27 December Friday

ഭീകരാക്രമണങ്ങളിൽ വിറങ്ങലിച്ച്‌ ജമ്മു കശ്‌മീർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


 

ഭരണഘടനയുടെ 370–-ാം അനുച്ഛേദം അനുവദിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞിട്ടും ജമ്മു -കശ്‌മീരിൽ വെടിയൊച്ചകൾ നിലയ്‌ക്കുന്നില്ല. ജമ്മു -കശ്‌മീർ നിയമസഭ പിരിച്ചുവിട്ടും സംസ്ഥാന പദവി എടുത്തുകളഞ്ഞുമാണ്‌ 2019 ആഗസ്‌തിൽ രണ്ടാം മോദി സർക്കാർ പ്രത്യേക പദവി റദ്ദാക്കിയത്‌. സംഘപരിവാറിന്റെ പ്രധാന വർഗീയ അജൻഡകളിലൊന്ന്‌ ലോക്‌സഭയിലെ വലിയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ബിജെപി സർക്കാർ ജമ്മു -കശ്‌മീരിനുമേൽ അടിച്ചേൽപ്പിച്ചു. ഇതോടെ ജമ്മു -കശ്‌മീർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക്‌ തുല്യമായെന്നും തീവ്രവാദം ഇനി തലപൊക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും അവകാശപ്പെട്ടു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയടക്കം കശ്‌മീർ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ്‌ പ്രത്യേക പദവിയും സംസ്ഥാന പദവിയും മോദി സർക്കാർ എടുത്തുകളഞ്ഞത്‌. പ്രതിഷേധിച്ചവരെയെല്ലാം കൂട്ടത്തോടെ ജയിലിൽ അടച്ചു. പ്രശ്‌നക്കാരെന്ന്‌ സർക്കാർ മുദ്രകുത്തിയ ആയിരക്കണക്കിന്‌ കശ്‌മീരികൾ ഇപ്പോഴും ഡൽഹിയിലും യുപിയിലുമൊക്കെയായി ജയിലുകളിൽ തുടരുകയാണ്‌. പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം മാസങ്ങളോളം കശ്‌മീർ താഴ്‌വര ഒരു തുറന്ന ജയിലിനു സമാനമായിരുന്നു. കശ്‌മീരികളുടെ കടകൾ അടച്ചുള്ള പ്രതിഷേധവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും പെല്ലറ്റ്‌ തോക്കുകളുടെ പ്രയോഗവും ഏറെനാൾ നീണ്ടു. ദേശീയ രാഷ്ട്രീയ നേതാക്കൾക്കുപോലും കശ്‌മീരിലേക്ക്‌ പ്രവേശനം നിഷേധിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്‌ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം താഴ്‌വരയിൽ കാലുകുത്തിയ ആദ്യ ദേശീയ നേതാവ്‌. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി നേടി ശ്രീനഗറിൽ എത്തിയ യെച്ചൂരി വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ സന്ദർശിച്ച്‌ താഴ്‌വരയിലെ സ്ഥിതിവിവരങ്ങൾ മനസ്സിലാക്കി. യെച്ചൂരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തരിഗാമിക്ക്‌ ഡൽഹി എയിംസിൽ ചികിത്സയ്‌ക്കുള്ള സൗകര്യവും ലഭിച്ചു. ഇന്റർനെറ്റ്‌ വിലക്കിനും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾക്കുമെല്ലാം യെച്ചൂരിയുടെ ഇടപെടലിലൂടെ അയവുവന്നു. താഴ്‌വര സാവധാനം സമാധാനത്തിലേക്ക്‌ മടങ്ങി. ഇന്ത്യൻ യൂണിയനിൽ ചേരുന്ന ഘട്ടത്തിൽ ലഭിച്ച പ്രത്യേക പദവിയെന്ന അംഗീകാരം നഷ്ടമായതിന്റെ വേദനമാത്രം കശ്‌മീരികളുടെ മനസ്സിൽ തുടർന്നു.

പ്രത്യേക പദവി ഇല്ലാതായതോടെ ഭീകരത അവസാനിച്ചെന്ന്‌ മോദിയും ഷായും തുടർന്നും അവകാശപ്പെട്ടു. ലോക്‌സഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ദുർബലനായ പ്രധാനമന്ത്രിയായി മൂന്നാം ഊഴത്തിന്‌ എത്തുമ്പോഴും കശ്‌മീരിന്റെ കാര്യത്തിലുള്ള അവകാശവാദങ്ങൾ കുറയ്‌ക്കാൻ മോദി തയ്യാറല്ല.  മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അതേ ദിവസംതന്നെ ജമ്മുവിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ്‌ ആക്രമിച്ച്‌ ഒമ്പതുപേരെ ഭീകരർ കൊലപ്പെടുത്തി. കത്വയിലും ദോഡയിലും രണ്ട്‌ മിന്നലാക്രമണത്തിലായി ഒമ്പത്‌ സൈനികരെ കൊലപ്പെടുത്തി. പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ കശ്‌മീർ താഴ്‌വരയിൽ മാത്രമായി ഒതുങ്ങിയിരുന്ന ഭീകരത ഇപ്പോൾ ജമ്മുവിലേക്കുകൂടി വ്യാപിച്ചു എന്നതാണ്‌ യാഥാർഥ്യം.

2021നു ശേഷം ഭീകരാക്രമണങ്ങളിൽ125 സുരക്ഷാഭടൻമാരാണ്‌ ജമ്മു -കശ്‌മീരിൽ കൊല്ലപ്പെട്ടത്‌. ഇതിൽ 52 മരണം ജമ്മു മേഖലയിലാണ്‌. പാകിസ്ഥാനിൽനിന്ന്‌ നുഴഞ്ഞുകയറിയ അമ്പതോളം ഭീകരർ നിലവിൽ ജമ്മുവിലെ വനമേഖലകളിൽ ചെറുസംഘങ്ങളായി പിരിഞ്ഞ്‌ താവളമുറപ്പിച്ചിട്ടുണ്ടെന്നാണ്‌ ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ. ഇവർക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്‌. ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന്‌ ജമ്മുവിൽ വിന്യസിച്ചിരുന്ന സൈനികരെ കൂട്ടമായി ലഡാക്ക്‌ അതിർത്തിയിലേക്ക്‌ മാറ്റിയത്‌ ഭീകരർക്ക്‌ അനുകൂല സാഹചര്യമൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താൻ സുപ്രീംകോടതി നിർദേശിച്ച സമയപരിധി സെപ്‌തംബർ 30ന്‌ അവസാനിക്കാനിരിക്കെയാണ്‌ ജമ്മു കശ്‌മീർ വീണ്ടും ഭീകരതയുടെ പിടിയിൽ അമരുന്നത്‌. കശ്‌മീരിൽ ഒന്നും രണ്ടും മോദി സർക്കാർ തുടർന്ന അടിച്ചമർത്തൽ നയം പൂർണമായും തെറ്റായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ സമീപകാല സംഭവവികാസങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top