ജനാധിപത്യ, മതനിരപേക്ഷ ചിന്താഗതിക്കാർക്ക് ഒരേസമയം പ്രതീക്ഷയും ആശങ്കയും പകരുന്നതാണ് ജമ്മു കശ്‌മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തന്ത്രപ്രധാനമായ ജമ്മു -കശ്‌മീരിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും എല്ലാ കുതന്ത്രങ്ങളും അട്ടിമറിനീക്കങ്ങളും അതിജീവിച്ച് നാഷണൽ കോൺഫറൻസ് നയിക്കുന്ന ഇന്ത്യ കൂട്ടായ്‌മ അധികാരത്തിൽ വരികയാണ്. കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തിയശേഷം ജമ്മു -കശ്‌മീരിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 49 സീറ്റിൽ മതനിരപേക്ഷ കൂട്ടായ്‌മ മേൽക്കെെ നേടി. അതേസമയം, കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമായിരുന്ന ഹരിയാനയിൽ ബിജെപിക്ക് തുടർച്ചയായി മൂന്നാം തവണയും അധികാരം ലഭിക്കുന്നു. 90 അംഗ നിയമസഭയിൽ 48 സീറ്റിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചു. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് ഒരിക്കൽക്കൂടി വെളിപ്പെട്ടു. ഹരിയാനയിൽ കോൺഗ്രസിന് അനായാസ ജയവും ജമ്മു -കശ്‌മീരിൽ തൂക്കുസഭയുമാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. അതിനാൽ ഇന്ത്യൻ ജനാധിപത്യത്തിന് ഒരുപാട് പാഠങ്ങൾ പകർന്നു നൽകുന്നതാണ് ഈ ജനവിധി.
കേന്ദ്രത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ വന്നതിനു പിന്നാലെയാണ്, 2019 ആഗസ്‌തിൽ ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണപ്രദേശമായി വെട്ടിമുറിച്ചത്. ഇതിനെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ജമ്മു -കശ്‌മീരിനെ മൊത്തത്തിൽ തടവറയാക്കി. രാഷ്‌ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകരെയും സാധാരണക്കാരെയും വേട്ടയാടുകയും ജനാധിപത്യാവകാശങ്ങൾ ഹനിക്കുകയും ചെയ്‌തു. 2014ൽ ആണ് ജമ്മു കശ്‌മീരിൽ ഇതിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇപ്പോൾ സുപ്രീംകോടതി ഇടപെടലിന്റെയും രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ നിരന്തര സമ്മർദത്തിന്റെയും അടിസ്ഥാനത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മണ്ഡലം പുനർനിർണയംപോലും ബിജെപി അവർക്ക് അനുകൂലമാക്കാൻ ശ്രമിച്ചു. ജനസംഖ്യ കുറഞ്ഞ തോതിൽ വർധിച്ച ജമ്മു മേഖലയിൽ പുതുതായി ആറ് മണ്ഡലം ക്രമീകരിച്ചപ്പോൾ ജനസംഖ്യ വളർച്ചയുടെ നിരക്ക് കൂടുതലുള്ള കശ്‌മീരിൽ ഒരു സീറ്റ് മാത്രമാണ് വർധിപ്പിച്ചത്. അധികാര ദുർവിനിയോഗം വഴി ബിജെപി നിഴൽസഖ്യങ്ങൾ രൂപീകരിച്ചു. നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുമായി കേന്ദ്രം കൂടിയാലോചനകൾ നടത്തി. ജമാഅത്തെ ഇസ്ലാമി നേതാക്കൾ സ്വതന്ത്രരായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇവർക്ക് സർക്കാരിന്റെ പ്രോത്സാഹനവും സഹായവും ലഭിച്ചു. വിഘടനവാദം ഉയർത്തിയവരും ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടിയപ്പോൾ ഇരുകൂട്ടരുടെയും ഇരട്ടത്താപ്പ് വോട്ടർമാർ തിരിച്ചറിഞ്ഞു. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ആസൂത്രിതമായി നീങ്ങിയ കുൽഗാമിൽ സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി നേടിയ വൻവിജയം അവസരവാദികൾക്ക് ചുട്ട മറുപടിയാണ്. തുടർച്ചയായ അഞ്ചാം തവണയാണ് തരിഗാമി കുൽഗാമിന്റെ പ്രതിനിധിയാകുന്നത്.
കർഷകപ്രക്ഷോഭം ഉഴുതുമറിച്ച ഹരിയാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് സംസ്ഥാന ഭരണം നിലനിർത്താൻ കഴിഞ്ഞത് മതനിരപേക്ഷ കക്ഷികൾ, പ്രത്യേകിച്ച് കോൺഗ്രസ് ഗൗരവത്തോടെ കാണേണ്ടതാണ്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണം നേടിയെന്ന ഭാവത്തിലായിരുന്നു മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ അടക്കമുള്ള നേതാക്കൾ. ജാട്ട് വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഹൂഡയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി. കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ 70 പേരെയും നിശ്‌ചയിച്ചത് ഹൂഡയാണ്. സംസ്ഥാന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ ഹൂഡയുടെ മുഖ്യഎതിരാളിയായ കുമാരി സെൽജയുടെ അനുയായികളിൽ പത്തിൽ താഴെ പേർക്കാണ് സ്ഥാനാർഥിത്വം ലഭിച്ചത്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും തൊഴിലില്ലായ്‌മയും ഗോരക്ഷാ ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്‌ചയും പ്രചാരണവിഷയമാക്കാൻ തയ്യാറാകാതെ കേവലം ഭരണമാറ്റം എന്നതിലാണ് കോൺഗ്രസ് ഊന്നിയത്. രണ്ട് പതിറ്റാണ്ടിനപ്പുറം വർഗീയശക്തികൾക്ക് കാര്യമായ വേരോട്ടം ഇല്ലാതിരുന്ന ഹരിയാനയിൽ ബിജെപിക്ക് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഭരണം നിലനിർത്താൻ സാധിക്കുന്നത് കോൺഗ്രസിന്റെ പിടിപ്പുകേടിന് ഏറ്റവും വലിയ തെളിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..