21 December Saturday

രാഷ്ട്രീയം കളിക്കുന്ന ഗവർണർ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ജനാധിപത്യത്തിന്റെ കാവലാൾ  എന്ന നിലയിലാണ് രാഷ്ട്രപതിയും ഗവർണറും അടക്കമുള്ള ഭരണഘടനാ പദവികൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നതമായ ആ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുകയാണ്. ഗവർണർക്ക്  തന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തിന്റെ ഔന്നത്യവും അതിരും അറിയാത്തതല്ല. നിയമപരമായും ഭരണഘടനാപരമായും ഒരടിസ്ഥാനവുമില്ലാത്ത വാദങ്ങളുയർത്തി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തന്റെ മുന്നിൽ ഹാജരാകാൻ പറയുന്ന ഗവർണറുടെ ലക്ഷ്യം മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടൽ മാത്രമാണ്. അതുവഴി തന്റെ യജമാനൻമാരുടെ രാഷ്ട്രീയത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന് അദ്ദേഹം വ്യാമോഹിക്കുന്നു.

മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ സംബന്ധിച്ച്‌ വിശദീകരിക്കുന്നതിനായി  ഡിജിപിയോടൊപ്പം തന്റെ മുന്നിൽ ഹാജരാകണമെന്നാണ് ഗവർണർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് ആവശ്യപ്പെട്ടത്. പ്രസിദ്ധീകരിച്ച മാധ്യമം തന്നെ തെറ്റു സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്ത, മുഖ്യമന്ത്രിയുടേതല്ലാത്ത പരാമർശത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് അനുസരിക്കേണ്ട ബാധ്യത ഭരണഘടനാപരമായോ നിയമപരമായോ കീഴ്‌വഴക്കങ്ങൾ അനുസരിച്ചോ സംസ്ഥാന സർക്കാരിനില്ല.  അതിനാൽത്തന്നെ ഗവർണറുടെ ഉത്തരവ് പാലിക്കാൻ ചീഫ് സെക്രട്ടറി തയ്യാറായതുമില്ല. പുകമറ സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ ഗവർണർ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി കത്തു നൽകിയാണ് ഇതിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് തന്നിൽ നിന്ന് എന്തോ മറയ്ക്കാനുണ്ടെന്ന രാഷ്ട്രീയപ്രേരിതമായ ആരോപണവും ഗവർണർ ഉന്നയിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന തരത്തിൽ താൻ പരസ്യ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിനെയും അവഗണിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പരസ്യമായി  ആവർത്തിക്കുന്ന ഗവർണറുടെ ലക്ഷ്യം വ്യക്തമാണ്.

ഇടതുപക്ഷത്തെ പൊതുവെയും  സിപിഐ എമ്മിനെ പ്രത്യേകിച്ചും ലക്ഷ്യമിട്ട് സംഘപരിവാറും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും നടത്തുന്ന പ്രചാരവേലയ്ക്ക് ആക്കം കൂട്ടുകയെന്ന ദൗത്യം  നിർവഹിക്കുകയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെന്ന് അദ്ദേഹത്തിന്റെ ചെയ്തികൾ തെളിയിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിരന്തരം ഇടങ്കോലിടുകയും ഗവർണർ പദവിയുടെ അന്തസ്സിന് നിരക്കാത്ത വിധം അടിസ്ഥാനരഹിത ആരോപണങ്ങൾ നിരത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവാണ്. കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ  വിശ്വാസ്യതയും സ്വീകാര്യതയും തകർത്താൽ മാത്രമേ സംഘപരിവാർ രാഷ്ട്രീയം പച്ചപിടിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ അതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അവർ. അതിന് എൽഡിഎഫ്  സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയും സ്വീകാര്യതയും തകർക്കണം. അതിനുവേണ്ടി രംഗത്തിറക്കിയതാണ്  ആരിഫ് മൊഹമ്മദ് ഖാനെ. അദ്ദേഹത്തിന്റെ ഗവർണർ പദവിയിലുള്ള തുടർച്ചതന്നെ അതിന് തെളിവാണ്. സിപിഐ എമ്മിനെയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തെയും കേരളത്തിൽനിന്ന് തുടച്ചുനീക്കാമെന്ന ലക്ഷ്യത്തോടെ തുടങ്ങിവച്ച നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് ഗവർണറുടെ രംഗപ്രവേശമെന്നത് ശ്രദ്ധേയമാണ്.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവർണറുടെ നീക്കത്തെ സമചിത്തതയോടെ പ്രതിരോധിച്ച മുഖ്യമന്ത്രി ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സ്‌ ഉയർത്തിപ്പിടിക്കുകയായിരുന്നു. ജനങ്ങളിൽ പൂർണ വിശ്വാസമർപ്പിച്ച് മുന്നേറുന്ന എൽഡിഎഫ്  സർക്കാരിന് ഇതൊന്നുമൊരു പ്രതിസന്ധിയല്ല. അസംബന്ധമെന്ന് വിലയിരുത്തേണ്ട വീമ്പിളക്കലുകൾക്ക് അർഹിക്കാത്ത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിലപാടാണ് അതിനെ ഊതിവീർപ്പിക്കുന്നത്. ജനോന്മുഖ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഇതൊന്നും ഏശില്ല എന്നു മാത്രം പറയട്ടെ. ജനാധിപത്യത്തിൽ ജനങ്ങളാണ് ശരി. നുണ നൂറ്റൊന്നാവർത്തിച്ചാലും അത് ആര് പറഞ്ഞാലും നേരാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top