21 November Thursday

പൊളിഞ്ഞുവീണത്‌ നുണക്കോട്ടകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


രണ്ടു ദിവസമായി രണ്ട് അടിയന്തര പ്രമേയ ചർച്ചയ്‌ക്കാണ് കേരള നിയമസഭ വേദിയായത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നൽകിയതോടെ അവർ ശരിക്കും വെട്ടിലായി. മാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകളും ഭാവനയുമായിരുന്നു പ്രമേയങ്ങൾക്ക് അടിസ്ഥാനം. ഒരു തെളിവുമില്ലാതെ, കേട്ടുകേൾവികൾ ആരോപണമായി ഉന്നയിച്ച പ്രതിപക്ഷം നാണംകെട്ട് നിയമസഭയിൽനിന്ന് ഇറങ്ങി ഓടുന്നതാണ് കണ്ടത്. എന്തും വിളിച്ചുപറയാമെന്ന മട്ടിലായിരുന്നു യുഡിഎഫ്‌ അംഗങ്ങളുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ നേതാക്കളെയും വ്യക്തിഹത്യ നടത്തുന്നതിനപ്പുറം അവർക്ക്‌ ജനങ്ങളെയോ നാടിനെയോ ബാധിക്കുന്ന ഒന്നും പറയാനുണ്ടായിരുന്നില്ല. എട്ടുവർഷമായി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നവരുടെ മോഹഭംഗം നിറഞ്ഞതായിരുന്നു ചർച്ചകൾ. എന്നാൽ, ഭരണപക്ഷമാകട്ടെ അടിയന്തര പ്രമേയ ചർച്ച കോൺഗ്രസിന്റെയും ലീഗിന്റെയും തനിസ്വഭാവം തുറന്നുകാണിക്കാനുള്ള സുവർണാവസരമായി ഉപയോഗിച്ചു. യുഡിഎഫിന്റെ സംഘപരിവാർ ബന്ധങ്ങളുടെ ചരിത്രം അക്കമിട്ട് നിരത്തിയായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ പ്രസംഗം.

എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു ചൊവ്വാഴ്ചത്തെ അടിയന്തരപ്രമേയം. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളായിരുന്നു ബുധനാഴ്ചത്തെ വിഷയം. രണ്ടിലും വിവിധ തലങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ള  മുഖ്യമന്ത്രിയെയും എൽഡിഎഫ്‌ സർക്കാരിനെയും ആർഎസ്എസ് അനുകൂലികളായി ചിത്രീകരിച്ച്‌ അപകീർത്തിപ്പെടുത്തുകയായിരുന്നു പ്രമേയങ്ങളുടെ ലക്ഷ്യം. അതിനായി വ്യാജവാർത്തകളും നുണകളും സഭയിൽ വിളമ്പാനാണ് ശ്രമിച്ചത്. എന്നാൽ, ചരിത്രസത്യങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും കാര്യങ്ങൾ അവതരിപ്പിച്ചതോടെ തെളിഞ്ഞത്‌ കോൺഗ്രസിന്റെയും ലീഗിന്റെയും വികൃതമുഖമാണ്.

ഉദ്യോഗസ്ഥരെ മധ്യവർത്തിയാക്കി രാഷ്ട്രീയപ്രവർത്തനം നടത്തേണ്ട ഗതികേടില്ലെന്ന് വ്യക്തമാക്കിയ ഭരണപക്ഷം, യുഡിഎഫിന്റെ മുൻകാല ചെയ്തികൾ തെളിവുസഹിതം വിവരിച്ചതോടെ പ്രതിപക്ഷത്തിന്‌ ഉത്തരംമുട്ടി. മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ ജനസംഘവുമായി ചേർന്ന് സമരം ചെയ്തവരാണ് ഇപ്പോൾ മലപ്പുറം സ്നേഹവുമായി വന്നിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച്‌, സംഘപരിവാറിന്റെ എല്ലാ കുത്സിത നീക്കങ്ങളേയും  ശക്തമായി എതിർത്ത്‌ നിലകൊള്ളുന്ന ഇടതുപക്ഷത്തിനെ ആർഎസ്എസ് അനുകൂലികളാക്കാനുള്ള നീക്കം കേരളജനത തള്ളിക്കളയും. സംഘപരിവാറുമായി ഒളിഞ്ഞും തെളിഞ്ഞും സേവകൂടുന്നത്‌ യുഡിഎഫാണെന്ന്‌ രണ്ടു ദിവസത്തെ നിയമസഭയിലെ ചർച്ചയിൽനിന്ന്‌ വ്യക്തമായി.

പതിവ് നാടകത്തിനുവേണ്ടിയാണ് പ്രതിപക്ഷം പ്രമേയവുമായി എത്തിയതെന്ന്‌ തിങ്കളാഴ്ച സഭയിലുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി മലപ്പുറത്തെ അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെ പ്രതിപക്ഷത്തിന്റെ പദ്ധതികളെല്ലാം പാളി. ഹിന്ദുപത്രത്തിൽ വന്ന അഭിമുഖത്തിലെ പരാമർശമായിരുന്നു പ്രമേയവിഷയം. എന്നാൽ, അത് മുഖ്യമന്ത്രി പറയാത്തതാണെന്നും തെറ്റ് പറ്റിയതിൽ ഖേദിക്കുന്നതായും പത്രംതന്നെ വ്യക്തമാക്കിയിട്ടും പ്രമേയം കൊണ്ടുവന്ന്‌, മുഖ്യമന്ത്രിയെയും സർക്കാരിനെയും അപഹസിച്ച്‌ വാക്കൗട്ട് നടത്താനായിരുന്നു ശ്രമം. പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ സമ്മതിച്ചതോടെ തങ്ങളുടെ ഹീനനീക്കം തുറന്നുകാട്ടപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതിപക്ഷനേതാവും സംഘവും ബോധപൂർവം സഭാനടപടികൾ അലങ്കോലമാക്കി. തങ്ങൾ ഒളിച്ചോടിയത് ജനങ്ങൾ മനസ്സിലാക്കിയതിന്റെ ജാള്യം മറയ്ക്കാനാണ്  അടുത്തടുത്ത ദിവസങ്ങളിൽ വീണ്ടും അടിയന്തര പ്രമേയങ്ങളുമായി എത്തിയത്. എന്നാൽ, ആരോപണങ്ങൾക്ക് തെളിവില്ലാതെ, വസ്തുതകൾക്കു മുന്നിൽ ഉത്തരംമുട്ടി തലകുനിച്ച് ഇറങ്ങിപ്പോകേണ്ട ഗതികേടാണ് പ്രതിപക്ഷത്തിനുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനെല്ലാം ഭരണപക്ഷം കൃത്യമായ മറുപടി നൽകി. ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതുൾപ്പെടെ സർക്കാർനയവും നിലപാടുമെല്ലാം സഭയിൽ വ്യക്തമാക്കപ്പെട്ടതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള യുഡിഎഫിന്റെ എല്ലാ ശ്രമവും വിഫലമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top