25 December Wednesday

കേരളത്തോട് എന്തിനിത്ര വിവേചനം, അവഗണന

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


കേട്ടുകേൾവിപോലുമില്ലാത്ത വഴികളിലൂടെ കേരളത്തിന്റെ ധനപരമായ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും കൂച്ചുവിലങ്ങിട്ട് ഈ നാടിന്റെ മുന്നേറ്റം തടയുകയെന്ന ഗൂഢപദ്ധതിയാണ് കേന്ദ്ര സർക്കാർ തുടർച്ചയായി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ ആഖ്യാനങ്ങളും വാദഗതികളുമാണ് ഏതു കാര്യത്തിലും നരേന്ദ്രമോദി ഭരണം കേരളത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്. വിഭവവിന്യാസം ഫെഡറൽ മൂല്യങ്ങൾക്കൊത്ത് നീതിയുക്തമായല്ല കേന്ദ്രം നടപ്പാക്കുന്നതെന്ന സുപ്രധാന വിഷയം കേരളം എത്രയോവട്ടം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അങ്ങേയറ്റം വിവേചനപരവും അവഗണന നിറഞ്ഞതുമായ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന നിലപാട്‌.
തുറമുഖം നിർമിക്കാൻ നിക്ഷേപമിറക്കുന്നവർക്ക് നഷ്ടം നികത്താനായി നൽകുന്ന ധനസഹായമാണ് വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ് ). ഇത് ഗ്രാന്റാണ്, വായ്പയല്ല. തിരിച്ചടക്കേണ്ടതില്ല. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ ഇത് വായ്പയായി കണക്കാക്കുമെന്നും പലിശ സഹിതം തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിൽ മാത്രമേ പണം അനുവദിക്കൂ എന്നുമാണ് കേന്ദ്ര നിലപാട്. ഇതേസമയം, തൂത്തുക്കുടി തുറമുഖത്തിന് ഗ്രാന്റായാണ് അനുവദിച്ചത്. ഈ പരിഗണന കേരളത്തിന് നൽകുന്നില്ല. ഈ വിവേചനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിട്ടുണ്ട്.

വികസനത്തിന്റെയും പുരോഗതിയുടെയും  കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തുന്ന കുതിപ്പുകൾ രാജ്യമാകെ ശ്രദ്ധിക്കുന്നവയാണ്. ഈ മുന്നേറ്റത്തിൽ ലോകം ശ്രദ്ധിച്ച, ഏറെ തിളക്കമാർന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തിലൂടെ കൊച്ചുകേരളം ലോക തുറമുഖ ഭൂപടത്തിൽത്തന്നെ സ്ഥാനം പിടിച്ചു. ഏറ്റവും വലിയ കപ്പൽ അടുക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏക തുറമുഖമായ വിഴിഞ്ഞം രാജ്യത്തിന് വലിയ നേട്ടമാണെങ്കിലും കേരളത്തിലായതിനാൽ അത് യാഥാർഥ്യമാക്കാതിരിക്കാൻ കേന്ദ്രം ആവുന്നത്ര ശ്രമിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷവും ഇടങ്കോലിട്ടു. പക്ഷേ, എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ നാടിന്റെ  വികസന സ്വപ്നത്തെ സാഫല്യത്തിലെത്തിച്ചു. തുറമുഖത്ത് കൂറ്റൻ മദർഷിപ്പെത്തി.  ഇനിയിപ്പോൾ, സംസ്ഥാനത്തിന് അർഹമായ ധനസഹായം (ഗ്രാന്റ്‌) വായ്പയായി മാറ്റി ദ്രോഹിക്കാനാണ് നീക്കം. തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോഴത്തെ ചെലവ് 8867 കോടിരൂപയാണ്. അതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് ചെലവാക്കുന്നത്. ഇതിന് പുറമെ,അടിസ്ഥാന സൗകര്യ വികസനത്തിന് 4000 കോടി രൂപയും സംസ്ഥാനം ചെലവാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ്, കേരളത്തിന് അർഹമായ 817.80 കോടിയുടെ സഹായം വായ്പയായി മാറ്റുന്നത്. ഇത് കടുത്ത അനീതിയല്ലാതെ മറ്റൊന്നുമല്ല. ഓരോ വർഷവും കസ്റ്റംസ്, ജിഎസ്ടി ഇനത്തിൽ കോടിക്കണക്കിന് രൂപ തുറമുഖത്തിൽനിന്ന് കേന്ദ്രത്തിന് ലഭിക്കുമെന്ന വസ്തുതപോലും പരിഗണിക്കുന്നില്ല.

ഇന്ത്യയെന്ന ഫെഡറൽ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമാണ് കേരളം. ഒരു ഫെഡറൽ രാജ്യത്തിന്റെ വികസനം കേന്ദ്രവും സംസ്ഥാനങ്ങളും കൂടി സാധിച്ചെടുക്കേണ്ടതാണ്.  എന്നാൽ, വിഭവ സമാഹരണത്തിനുള്ള വലിയ ശേഷി കേന്ദ്രത്തിന്റെ കൈയിലാണ്. അതേസമയം, ചെലവുകളുടെ വലിയ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കും. അപ്പോൾ,  ഓരോ സംസ്ഥാനത്തിന്റെയും ആവശ്യകതയും വികസന ഘട്ടങ്ങളും പരിഗണിച്ച് ധനപരമായ അവകാശങ്ങൾ അംഗീകരിക്കേണ്ടതും സഹായങ്ങൾ നൽകേണ്ടതും കേന്ദ്ര സർക്കാരിന്റെ ചുമതലയാണ്. എന്നാൽ, കേരളത്തിൽ ഇടതുപക്ഷമാണ് ഭരിക്കുന്നത് എന്നതുകൊണ്ട്‌ സംസ്ഥാനത്തിന് നീതി നിഷേധിക്കുന്നു.

കാരുണ്യവും മനുഷ്യസ്നേഹവും പ്രവഹിക്കേണ്ട  പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്തുപോലും മോദി ഭരണം കേരളത്തോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ചു. 2018ലെ മഹാപ്രളയത്തിന്റെ കാലത്ത് വിതരണം ചെയ്ത സൗജന്യ അരിക്ക് പോലും പണം പിടിച്ചു പറിച്ചു. അന്ന് മറ്റ് രാജ്യങ്ങൾ കേരളത്തിന്‌  നൽകാമെന്ന് പറഞ്ഞ സഹായങ്ങൾ തടഞ്ഞു. ഇപ്പോൾ, വയനാട് മുണ്ടക്കൈ ദുരന്തത്തിലും  കേന്ദ്ര സർക്കാർ നയാപൈസ സഹായിച്ചിട്ടില്ല. നിർഭാഗ്യവശാൽ സംസ്ഥാനത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനെല്ലാം അരുനിൽക്കുന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനവും അവഗണനയും അവർ ഉന്നയിക്കുന്ന നീതിരഹിതമായ വാദങ്ങളും ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കുകയും ജനകീയ പ്രതിഷേധമുയർത്തുകയും മാത്രമാണ് പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top