17 September Tuesday

സാമൂഹ്യനീതിയിൽ അഭിമാനകരമായ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


സർക്കാർ നിയമനങ്ങളിൽ സംവരണതത്വം പാലിക്കുന്നതിൽ കേരള പബ്ലിക് സർവീസ് കമീഷൻ രാജ്യത്ത് ഒന്നാമതാണെന്ന വിവരം സാമൂഹ്യനീതിയുടെ കാര്യത്തിൽ സംസ്ഥാനം പുലർത്തുന്ന ജാഗ്രതയുടെ വ്യക്തമായ സൂചനയാണ്. ചരിത്രപരമായ കാരണങ്ങളാൽ നൂറ്റാണ്ടുകളായി സാമൂഹ്യ അന്തസ്സും അവസരങ്ങളും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനതയ്ക്ക് നീതി ലഭ്യമാക്കുന്നതിൽ കേരളം മുന്നിൽനിൽക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് സർക്കാർ സർവീസിൽ നടന്ന 34,110 നിയമനത്തിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നും 2673 പേർ പട്ടികജാതി വിഭാഗത്തിൽനിന്നും 2260 പേർ പട്ടികവർഗ വിഭാഗത്തിൽനിന്നുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ (24 കോടി) ഒരു വർഷത്തിനിടെ സർക്കാർ സർവീസിൽ ആകെ നിയമിച്ചത് 4120 പേരെയാണ്. അതിൽ പട്ടികവർഗക്കാർ  47 പേർമാത്രം. പട്ടികജാതിക്കാർ 685. ഒബിസി വിഭാഗത്തിൽനിന്ന് 948 പേരും. ഉയർന്ന ശമ്പളം ലഭിക്കുന്ന ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിൽ ജോലി ലഭിച്ച സംവരണ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണമാകട്ടെ തീരെ കുറവും.  ഗ്രൂപ്പ് എ തസ്തികയിൽ പട്ടികവർഗത്തിൽനിന്ന്‌ നിയമനം  ഒരാൾക്കുമാത്രം. പട്ടികജാതിയിൽപ്പെട്ട 18 പേർക്കും ഒബിസി വിഭാഗത്തിൽപ്പെട്ട 24 പേർക്കും മാത്രമാണ്‌ ഈ വിഭാഗത്തിൽ ജോലി ലഭിച്ചത്‌. സംവരണം നടപ്പാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങൾ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എത്രമാത്രം അലംഭാവം പുലർത്തുന്നു എന്നതിന് ഗുജറാത്തും ഉദാഹരണമാണ്. അവിടെ കഴിഞ്ഞ വർഷം സർക്കാർ ജോലിയിൽ ആകെ നിയമിച്ചത് 1680 പേരെമാത്രം. അതിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് 175 പേരും പട്ടികവർഗ വിഭാഗത്തിൽനിന്ന് 295 പേരും ഒബിസി വിഭാഗത്തിൽനിന്ന് 672 പേരുമാണുള്ളത്‌. സാമൂഹ്യനീതി നടപ്പാക്കുന്നതിന്‌ ഏറ്റവും ശക്തിയുള്ള ആയുധമായ സംവരണം അട്ടിമറിക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ് യൂണിയൻ പബ്ലിക് സർവീസ് കമീഷ (യുപിഎസ്‌സി)ന്റെ ന്യൂസ് ലെറ്ററിലെ ഈ കണക്കുകൾ. കേരളം അതിന് അപവാദമായി നിലകൊള്ളുന്നു എന്നത് മാനവികമൂല്യങ്ങളിൽ അടിയുറച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവും. 

സർക്കാർ നിയമനങ്ങളിലും സംസ്ഥാനം ഏറെ മുന്നിലാണെന്നത് പിഎസ്‌സിയുടെ കാര്യക്ഷമത വെളിവാക്കുന്നു. 2023ൽ രാജ്യത്താകെ സർക്കാർ സർവീസിൽ നിയമനം ലഭിച്ചത് 1,01,689 പേർക്കാണ്. അതിൽ 34,110 നിയമനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങളെയും സംവരണതത്വത്തെയും അട്ടിമറിച്ച്  പണവും സ്വാധീനവുമുള്ളവർ  സർക്കാർ ജോലികൾ തട്ടിയെടുക്കുന്ന സ്ഥിതിയാണ്‌. അതിനായി സമാന്തര സംവിധാനങ്ങൾതന്നെ  പ്രവർത്തിക്കുന്നു. കേരളത്തിലെ സർക്കാർ സർവീസ് ആകെയെടുത്താലും സംവരണം പാലിക്കുന്നതിലെ സൂക്ഷ്മത വ്യക്തമാണ്. ആകെയുള്ള 5,45,423 ജീവനക്കാരിൽ 51,783 പേർ പട്ടികജാതി വിഭാഗത്തിലും 10,513 പേർ പട്ടികവർഗത്തിലും 2,85,335 പേർ ഒബിസി വിഭാഗത്തിലും പെടുന്നവരാണ്. 1,96,837 പേർ മുന്നാക്ക വിഭാഗത്തിൽ പെടുന്നു.

സംവരണത്തിനെതിരായ വാദങ്ങൾ ശക്തിപ്രാപിക്കുന്ന ഒരു കാലഘട്ടത്തിലാണ് സംവരണത്തിന്റെ നീതി നന്നായി മനസ്സിലാക്കിയ ഒരു സർക്കാർ ഭരിക്കുന്ന കേരളം ഇക്കാര്യത്തിൽ പ്രായോഗിക തലത്തിലും ഏറെ മുന്നേറുന്നു എന്ന വിവരം പുറത്തുവരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ശ്രീ നാരായണഗുരുവിനെപ്പോലുള്ള സാമൂഹ്യപരിഷ്‌കർത്താക്കളും തുടക്കമിട്ട നവോത്ഥാനത്തിന്റെ വഴികളിലൂടെ സംസ്ഥാനത്തെ കൈപിടിച്ച് നടത്തുകയാണ് എൽഡിഎഫ് സർക്കാർ എന്നത് വലിയൊരു വിഭാഗം ജനതയ്ക്ക് നൽകുന്ന പ്രത്യാശ ചെറുതല്ല.

സവർണ ന്യൂനപക്ഷം ഭൂരിപക്ഷത്തെ അടിച്ചമർത്തിയ ഭീതിദമായ ഭൂതകാലത്തിൽനിന്ന് ഇന്ത്യ ഇനിയും മുക്തമായിട്ടില്ല. ജാതി ഇന്നും ഇന്ത്യയുടെ യാഥാർഥ്യമാണ്. ജാതി സൃഷ്ടിച്ച ക്രൂരമായ  അസമത്വത്തിൽനിന്നും അതിനീചമായ അവഹേളനങ്ങളിൽനിന്നും ഉയിർത്തെണീക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റ കാലംകൂടിയാണ് ഇത്. ഈ സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് അന്തസ്സും അഭിമാനവും അവസരങ്ങളും നൽകുക എന്ന മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്നത് കേരളീയരുടെ കർത്തവ്യമാണെന്ന് മറക്കാതിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top