22 December Sunday

ഉറച്ച നിലപാടാണ്‌, വാക്ക്‌ പാലിക്കാനാണ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽത്തന്നെ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട്‌ വന്നതിനെ തുടർന്ന്‌ എഡിജിപി എം ആർ അജിത്‌കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന്‌ നീക്കിയിരിക്കുന്നു. എഡിജിപി മനോജ്‌ എബ്രഹാമിന്‌ ആ ചുമതല കൈമാറി. സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ്‌ അജിത്‌കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചത്‌. റിപ്പോർട്ട്‌ മേശപ്പുറത്തുവന്ന്‌ ഒട്ടും താമസിയാതെ മുഖ്യമന്ത്രി പിണറായി വിജയൻ അക്കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്തു.

ആരോപണം ഉയർന്ന ഘട്ടത്തിലും വിവിധ പാർടികളുടെ നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിച്ച ഘട്ടങ്ങളിലും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സത്യത്തിന്റെ കണികപോലും ഇല്ലാതെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും മുഖ്യമന്ത്രിയും എൽഡിഎഫും ഒട്ടും ചാഞ്ചല്യമില്ലാതെ പറഞ്ഞ വാക്കാണ്‌ നടപ്പാക്കിയത്‌; ‘ ആരോപണം ഉന്നയിക്കുന്നത്‌ ആരെന്നത്‌ പരിഗണിക്കാതെ വസ്തുതാപരമായി കാര്യങ്ങൾ അന്വേഷിക്കും, തെറ്റ്‌ ചെയ്തിട്ടുണ്ടെന്ന്‌ കണ്ടെത്തിയാൽ എത്ര ഉന്നതനായാലും നടപടിയെടുക്കും. ’

പൊലീസ്‌ തലവൻ ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിനെത്തന്നെ അന്വേഷണ ചുമതലയേൽപ്പിച്ചതുവഴി ഇക്കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള അലംഭാവമോ വിട്ടുവീഴ്‌ചയോ ഇല്ലെന്ന്‌ മാത്രമല്ല, ഒരാളോടും പ്രത്യേക മമതയില്ലെന്നുകൂടിയാണ്‌ സർക്കാർ തെളിയിച്ചത്‌. എഡിജിപി എന്തിന്‌ ആർഎസ്‌എസ്‌ നേതാക്കളെ കണ്ടുവെന്നത്‌ അന്വേഷിക്കണമെന്ന്‌ ആദ്യംമുതലേ തന്നെ സർക്കാരും എൽഡിഎഫും എടുത്ത നിലപാടാണ്‌.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനും മറ്റും അതിന്റേതായ ചട്ടവും ക്രമവുമുണ്ടെന്ന്‌ അറിയാത്തവരല്ല പ്രതിപക്ഷവും അവരെ കണ്ണുകെട്ടിയവിധം പിന്തുണയ്ക്കുന്ന മാധ്യമങ്ങളും. കൃത്യമായ കാരണം കണ്ടെത്തിയാൽ ഒരു നിമിഷം നടപടി വൈകില്ലെന്നതിന്‌ തെളിവാണ്‌ പത്തനംതിട്ട എസ്‌പി ആയിരുന്ന സുജിത്‌ദാസിന്റെ സസ്‌പെൻഷൻ.  തെറ്റ്‌ ചെയ്തതായി കണ്ടെത്തിയ പൊലീസുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ എടുത്ത നടപടികളുടെ പരമ്പര തന്നെ  സർക്കാരിന്‌ പറയാനുണ്ട്‌.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന്‌ മാറ്റിയതോടെ, സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ആഴ്‌ചകളായി മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ച അപവാദങ്ങളും അധിക്ഷേപങ്ങളും അവരെത്തന്നെ തുറിച്ചു നോക്കുകയാണ്‌. തങ്ങൾ ഉന്നയിക്കുന്ന പരാതിയിന്മേൽ ശരിയായ അന്വേഷണം നടത്തി നടപടിയുണ്ടാകുക എന്നതല്ല, മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും എങ്ങനെയും അധിക്ഷേപിക്കലാണ്‌ പരാതിക്കാരനും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമുള്ള താൽപ്പര്യമെന്ന്‌ പകൽപോലെ വ്യക്തം. ഇത്‌ കേരളത്തിലെ പ്രതിപക്ഷവും സിപിഐ എം വിരുദ്ധ മാധ്യമങ്ങളും തുടർന്നുപോരുന്ന സമീപനമാണ്‌. വസ്തുതകളിലേക്ക്‌ വെളിച്ചം വീശുന്ന ഒരുകാര്യത്തേയും അനുകൂലിക്കാത്ത ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ മുഖ്യമന്ത്രിയെ മോശക്കാരനാക്കാം എന്ന വ്യാമോഹത്തിന്റെ ശൂന്യാകാശത്താണ്‌ വിഹരിക്കുന്നത്‌.

ഏറ്റവും ഒടുവിൽ, തിങ്കളാഴ്‌ച നിയമസഭയിൽ നടന്നകാര്യങ്ങളും അതിന്റെ തുടർച്ചയാണ്‌. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മോശമായി ചിത്രീകരിച്ച ചരിത്രമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ അങ്ങനെയൊരു മാറാപ്പുകൂടി ചാർത്താം എന്ന ദ്രോഹകരവും നികൃഷ്ടവുമായ ചിന്തയാണ്‌ പ്രതിപക്ഷത്തിന്‌. വസ്തുത ജനം അറിയണം എന്ന വാശിയോടെതന്നെ, അടിയന്തരപ്രമേയ ചർച്ചയ്ക്ക്‌ സന്നദ്ധത അറിയിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പ്രതിപക്ഷം. പറയാനുള്ളതെല്ലാം സ്പഷ്ടമായി അവതരിപ്പിക്കാൻ കിട്ടിയ സുവർണാവസരം ഉപേക്ഷിച്ച്‌ അവർ സഭ അലങ്കോലപ്പെടുത്തി. എഡിജിപി വിഷയത്തിൽ ഇനി മിണ്ടിയിട്ട്‌ കാര്യമില്ലെന്ന്‌ ബോധ്യമായതോടെയാണ്‌ മലപ്പുറത്തെ അനാവശ്യ വ്യാഖ്യാനങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കാൻ പ്രതിപക്ഷം തുനിഞ്ഞത്‌. അതിലും സർക്കാരിന്‌ മറച്ചുവയ്ക്കാൻ ഒന്നുമില്ലായിരുന്നു.

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിട്ടാണ് എന്ന്‌ പ്രചരിപ്പിച്ചവർ  നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തെയാണ്‌ മറച്ചുവയ്ക്കാൻ ശ്രമിച്ചത്‌. രാഷ്ടീയ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ ഉപയോഗിച്ച ചരിത്രം എൽഡിഎഫിന്‌ ഉണ്ടെന്ന്‌ തെളിയിക്കാൻ ഒരു വാർത്തയുടെ രൂപത്തിലുള്ള തെളിവുപോലും ഇല്ല. എന്നാൽ, കോൺഗ്രസ്‌ നേതാക്കൾ പൊലീസിനെ വ്യക്തിനേട്ടത്തിനും രാഷ്‌ട്രീയ നേട്ടത്തിനും ഉപയോഗിച്ചതിന്റെ ചരിത്രം വാർത്തകളായി മാത്രമല്ല, പുസ്തകങ്ങളായും ഏറ്റുപറച്ചിലുകളായും കോൺഗ്രസ്‌ നേതാക്കളുടെ വെളിപ്പെടുത്തലായിപോലുമുണ്ടെന്ന ചരിത്രവസ്തുത മറ്റാര്‌ മറന്നാലും ജനം മറക്കില്ലെന്നുകൂടി ഓർക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top