30 December Monday

ജെഎൻയുവിലെ പുതിയ വിസി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 9, 2022

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) കൈപ്പിടിയിൽ ഒതുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിൽ സംഘപരിവാറിനുള്ള ഇച്ഛാഭംഗം രഹസ്യമല്ല. ജെഎൻയു വിദ്യാർഥിസമൂഹത്തെ അടച്ചാക്ഷേപിക്കാൻ ആസൂത്രിതനീക്കങ്ങളാണ്‌ സംഘപരിവാർ നടത്തുന്നത്‌. രാഷ്‌ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ പ്രബുദ്ധകാഴ്‌ചപ്പാട്‌ പുലർത്തുന്ന ജെഎൻയു വിദ്യാർഥികളെ രാജ്യദ്രോഹികളായും സാമൂഹ്യവിരുദ്ധരായും ചിത്രീകരിക്കാൻ സംഘപരിവാർ നേതാക്കൾ അത്യുൽസാഹം കാട്ടുന്നു.

ഈ ഗണത്തിൽപ്പെട്ട പ്രൊഫ. ശാന്തിശ്രീ പണ്ഡിറ്റിനെ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ജെഎൻയു വൈസ്‌ ചാൻസലറായി നിയമിച്ചതിൽനിന്ന്‌ ഈ ക്യാമ്പസിനോടുള്ള സംഘപരിവാറിന്റെ  തീരാപ്പക വ്യക്തമാണ്‌.
ശാന്തിശ്രീയുടെ  ചിന്തകളും നിലപാടും മനസ്സിലാക്കാൻ നാഥുറാം ഗോഡ്സെയെക്കുറിച്ച് അവർ എഴുതിയ വരികൾമാത്രം മതി. "‘ഞാൻ ഗാന്ധിയോടും ഗോഡ്സെയോടും യോജിക്കുന്നു. രണ്ട് പേരും ഗീത വായിച്ചിട്ടുണ്ട്. പക്ഷേ, വിപരീത പാഠങ്ങളാണ് പഠിച്ചത്. പ്രവൃത്തിക്കാണ് ഗോഡ്സെ പ്രാധാന്യം കൊടുത്തത്. അഖണ്ഡഭാരതത്തിനുവേണ്ടി അദ്ദേഹം കണ്ട പരിഹാരമാർഗം, ഗാന്ധിയെ വധിക്കുക  എന്നതായിരുന്നു...’’.

ഇന്ത്യയുടെ ഐക്യം നിലനിർത്താൻ ഗാന്ധിവധം അനിവാര്യമാണെന്ന നിലപാടിലേക്ക്‌ ഗോഡ്‌സെ എത്തിച്ചേർന്നുവെന്നാണ്‌ ശാന്തിശ്രീയുടെ ന്യായീകരണം. ജെഎൻയു വിദ്യാർഥികളെ  ‘നക്‌സൽജിഹാദികൾ’ എന്നും കർഷകപ്രക്ഷോഭകരെ ‘ഇത്തിൾക്കണ്ണികൾ’ എന്നും വിശേഷിപ്പിച്ച്‌  ഇവർ ട്വീറ്റ്‌ ചെയ്‌തിരുന്നു. ‘ലൗജിഹാദ്‌’ തടയാൻ മുസ്ലിംഇതര വിഭാഗങ്ങൾ ഒത്തുചേരണമെന്നും ആഹ്വാനം ചെയ്‌തു. സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജിനെയും ജാമിയ മിലിയയെയും ‘വർഗീയ ക്യാമ്പസുകൾ’ എന്നും വിശേഷിപ്പിച്ച വ്യക്തിയാണ്‌ ജെഎൻയു വിസിയായത്‌. ഇനിയുള്ള വർഷങ്ങളിൽ ജെഎൻയുവിന്റെ നേതൃത്വം  ഇവർക്കായിരിക്കുമെന്നത്‌ നൽകുന്ന ഞെട്ടൽ ചെറുതല്ല.

മുൻ വിസി എം ജഗദേശ്‌കുമാർ ജെഎൻയുവിലെ അക്കാദമിക്‌പ്രവർത്തനങ്ങളും ജനാധിപത്യ സംവാദങ്ങളും അട്ടിമറിക്കാൻ കഠിനാധ്വാനം ചെയ്‌തിരുന്നു. വിസിയായിരുന്ന ആറ്‌ വർഷം വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരായ  നടപടികൾ മാത്രമാണ്‌ ജഗദേശ്‌കുമാർ സ്വീകരിച്ചത്‌. അക്കാദമിക്‌ കൗൺസിലിന്റെയും എക്‌സിക്യൂട്ടീവ്‌ കൗൺസിലിന്റെയും പ്രവർത്തനങ്ങൾ അട്ടിമറിക്കുക, ഫീസ്‌ വർധിപ്പിക്കുക, സ്വകാര്യവൽക്കരണത്തിന്‌ കുടപിടിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ സംഭാവനകൾ. ജെഎൻയുവിലെ എംഫിൽ–-പിഎച്ച്‌ഡി സീറ്റുകൾ വെട്ടിക്കുറച്ചതും അക്കാലത്താണ്‌.  ജെഎൻയു ക്യാമ്പസ്‌ തുടർച്ചയായ അക്രമങ്ങൾക്കും വേദിയായി.

ജഗദേശ്‌ കുമാറിനെ യുജിസി ചെയർമാനായി നിയോഗിച്ചതിനു പിന്നാലെയാണ്‌ ശാന്തിശ്രീയെ ജെഎൻയുവിൽ നിയമിച്ചത്‌. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുക, സ്വകാര്യവൽക്കരിക്കുക  എന്നീ ലക്ഷ്യങ്ങൾ എത്രയും വേഗം കൈവരിക്കാനാണ്‌ മോദിസർക്കാരിന്റെ പരിശ്രമം. പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതൽ ഇതാണ്‌. സാമൂഹ്യനീതിയുടെ കാര്യത്തിൽ കുറ്റകരമായ മൗനമാണ്‌ വിദ്യാഭ്യാസനയം പുലർത്തുന്നത്‌.  ഈ നയം നടപ്പാക്കുമ്പോൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്രസർക്കാരിന്‌ അറിയാം. ഈ പ്രതിഷേധങ്ങളെ അടിച്ചമർത്താനും ഇല്ലാതാക്കാനുംകൂടി ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ‘സംഘബന്ധുക്കളെ’ തിരഞ്ഞുപിടിച്ച്‌

വിദ്യാഭ്യാസമേഖലയുടെ താക്കോൽസ്ഥാനങ്ങളിൽ കൊണ്ടുവരുന്നത്‌.  ജഗദേശ്‌ കുമാറിന്റെയും ശാന്തിശ്രീയുടെയും നിയമനങ്ങൾ ഈ ശ്രമത്തിന്റെ ഭാഗമാണ്‌. ഡൽഹി സർവകലാശാല വിസിയായി കഴിഞ്ഞ ഒക്ടോബറിൽ നിയമിതനായ യോഗേഷ്‌സിങ്ങും പഞ്ചാബ്‌ സർവകലാശാല വിസി രാജ്‌കുമാറും സംഘപരിവാർ ഭക്തരാണ്‌.

പുണെയിലെ സാവിത്രിഭായ്‌ ഫുലെ സർവകലാശാലയിൽ പ്രവർത്തിക്കവെ  ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിന്‌ രണ്ട്‌ തവണ അച്ചടക്കനടപടി നേരിട്ട അധ്യാപികകൂടിയാണ്‌ ശാന്തിശ്രീ. വിസിയായി നിയമിക്കപ്പെടുന്നവർ  ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാകണമെന്ന്‌ യുജിസി മാർഗനിർദേശത്തിൽ പറയുന്നുണ്ട്‌. ഔദ്യോഗിക ജീവിതത്തിൽ നടപടി നേരിട്ട, മനുഷ്യത്വരഹിതമായ നിലപാടുകൾ ഉയർത്തിപ്പിടിച്ച ഇവരെ ജെഎൻയു വിസിയാക്കിയത്‌ കേന്ദ്രസർക്കാരിന്റെ അധികാരധാർഷ്‌ട്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌.

മുൻഗാമിയുടെ പാത പിന്തുടർന്ന്‌ ജെഎൻയുവിനെ തകർക്കാൻ കൂടുതൽ തീവ്രമായ നടപടികൾക്കായിരിക്കും ശാന്തിശ്രീയുടെ പ്രഥമപരിഗണന. സ്വതന്ത്രചിന്തയുടെയും പുരോഗമനനിലപാടുകളുടെയും കേന്ദ്രമായ ജെഎൻയുവിനെ നാമാവശേഷമാക്കാനാണ്‌ കേന്ദ്രസർക്കാർ ഉന്നമിടുന്നത്‌. അതേസമയം, അടിയന്തരാവസ്ഥയിലെ അർധഫാസിസ്‌റ്റ്‌ വാഴ്‌ചയ്‌ക്ക്‌ ചുട്ട മറുപടി നൽകിയ ജെഎൻയു ക്യാമ്പസ്‌ ഈ കാലവും അതിജീവിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top