‘തെറ്റ് മനുഷ്യസഹജമാണ്. പൊറുക്കുന്നതും തിരുത്തുന്നതും മഹത്തരവും’–- ജീവിതത്തിലെന്നപോലെ, മാധ്യമങ്ങൾക്കും ബാധകമായ വചനം. എന്നാൽ, ബോധപൂർവം തെറ്റ് പ്രചരിപ്പിച്ചാലോ. തെറ്റ് ബോധപൂർവമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക മാത്രമേ നിവൃത്തിയുള്ളൂ. ‘ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ’ എന്നു പറയുന്നതുപോലെ, ഒന്നും ചെയ്യാനാകില്ല.
സമയവുമായുള്ള ഓട്ടമത്സരത്തിനിടയിൽ പത്ര–- ദൃശ്യ മാധ്യമങ്ങളിൽ അക്ഷരത്തെറ്റ്, വ്യാകരണത്തെറ്റ്, ഒപ്പം വസ്‌തുതാപരമായ പിശക് എന്നിവ സംഭവിച്ചേക്കാം. അങ്ങനെ വന്നാൽ തെറ്റ് തിരുത്തുക, തിരുത്തിയത് വായനക്കാരെ അറിയിക്കുക. മാന്യമായ മാധ്യമപ്രവർത്തനം അതാണല്ലോ. എന്നാൽ, ഈയടുത്ത കാലത്തെ വാർത്തകളെ നോക്കൂ. വ്യാജവാർത്ത സൃഷ്ടിക്കുക. അത് പത്രത്തിൽ പ്രസിദ്ധീകരിക്കുക. തെറ്റാണെന്ന് പൂർണബോധ്യമായിട്ടും തിരുത്ത് നൽകാതിരിക്കുക. അതല്ല, മാധ്യമപ്രവർത്തനം. മറ്റാർക്കോ വേണ്ടിയുള്ള ദല്ലാൾപ്പണിയെന്നാകും അതിന് ചേരുന്ന പേര്.
ബുധനാഴ്‌ച കോഴിക്കോട്ട് ഇറങ്ങിയ മലയാള മനോരമയുടെ രണ്ടാം പേജിൽ വാർഡ് വിഭജനത്തിൽ രാഷ്‌ട്രീയമെന്ന് ആരോപണം: തർക്കം എന്ന വ്യാജവാർത്ത അഞ്ചു കോളം തലക്കെട്ടിലാണ് നൽകിയത്. കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളമെന്ന് കിക്കറും നൽകി. ബുധനാഴ്‌ച പകൽ മൂന്നിന് യോഗം ചേരാനിരിക്കെയാണ് ഈ ‘വാർത്ത’യെന്ന് അറിയണം. ചേരാത്ത കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാർഡ് വിഭജനത്തെച്ചൊല്ലി തർക്കവും ബഹളവും എന്ന് വാർത്തയെഴുതുന്നതിലെ ‘രാഷ്ട്രീയം’ എന്താണെന്ന് അറിയാൻ തൊട്ടടുത്ത വാചകങ്ങൾ വായിച്ചാൽമതി. അത് യുഡിഎഫ് അംഗങ്ങളുടെ അഭിപ്രായമാണ്. അത് ഭാവനയിൽ എഴുതിയതാണെങ്കിൽപ്പോലും ആർക്കുവേണ്ടി എഴുതിയതാണെന്ന് വ്യക്തം.
അച്ചടി മാധ്യമ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത പുതിയ രീതിയാണ് മനോരമ ഇതിലൂടെ പരീക്ഷിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാനത്താകെ നടന്നുവരുന്ന വാർഡ് വിഭജനത്തിൽ അടിമുടി രാഷ്‌ട്രീയ ഇടപെടലെന്ന് വരുത്തിത്തീർക്കുക. ആ തീയതി മാറിയിരുന്നില്ലെങ്കിൽ ‘സത്യ’മായി അവർ കൊണ്ടാടുന്ന വാർത്തയായേനെ ഈ ‘നുണക്കഥ’.
ഇങ്ങനെ എത്രയെത്ര നുണക്കഥകൾ വലതുപക്ഷ മാധ്യമങ്ങൾ വായനക്കാരുടെ തലച്ചോറിലേക്ക് കുത്തിക്കയറ്റുന്നുണ്ട്. മലയാള മനോരമയുടെ ഇടതുപക്ഷ വിരുദ്ധത മലയാളികളോട് പറഞ്ഞറിയിക്കേണ്ടതില്ല. ഇടതുപക്ഷത്തിനെതിരെ ഇവർ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നതും ഇതാദ്യമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് തോറ്റസ്ഥാനാർഥിയായ അരിത ബാബു ജയിച്ചെന്നും അത് സിപിഐ എമ്മിലെ വിഭാഗീയതയാലാണെന്നും വെണ്ടയ്‌ക്ക അക്ഷരത്തിൽ ഓൺലൈനിൽ നിരത്താൻ ഒരു മടിയും കാണിച്ചില്ല. അവിടെ സിപിഐ എമ്മിലെ യു പ്രതിഭ 6298 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി പ്രഖ്യാപിച്ചതിനു ശേഷമാണ് ആ പത്രത്തിന്റെ മനസ്സിലിരിപ്പ് വാർത്തയിലൂടെ പുറത്തുചാടിയത്. എൽഡിഎഫ് ഭരിക്കുന്നതിനാൽ ഈ വിരുദ്ധത ഇപ്പോൾ കേരളത്തോടായി വികസിച്ചിട്ടുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ ഹൈക്കോടതിയിൽ സംസ്ഥാനം സമർപ്പിച്ച പ്രതീക്ഷിത എസ്റ്റിമേറ്റിനെ, ചെലവഴിച്ച തുകയായി ചിത്രീകരിച്ച് സർക്കാരിനെതിരെ വാർത്ത ചമയ്ക്കാൻ കാട്ടിയ മത്സരം ഏറെ ചർച്ചയായിരുന്നു. ഇത് പ്രതീക്ഷിത കണക്കാണെന്ന് സർക്കാർ വ്യക്തമാക്കിയശേഷവും അതിനെ കണക്കിനെച്ചൊല്ലി വിവാദമെന്നാക്കി മാറ്റി. അതേസമയം, ദുരന്തം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേരളത്തിന് അർഹമായ സഹായം നൽകാത്ത കേന്ദ്രനിലപാടിനെക്കുറിച്ച് അർഥഗർഭമായ മൗനം തുടരുകയും ചെയ്യുന്നു.
എൽഡിഎഫ് വിരുദ്ധതയിൽ മറ്റു മാധ്യമങ്ങളും ഒറ്റക്കെട്ടായി മനോരമയ്‌ക്കു പിന്നിലോ മുന്നിലോ ആയി അണിചേരുന്നുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്ക് പൊലീസ് സഹായം ചെയ്‌തെന്നാണ് ഇപ്പോൾ പ്രചാരണം. അതേസമയം, പൊലീസും പ്രോസിക്യൂഷനും എടുത്ത നിലപാടാണ് റിമാൻഡിലേക്ക് നയിച്ചതെന്നത് മറച്ചുവയ്‌ക്കുന്നു. മോൺസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പുകേസിൽ കെ സുധാകരനെതിരെയും ബലാത്സംഗ പരാതിയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ ഇക്കൂട്ടർക്ക് അത് രാഷ്‌ട്രീയ പകപോക്കലായിരുന്നു. പി വി അൻവർ എംഎൽഎ സിപിഐ എമ്മിനൊപ്പം നിന്നപ്പോൾ കൈയേറ്റക്കാരനും വിടുവായനുമായിരുന്നു. എൽഡിഎഫിനോട് തെറ്റിയപ്പോൾ നിമിഷനേരംകൊണ്ട് വീരനായകനായി. ഏറ്റവും ഒടുവിൽ മാധ്യമ വിമർശത്തോട് പത്രങ്ങൾ സ്വീകരിച്ച നിലപാടിലും ഈ ഇരട്ടത്താപ്പ് വ്യക്തമാണ്. പാലക്കാട്ട് എൻ എൻ കൃഷ്‌ണദാസിന്റെ വിമർശത്തിൽ എഡിറ്റോറിയൽ എഴുതിയ ‘സ്വാതന്ത്ര്യ സമര പാരമ്പര്യ’മുള്ള പത്രം സുരേഷ് ഗോപിയുടെയും വി ഡി സതീശന്റെയും വാക്കുകൾ കണ്ടതേയില്ല. നുണകളുടെ കാലത്തും ചില സത്യങ്ങൾ അൽപ്പം വൈകിയാണെങ്കിലും പുറത്തുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം നുണക്കഥകൾ അക്കമിട്ട് നിരത്തി പൊളിച്ചടുക്കാൻ പുതുതലമുറയ്‌ക്ക് കഴിയുന്നുണ്ട്. കള്ളപ്രചാരവേലകൾ വിചാരണ ചെയ്യപ്പെടുന്നുണ്ടെന്ന് ഈ മാധ്യമ ങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കൂട്ടരുടെ സർക്കുലേഷനിൽവരെ പ്രതിഫലിച്ചുതുടങ്ങുന്നത് ഇടിയുന്ന വിശ്വാസ്യതയുടെകൂടി ഭാഗമാണെന്ന കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാകുന്നില്ലെന്നത് ഗതികേടെന്നേ പറയാനാകൂ. നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനം ജനാധിപത്യത്തെ രണ്ടടി പുറകോട്ട് കൊണ്ടുപോകുകയാണെന്നു പറഞ്ഞ ജസ്റ്റിസ് എൻ രമണയുടെ വാക്കുകളും ഇതോട് ചേർത്തുവായിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..