശിരുള്ള പോരാളികളാകുന്നതും ഗാസയെ സമാനതകളില്ലാത്തവിധം ഉജ്വലമായി ചരിത്രം അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്. പാശ്ചാത്യലോകത്തിന്റെ തന്ത്രപരമായ നിഷ്പക്ഷതയ്ക്കും നിസ്സംഗതയ്ക്കുമുള്ള ചെകിട്ടത്തടിയാണ്‌ ഗാസയിൽ ശേഷിക്കുന്ന ഓരോ ജീവനും.

ഈ എഡിറ്റോറിയൽ നിങ്ങൾ വായിച്ചുതീർക്കുന്ന സമയത്തിനുള്ളിലും എത്രയോ നിരപരാധികൾ ഗാസയിൽ പിടഞ്ഞുവീണിട്ടുണ്ടാകും. ഓരോ പത്തു മിനിറ്റിലും ഒരു കുഞ്ഞ് കൊല്ലപ്പെടുന്നുവെന്നാണ് സേവ് ദ ചിൽഡ്രൻ പഠനത്തിൽ കണ്ടെത്തിയത്. തങ്ങൾക്കുമുമ്പേ മക്കൾ മരിച്ചുവീഴുന്നത്‌ കാണേണ്ടിവരുന്നതാണ്‌ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. അങ്ങനെ നോക്കിയാൽ ഗാസയിലെ അച്ഛനമ്മമാരോളം ദുരന്തം പേറുന്നവർ ലോകത്തെവിടെയും ഉണ്ടാകില്ല. കരഞ്ഞു കണ്ണീരു വറ്റിയ മനുഷ്യർ മരണസന്നദ്ധരായി പോരാടാനിറങ്ങുമ്പോൾ മുന്നിൽ വിജയസ്വപ്നങ്ങളോ പരാജയഭീതിയോ അല്ല; ജീവിതവും മരണവും മാത്രമാണുണ്ടാകുക. അവർക്കൊപ്പം ഒരു മുദ്രാവാക്യംകൊണ്ടെങ്കിലും ഐക്യപ്പെടുകയെന്നത്‌ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത എല്ലാവരുടെയും കടമയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top