18 September Wednesday

ചോര പടരുന്ന മണിപ്പുർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


വടക്കുകിഴക്കൻ മേഖലയിലെ തന്ത്രപ്രധാന സംസ്ഥാനം മണിപ്പുർ കലാപബാധിതമായിട്ട് 16 മാസം പിന്നിടുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര– --സംസ്ഥാന സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടതോടെ മണിപ്പുരിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യമാണ്. രണ്ട് ശത്രുരാജ്യം കണക്കെ മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ മിസൈലും ഡ്രോണുംവരെ ഉപയോഗിച്ച് ആക്രമണങ്ങൾ നടന്നു. അങ്ങേയറ്റം അപകടകരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു വിഭാഗം വിദ്യാർഥികളും അക്രമം തുടങ്ങിയതോടെ ഇംഫാലിൽ തെരുവുകളിലാകെ ഏറ്റുമുട്ടലുകളാണ്‌.  എരിതീയിൽനിന്ന്‌ വറചട്ടിയിൽ വീണ അവസ്ഥയിലാണ്‌ മണിപ്പുർ.  മെയ്‌ത്തീ ഭൂരിപക്ഷ മേഖലയായ ഇംഫാലിൽ കുക്കിവംശജർക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. കുക്കികൾക്ക് സ്വാധീനമുള്ള കുന്നിൻ മേഖലകളിൽ മെയ്‌ത്തീ വംശജർക്കും എത്താനാകുന്നില്ല. സാധാരണക്കാർക്ക് മാത്രമല്ല, പൊലീസ്- സൈനിക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഈ വേർതിരിവ് ബാധകമാണ്. താഴ്‌വരയ്‌ക്കും  കുന്നിൻപ്രദേശങ്ങൾക്കും മധ്യേ സൃഷ്ടിച്ചിരിക്കുന്ന ബഫർസോണുകളിൽ മാത്രമാണ് കുറച്ചൊക്കെ സുരക്ഷിതത്വം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗങ്ങളിലും വെടിവയ്‌പും കൊലപാതകങ്ങളും ഉണ്ടായി. ഇതുവരെ  നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ 2023 മെയ് മുതൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതിലേറെ പേർ ഇതര സംസ്ഥാനങ്ങളിൽ അഭയം തേടിയിരിക്കുന്നു.

ബിജെപിയുടെ ഇരട്ട എൻജിൻ ഭരണം വഴി സമാധാനവും പുരോഗതിയും കൈവരിച്ച സംസ്ഥാനമായാണ് മണിപ്പുരിനെ രണ്ടു വർഷം മുമ്പൊക്കെ ചില മാധ്യമങ്ങൾ വാഴ്‌ത്തിയത്. കോൺഗ്രസുകാരെ കൂട്ടത്തോടെ ചാക്കിട്ടുപിടിച്ച് ബിജെപി അധികാരം പിടിച്ച സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും മുൻ കോൺഗ്രസ് നേതാവാണ്. ഭരണം പിടിച്ചെടുത്ത ശേഷം സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും സംഘപരിവാറും നടപ്പാക്കിയ വിദ്വേഷപ്രചാരണ പദ്ധതിയാണ് മണിപ്പുരിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. സംഘപരിവാർ പിന്തുണയോടെ ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സംഘടനകൾ കുക്കികൾക്കെതിരെ തീവ്ര വിദ്വേഷപ്രചാരണം നടത്തുകയും വംശീയ–-- വർഗീയ വെറി പടർത്തുകയും ചെയ്തു. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉപയോഗിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ് മെയ്‌ത്തീ തീവ്രവാദികളുമായി രഹസ്യ ചർച്ചകൾ നടത്തുന്നതിന്റെ  ശബ്ദരേഖ ഈയിടെ പുറത്തുവന്നിരുന്നു.

മെയ്‌ത്തീ വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകിയ ഇംഫാൽ ഹൈക്കോടതി വിധിക്കു പിന്നാലെ 2023 മെയ്‌ മൂന്നിന്‌ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സംസ്ഥാനത്തെ സുരക്ഷാ സംവിധാനമാകെ തകർന്നടിഞ്ഞു. ഇംഫാലിലെ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആയിരക്കണക്കിന് തോക്കുകളാണ്  കവർച്ച ചെയ്യപ്പെട്ടത്. ഇവയിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാനായിട്ടില്ല.

മാസങ്ങൾ നീണ്ട ഇന്റർനെറ്റ് നിരോധനവും പതിനായിരക്കണക്കിന് സുരക്ഷാഭടന്മാരുടെ വിന്യാസവും കലാപത്തിന് തെല്ലും ശമനമുണ്ടാക്കിയില്ല. ഇരു വിഭാഗത്തിലുംപെട്ടവർ തോക്കുകളേന്തി അവരവരുടെ ഗ്രാമങ്ങൾക്ക് കാവൽനിൽക്കുന്നു.  കുന്നിൻ മേഖലകളിലെ  സ്‌ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും അടക്കം ആശുപത്രി ചികിത്സയോ വിദഗ്ധ പരിശോധനകളോ നിലവിൽ അസാധ്യമാണ്. പ്രസവ ശുശ്രൂഷകൾക്കുപോലും ആശുപത്രികളിൽ എത്താനാകുന്നില്ല. മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രികൾ ഇംഫാൽ താഴ്‌വരയിലാണ്. കുന്നിൻ മേഖലകളിലെ ഗ്രാമങ്ങളിൽനിന്ന് സുരക്ഷിതമായി ഇംഫാലിൽ എത്തിച്ചേരാനാകുമെന്ന് ആർക്കും ഉറപ്പില്ല; സർക്കാരിന് ഉറപ്പ് നൽകാനുമാകുന്നില്ല.  സമ്പന്നർക്ക് ഹെലികോപ്റ്ററുകളിൽ അയൽ സംസ്ഥാനങ്ങളിലേക്ക്‌ പോകാൻ സൗകര്യമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊയ്‌മുഖം വെളിപ്പെടുത്തുന്നതാണ്‌ മണിപ്പുരിലെ സംഭവവികാസങ്ങൾ. ഇത്രയുംകാലമായി അരാജകത്വം നടമാടുന്ന മണിപ്പുർ സന്ദർശിക്കാൻ മോദി തയ്യാറായിട്ടില്ല. തീർത്തും  നിഷ്‌ക്രിയഭരണം കാഴ്ചവയ്‌ക്കുന്ന ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബിജെപിക്കാരായ കുക്കി എംഎൽഎമാരും ആവശ്യപ്പെട്ടുവരികയാണ്. ഇതിനോടും കേന്ദ്രസർക്കാരും ബിജെപി ദേശീയ നേതൃത്വവും മുഖംതിരിഞ്ഞുനിൽക്കുന്നു. ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നതിനേക്കാൾ സങ്കുചിതരാഷ്‌ട്രീയനേട്ടമാണ്‌ ബിജെപിക്ക്‌ മുഖ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top