22 November Friday

സ്‌ത്രീകൾ അരക്ഷിതമാകുന്ന ബംഗാൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


സ്‌ത്രീപദവിയിലും സ്‌ത്രീസുരക്ഷയിലും ഏറെ മുന്നിലുണ്ടായിരുന്ന നാടാണ്‌ ബംഗാൾ. ബ്രിട്ടീഷ്‌ ഭരണാധികാരികൾക്കെതിരെ ആയുധമെടുത്തു പോരാടിയ വനിതകൾ ആ നാടിന്റെ യശസ്സുയർത്തി. 1930 ഏപ്രിൽ 30ന്‌ സൂര്യസെന്നിന്റെ നേതൃത്വത്തിൽ  ഇന്നത്തെ ബംഗ്ലാദേശിലുള്ള ചിറ്റഗോങ്ങിലെ ആയുധപ്പുര ആക്രമിച്ച്‌ അവിടെ പ്രാദേശിക വിപ്ലവ സർക്കാർ രൂപീകരിച്ചപ്പോൾ  മാസ്‌റ്റർദായ്‌ക്ക്‌ തോളൊപ്പംനിന്ന കൽപ്പന ദത്തയുടെ പോരാട്ട വീറിന്റെ നേരവകാശികളായ വംഗനാട്ടിലെ ധീരവനിതകൾ. അവർ രാഷ്‌ട്രീയത്തിലും ഭരണരംഗത്തും  മാത്രമല്ല, സാഹിത്യ–- സംഗീത –- സിനിമാ മേഖലകളിലും അതിശയിപ്പിക്കുന്ന സാന്നിധ്യമറിയിച്ചു.
എന്നാൽ, ഇന്ന്‌ മമത ബാനർജി ഭരിക്കുന്ന പശ്‌ചിമ ബംഗാളിലെ  സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ച്‌ രാജ്യമാകെ ആശങ്കപ്പെടുകയാണ്‌. ആഗസ്‌ത്‌ ഒമ്പതിനാണ്‌ കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ  ജൂനിയർ ഡോക്‌ടറെ ആശുപത്രിയിലെ സെമിനാർ ഹാളിലിട്ട്‌  കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌.
ഈ സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തിൽ വലിയ സംവാദം ഉയരുകയാണ്‌. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സമഗ്ര കേന്ദ്രനിയമം അനിവാര്യമാണെന്ന ആവശ്യം സിപിഐ എമ്മും സിപിഐയും അടക്കമുള്ള പാർടികൾ ആവശ്യപ്പെട്ടിട്ട്‌ കേന്ദ്രസർക്കാർ അതിനോട്‌ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. 

കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാൻ തയ്യാറാകാത്ത മമത സർക്കാരിനും ഇനിയും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രനിയമം നടപ്പാക്കുന്നതിന്  വിമുഖത കാട്ടുന്ന മോദി സർക്കാരിനും ഒരുപോലെ പ്രഹരമാണ്‌ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായ ഇടപെടൽ. രാജ്യത്തെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ശുപാർശകൾ സമർപ്പിക്കുന്നതിനായി ഒരു ദേശീയ ദൗത്യസേനയെ നിയോഗിച്ചിരിക്കുകയാണ്‌ സുപ്രീംകോടതി. ഇനിയൊരു കൊലപാതകമോ പീഡനമോ സംഭവിക്കുന്നതുംവരെ രാജ്യത്തിനു കാത്തിരിക്കാനാകില്ലെന്ന  ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ വാക്കുകൾ ഈ സംഭവത്തിൽ  ബംഗാൾ സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും മനുഷ്യത്വവിരുദ്ധതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനും സുരക്ഷിത തൊഴിൽ സാഹചര്യം സൃഷ്‌ടിക്കാനും വേണ്ട കർമപദ്ധതി തയ്യാറാക്കലാണ്‌ ദൗത്യസേനയുടെ ലക്ഷ്യം. 

ഈ കേസ്‌ പരിഗണിക്കുന്നതിനിടെ ഇതേ വിഷയത്തിൽ കേരളം ശക്തമായ നിയമം നടപ്പാക്കിയെന്ന്‌ കോടതിയെ ധരിപ്പിച്ചത്‌ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്‌. ആരോഗ്യപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്‌ കേരളം നടപ്പാക്കിയ ശക്തമായ നിയമത്തെക്കുറിച്ച്‌ സുപ്രീംകോടതിയും എടുത്തു പറഞ്ഞിട്ടുണ്ട്‌.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതകളെ സ്ഥാനാർഥികളാക്കി വിജയിപ്പിച്ചതിൽ ഊറ്റംകൊള്ളുന്ന പാർടിയാണ്‌ തൃണമൂൽ കോൺഗ്രസും അതിന്റെ നേതാവും മുഖ്യമന്ത്രിയായ മമത ബാനർജിയും. പന്ത്രണ്ട്‌ വനിതകളെ സ്ഥാനാർഥികളാക്കുകയും  പതിനൊന്നു പേരെ വിജയിപ്പിക്കുകയും ചെയ്‌ത തൃണമൂൽ കോൺഗ്രസ്‌ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

ആർ ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്‌ടറെ തൃണമൂൽ കോൺഗ്രസ്‌ നേതാവായ ഒരാളും സംഘവും ചേർന്ന്‌ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയിട്ടും മമതയോ വിജയിച്ച ഏതെങ്കിലും വനിതാ പാർലമെന്റ്‌ അംഗമോ പ്രതികരിച്ചിട്ടില്ല. ഈ കൂട്ടബലാത്സംഗവും കൊലപാതകവും സമീപകാല ചരിത്രത്തിലെ ആദ്യത്തേത്‌ അല്ല എന്നതാണ്‌ ഏറ്റവും ദയനീയമായ വസ്‌തുത. 2012 ഫെബ്രുവരിയിൽ സുസെറ്റ്‌ ജോർദൻ എന്ന വനിതയെ കൊൽക്കത്ത പാർക്‌ സ്‌ട്രീറ്റിൽ ഓടുന്ന കാറിൽ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയത്‌ രാജ്യത്തെ ഞെട്ടിച്ചിരുന്നു. കെട്ടിച്ചമച്ച കഥയാണ്‌ ഇതെന്നു പറഞ്ഞ്‌ പൊലീസ്‌ കൈകഴുകാൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിഷേധമുയർന്നു. തുടർന്നാണ്‌ പ്രതികളെ പിടികൂടാൻ പൊലീസ്‌ തയ്യാറായത്‌.

2013 ജൂണിൽ കൊൽക്കത്തയ്‌ക്കടുത്ത്‌ കുമുദിനി ഗ്രാമത്തിൽ പരീക്ഷ കഴിഞ്ഞ്‌ മടങ്ങവെ കോളേജ്‌ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. ഗ്രാമങ്ങൾപോലും ഇത്തരം ആക്രമണങ്ങളിൽനിന്ന്‌ മുക്തമല്ലെന്ന്‌ അന്ന്‌ വ്യക്തമായി. അതേവർഷം ഒക്‌ടോബറിൽ നോർത്ത്‌ 24 പർഗാനാസിലെ മധ്യംഗ്രാമിലെ പതിനാറുകാരി രണ്ടു ദിവസം തുടർച്ചയായി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി. പിന്നീട്‌ അവരുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. 2014 സെപ്‌തംബറിൽ ജാദവ്‌പുർ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അക്രമികളെ പിടികൂടാൻ വലിയ പ്രക്ഷോഭം ആവശ്യമായി വന്നു.

തുടർന്നുള്ള വർഷങ്ങളിൽ നാദിയ ജില്ലയിലെ ഗാംഗ്‌നാപുരിലും ഹൻസ്‌ഖലിയിലും സൗത്ത്‌ 24 പർഗാനാസ്‌ ജില്ലയിലെ  ബാമൻഘട്ടയിലും നോർത്ത്‌ 24 പർഗാനാസ്‌ ജില്ലയിലെ സന്ദേശ്‌ഖലിയിലും ഡയമണ്ട്‌ ഹാർബറിലുമെല്ലാം സമാനമായ സംഭവങ്ങളുണ്ടായി. തൃണമൂൽ ഭരണം പിടിച്ചെടുത്തതോടെ അവിടെ അരങ്ങേറുന്ന മാഫിയരാജിന്റെ പ്രതിഫലനമാണ്‌ ഇത്തരം സംഭവങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top