23 December Monday

കുടിയൊഴിപ്പിക്കുന്നവരും കിടപ്പാടം സംരക്ഷിക്കുന്നവരും

വെബ് ഡെസ്‌ക്‌Updated: Saturday May 4, 2019


ഐക്യകേരളത്തിലെ പ്രഥമ സർക്കാർ 1957ൽ  അധികാരത്തിലെത്തിയപ്പോൾ അതിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്, സ്വന്തം കിടപ്പാടത്തുനിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാനിടയുള്ള പാവങ്ങളുടെ അരക്ഷിതാവസ്ഥയിലേക്കാണ്. ഇ എം എസ് മന്ത്രിസഭ നിലവിൽവന്ന ഉടനെ  കുടിയൊഴിപ്പിക്കൽ നിരോധിച്ചു. കർഷകൻ താമസിക്കുന്ന ഭൂമിയിൽനിന്ന‌് അവനെ കുടിയൊഴിപ്പിക്കുന്നത് എന്ത് കാരണങ്ങൾ കൊണ്ടായാലും അനുവദിക്കില്ല എന്ന്   നിയമവ്യവസ്ഥകൾ വിശദീകരിച്ച്   മുഖ്യമന്ത്രി ഇ എം എസ‌് നിയമസഭയിൽ പ്രഖ്യാപിച്ചു. ഇത് ആധുനികകേരളത്തിന്റെ ചരിത്രമാണ്; കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അഭേദ്യമായ അധ്യായമാണ്. കമ്യൂണിസ്റ്റ‌്  പാർടി കുടിയൊഴിപ്പിക്കലിനെതിരായ യുദ്ധപ്രഖ്യാപനമാണ് നടത്തിയതെങ്കിൽ, സ്വതന്ത്ര ഇന്ത്യയിൽ ഭരണാധികാരം ഏറ്റെടുത്ത കോൺഗ്രസിന്റേത്  മറ്റൊരു മുഖമാണ്. അടിയന്തരാവസ്ഥക്കാലത്ത് പഴയ ഡൽഹിയിലെ   തുർക്മാൻ ഗേറ്റ്, ജുമാ മസ്ജിദ് പ്രദേശങ്ങളിലെ ചേരികളുടെയും താഴ് ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം ആ ദുർമുഖത്തിന്റെ നേർചിത്രമാണ്.  ഡൽഹിയിൽമാത്രം 1,50,105 കുടിലുകൾ തകർത്തു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയെ മോടിപിടിപ്പിക്കാൻ ചേരികളും കോളനികളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആ തകർക്കലിൽ, പ്രതിഷേധം പ്രകടിപ്പിച്ചവർക്കെതിരെ  പൊലീസ് വെടിവച്ചു; നിരവധിപേർ മരിച്ചു.

പച്ചമനുഷ്യന്റെ ജീവിതം കാണാത്തവർക്ക് അവന്റെ കിടപ്പാടത്തെക്കുറിച്ച‌് വേവലാതിയുണ്ടാകില്ല. കോൺഗ്രസിന്റെ തുടർച്ചയാണ്  ബിജെപി. ഒന്നരവർഷം മുമ്പ‌് ഡൽഹിയിൽത്തന്നെ അരങ്ങേറിയ മറ്റൊരു കുടിയൊഴിപ്പിക്കലും അതിക്രമങ്ങളും വലിയ വാർത്താപ്രാധാന്യം നേടിയതാണ്. ഡൽഹിയിലെ  വ്യാപാരകേന്ദ്രമായ കൊണാട്ട്പ‌്ളേസിൽനിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള  കട്പുത‌്‌ലി കോളനിവാസികളെ   ചേരിനിർമാർജനം, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ ന്യായങ്ങൾ പറഞ്ഞാണ് ഇറക്കിവിട്ടത്. അതിൽ പ്രതിഷേധിക്കുകയും പുനരധിവാസം ഉറപ്പാക്കണം എന്നാവശ്യപ്പെടുകയുംചെയ‌്ത പാവങ്ങളെ ക്രൂരമായി വേട്ടയാടുകയായിരുന്നു.  ഇത്രയും കാര്യങ്ങൾ ഇവിടെ ഓർക്കേണ്ടിവരുന്നത്, ജയ‌്പുരിൽനിന്നുള്ള ഒരു വാർത്തയുടെ പശ്ചാത്തലത്തിലാണ്. അവിടെ,   പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്ക‌് വേദിയൊരുക്കാൻ മുന്നൂറോളം വീടുകൾ ഇടിച്ചുനിരത്തി എന്നാണ‌് വാർത്ത.  മാനസസരോവറിന് സമീപമുള്ള ഒരു ചേരി അപ്പാടെ  ബുൾഡോസർകൊണ്ട്‌ നിരപ്പാക്കി മോഡിക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ നിലം ഒരുക്കിയത്, സാർവദേശീയ തൊഴിലാളിദിനത്തിൽ ത്തന്നെയാണ്.

ഇറങ്ങിപ്പോകണം എന്ന ആജ്ഞയുമായി എത്തിയ പൊലീസിന് മുന്നിൽ പകച്ചുനിന്ന പാവങ്ങളുടെ കണ്ണീർ സാക്ഷിയാക്കി ചെറു കുടിലുകൾ നിമിഷവേഗത്തിൽ പൊളിച്ചുനീക്കി. സാധനങ്ങൾ കൊണ്ടുപോകാനോ സുരക്ഷിതസ്ഥലത്തേക്ക് താമസം മാറാനോ ഉള്ള സാവകാശംപോലും നൽകിയില്ല. ആ സ്ഥലത്ത‌് സംഭവിച്ച  കാര്യങ്ങൾ "ദി  വയർ’ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്:‘വീട് പൂർണമായി തകർത്തതോടെ എവിടെ കയറിക്കിടക്കണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് ഇവിടെ താമസിച്ചിരുന്ന ജനങ്ങൾ. വീട് തകർത്തതോടെ സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിട്ടുള്ളത്. ഇത് ഉപേക്ഷിച്ച് ജോലിക്കുപോയാൽ തിരികെ എത്തുമ്പോൾ ആകെയുള്ളതുപോലും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇവർ. പൊലീസ് ഇവിടെനിന്ന‌് തങ്ങളെ നീക്കം ചെയ്യുമെന്ന ഭയവും ഇവർക്കുണ്ട്. താമസിക്കാൻ മറ്റൊരു സ്ഥലമില്ല, തങ്ങൾ റോഡിൽ താമസിക്കാറുണ്ട‌് എന്നുകരുതി മാലിന്യക്കൂമ്പാരത്തിൽ താമസിക്കാൻ കഴിയില്ല. ആവശ്യത്തിലധികം അഴുക്ക‌് ഇവിടെയുണ്ട‌്. ഭക്ഷണം പാകംചെയ്യാൻപോലും കഴിയാത്ത അവസ്ഥയുണ്ട‌്. പാത്രങ്ങളിൽനിന്ന്‌ ദുർഗന്ധം വന്നുതുടങ്ങി.  സുരക്ഷാ പ്രശ്നം കാരണമാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണമത്രെ.  ഭീകരപ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യതയും ഇടിച്ചുനിരത്തലിന‌് കാരണമായി പറയുന്നുണ്ട്.

യഥാർഥത്തിൽ നരേന്ദ്ര മോഡിയും കേന്ദ്രഭരണവും ജനങ്ങളെ എങ്ങനെ കാണുന്നു; എങ്ങനെ നേരിടുന്നു എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.  പാവങ്ങളുടെ ഭൂമിയും കിടപ്പാടവും ഇല്ലാതാക്കാനാണ് ശ്രമങ്ങളാകെ. തുച്ഛമായ നഷ്ടപരിഹാരം നൽകി കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കാൻ വൻകിട കോർപറേറ്റുകൾക്ക് ഒത്താശചെയ്യുന്നത് മോഡി സർക്കാരിന്റെ നയമാണ്.  2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തെ  ദുർബലമാക്കാനാണ്  ശ്രമിക്കുന്നത്.  വ്യവസായ ഇടനാഴികളുടെയും ചരക്ക് കടത്ത് ഇടനാഴികളുടെയും ബുള്ളറ്റ് ട്രെയിനിന്റെയുംമറ്റും പേരിൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും സാധാരണക്കാരുടെ ഭൂമിയും തട്ടിയെടുക്കാൻ വൻകിട കോർപറേറ്റുകൾക്ക് അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്.  ഇതാകട്ടെ   ഭൂമിയുടെ യഥാർഥ വിലയുടെ പത്തിലൊന്ന് മാത്രം നൽകിയാണ്. അത്തരം ജനവിരുദ്ധസമീപനം കൈമുതലായുള്ള ഭരണാധികാരിക്ക് പ്രസംഗിക്കണമെങ്കിൽ പാവങ്ങളുടെ സ്വപ‌്നങ്ങൾ സംസ‌്കരിച്ച മൺകൂനയ‌്ക്ക‌് മുകളിൽ കയറിനിൽക്കണം എന്ന് തോന്നുന്നത് അദ്ദേഹം പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന്റെ കുഴപ്പമാണ്. അത് ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയമല്ല. അതുകൊണ്ടാണ്, ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനഭരണം ലഭിച്ചപ്പോൾ കമ്യൂണിസ്റ്റ‌് പാർടി എന്ത് ചെയ‌്തു എന്നും ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പാവങ്ങൾക്ക് കിടപ്പാടമൊരുക്കാൻ എന്തൊക്കെ ചെയ്യുന്നു എന്നും ഓർമിപ്പിക്കേണ്ടിവരുന്നത്. കുടിയൊഴിപ്പിക്കുന്നവരും കിടപ്പാടം സംരക്ഷിക്കുന്നവരും തമ്മിലുള്ള വ്യത്യാസമാണ് ബിജെപിയും ഇടതുപക്ഷവും തമ്മിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top