17 September Tuesday

ക്ഷേമ ദർശനത്തിന്റെ ജനകീയ മാതൃക

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങളാകെ സംരക്ഷിച്ച് ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച നേടാനുള്ള അന്വേഷണങ്ങളാണ് എൽഡിഎഫ് സർക്കാരുകൾ തുടർച്ചയായി നടത്തുന്നത്. ഇത്തരത്തിലൊരു ബദൽ സമീപനം സാധ്യമാണെന്ന് കേരളം ഇതിനകം തെളിയിച്ചിട്ടുണ്ട്. ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിരിക്കുമ്പോൾത്തന്നെ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് തനിമയാർന്ന, വ്യത്യസ്തമായ പാത സ്വീകരിക്കാൻ കഴിയുമെന്നതിന് ഇവിടെ നടപ്പാക്കുന്ന എണ്ണമറ്റ സാമൂഹ്യ സുരക്ഷാ -ക്ഷേമനടപടികൾ ഉദാഹരണം. സാമൂഹ്യമായ പുറന്തള്ളൽ നടക്കുന്നൊരു രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന, അർഥവത്തായ ക്ഷേമദർശനത്തിന്റെ ജനകീയ മാതൃകയാണ് കേരളം നടപ്പാക്കുന്നത്. ഏതു പ്രതിസന്ധിയുടെ നടുക്കടലിൽ നിൽക്കുമ്പോഴും ഈ നിലപാടിൽനിന്ന് എൽഡിഎഫ് സർക്കാർ പിന്നോട്ടില്ല.

അർഹമായ ധനവിഹിതം നൽകാതെയും വായ്പാപരിധി വെട്ടിക്കുറച്ചും  ദ്രോഹിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴും സംസ്ഥാനസർക്കാർ എല്ലാവരെയും ചേർത്തുപിടിച്ച് ക്ഷേമ- ആശ്വാസ നടപടികൾ നടപ്പാക്കാൻ കഠിനപ്രയത്നം തുടരുന്നു. ഇപ്പോൾ, ഈ ഓണക്കാലത്ത് സർക്കാർ എത്രയെത്ര ആശ്വാസനടപടികളാണ് ഇതിനകം പ്രഖ്യാപിച്ചതും നടപ്പാക്കിയതും. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ ഇല്ലെങ്കിലും മലയാളിയുടെ മഹോത്സവമായ ഓണം അർഥപൂർണമാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുകയാണ്.

62 ലക്ഷംപേർക്ക് ഒരു മാസത്തെ കുടിശ്ശികയടക്കം മൂന്നു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടന്നുവരുന്നു. ക്ഷേമനിധി പെൻഷനുകളും ഇതോടൊപ്പം നൽകുന്നുണ്ട്.  ഒരു മാസത്തെ കുടിശ്ശികയുൾപ്പെടെ 1600 രൂപ വീതം മൂന്നു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ  നൽകുന്നതുവഴി 62 ലക്ഷംപേർക്ക് 4800 രൂപ വീതം ലഭിക്കും. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും കുടിശ്ശികയിൽ ഒരു ഗഡുവെങ്കിലും ഓണത്തിനുമുമ്പ് നൽകണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് യാഥാർഥ്യമാകുന്നത്. രാജ്യത്തുതന്നെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി കേരളത്തിലാണ്. പെൻഷൻ നൽകുന്നതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാർ കണ്ടെത്തുന്നു. കേന്ദ്രം നൽകുന്നത് വെറും രണ്ടുശതമാനം. ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവ ബത്തയായി 1000 രൂപ വീതവും നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്നാണ് ഇത് അനുവദിക്കുന്നത്.  സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസും കിട്ടും. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവ ബത്തയായും നൽകുന്നുണ്ട്. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്ക് പ്രത്യേക ഉത്സവ ബത്തയുണ്ട്. കെഎസ്ആർടിസിക്ക് കഴിഞ്ഞ ദിവസം 30 കോടി രൂപ അനുവദിച്ചു. 11 ന് മുമ്പ് ഒറ്റ ഗഡുവായിത്തന്നെ അവർക്ക് ശമ്പളം ലഭിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് അരിയടക്കം 1050 രൂപയുടെ സാധനങ്ങളടങ്ങുന്ന ഓണക്കിറ്റും നൽകുന്നുണ്ട്. സാമൂഹ്യ നീതിവകുപ്പും ‘ആശ്വാസകിരണ'ത്തിലൂടെ പത്തു കോടി രൂപയുടെ സഹായമെത്തിക്കുന്നു. ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7000 രൂപ ഉത്സവബത്തയും പെൻഷൻകാർക്ക് 2500 രൂപയും നൽകുന്നുണ്ട്.  ഇങ്ങനെ ഓരോ മേഖലയ്‌ക്കും സർക്കാരിന്റെ കൈത്താങ്ങ് എത്തുകയാണ്.

ഓണാഘോഷത്തിന് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാനും സർക്കാരിന്റെ കൃത്യമായ ഇടപെടലാണ് നടക്കുന്നത്. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾ വ്യാപകമായുണ്ട്. പൊതുവിപണിയിൽ 1203 രൂപയുള്ള  സാധനങ്ങൾ 775 രൂപയ്ക്ക് സപ്ലൈകോ ചന്തകളിലും ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. 428 രൂപയുടെ വ്യത്യാസം. രാജ്യത്ത് ഏറ്റവും ഫലപ്രദവും മാതൃകാപരവുമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാനമാണ് കേരളം.  വിലനിലവാരം ഏറ്റവും കുറവും ഇവിടെയാണ്. സപ്ലൈകോ ജില്ലാതലത്തിലും മണ്ഡലാടിസ്ഥാനത്തിലും ചന്തകൾ നടത്തുന്നതിനൊപ്പം സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ എ വൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റും നൽകുന്നുണ്ട്. ഇങ്ങനെ നാനാതരത്തിൽ, മനുഷ്യരുടെ  ജീവിതം സംരക്ഷിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ രാജ്യത്തിനാകെ പ്രതീക്ഷയും പ്രകാശവും മാതൃകയുമായി മാറുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top