08 September Sunday
vizhinjam port deshabhimani editorial

കേരളത്തിന്‌ അഭിമാനമായി വിഴിഞ്ഞം തുറമുഖം

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2024
എൽഡിഎഫ്‌ സർക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത വികസന കാഴ്‌ചപ്പാടിന്‌ മറ്റൊരു പൊൻതൂവലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ ചരക്ക്‌ കപ്പൽ വ്യാഴാഴ്ച തീരത്തടുക്കുന്നത് കേരളത്തിന് അഭിമാന മുഹൂർത്തമാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ്‌ തുറമുഖമാണ് വിഴിഞ്ഞം. സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖം ഒക്ടോബറിൽ കമീഷൻ ചെയ്യുമെന്ന തുറമുഖ മന്ത്രി വി എൻ വാസവന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ്‌ കേരളം എതിരേൽക്കുന്നത്‌. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വികസനമുന്നേറ്റമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. അത് കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായകമാകും. അന്താരാഷ്‌ട്ര ചരക്ക്‌ നീക്കത്തിൽ മാത്രമല്ല, വ്യവസായം, ടൂറിസം രംഗത്തും കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം വഴിവയ്‌ക്കും. കൂറ്റൻ ആഡംബരക്കപ്പലുകൾക്ക് എത്താനുള്ള പ്രത്യേക പാതയും ഒരുക്കുന്നുണ്ട്.
 
നാലു ഘട്ടത്തിലായാണ് തുറമുഖനിർമാണം. ആദ്യഘട്ടമാണ് പൂർത്തിയാകുന്നത്. 9000 കണ്ടെയ്‌നറുമായി ചൈനയിൽ നിന്നെത്തുന്ന സാൻ ഫെർനാണ്ടോ എന്ന കപ്പലിന്‌ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമ്പോൾ കാലങ്ങളായുള്ള കേരളത്തിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തുറമുഖത്തിന്റെ വികസനത്തിനായി നീണ്ടനാളത്തെ മുറവിളികൾക്കൊടുവിൽ 2015ൽ ആണ് തുടക്കംകുറിച്ചത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് അദാനി ഗ്രൂപ്പിന് കരാർ നൽകിയതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. കഴിഞ്ഞ എട്ടുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നിരന്തരശ്രമത്തിന്റെ ഫലമാണ് തുറമുഖം യാഥാർഥ്യമാകുന്നത്. നിരവധി പ്രതിബന്ധങ്ങളുണ്ടായെങ്കിലും സർക്കാരിന്റെ അവസരോചിതമായ ഇടപെടലിൽ അവയ്‌ക്കെല്ലാം പരിഹാരം കാണാൻകഴിഞ്ഞു.
 
വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകതകളേറെയാണ്. അന്താരാഷ്ട്ര കപ്പൽപ്പാത ഇവിടെനിന്ന് 10 നോട്ടിക്കൽ മൈൽ (19 കിലോമീറ്റർ)മാത്രം അകലെയാണ്. ഡ്രെഡ്ജിങ്‌ കൂടാതെ 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകസ്ഥലമാണ് വിഴിഞ്ഞം. ഇതുമൂലം 24,000 ടിഇയുവിനു മുകളിൽ ഭാരം കയറ്റാവുന്ന കൂറ്റൻ കപ്പലുകൾക്ക് അടുക്കാൻ ഒട്ടും പ്രയാസമുണ്ടാകില്ല. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖം സർക്കാർ സ്വകാര്യസംയുക്ത സംരംഭമായാണ് വികസിപ്പിക്കുന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ് നടത്തിപ്പുചുമതല. അദാനി ഗ്രൂപ്പിന് 40 വർഷത്തെ നടത്തിപ്പ് അവകാശമാണ് നൽകിയിരിക്കുന്നത്. 31,000 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. 8493 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്.
 
ആദ്യമെത്തുന്ന സാൻ ഫെർനാണ്ടോ ലോകത്തിലെ രണ്ടാമത്തെ കപ്പൽ കമ്പനിയായ മെർസ്കിന്റെ മദർഷിപ്പാണ്‌. ഇതിലെത്തുന്ന നിരവധി കണ്ടെയ്നറുകൾ ഇറക്കി വെള്ളിയാഴ്ച വൈകിട്ട്‌ തിരിച്ചുപോകും. ഇതിൽ 400 കണ്ടെയ്‌നർ ഇറക്കാൻ തുറമുഖത്ത്‌ ഒരുക്കിയിട്ടുള്ള സൗകര്യം പ്രയോജനപ്പെടുത്തും. കൊൽക്കത്ത, മുംബൈ തുറമുഖത്തേക്കുള്ള കണ്ടെയ്നറാണ് ഇറക്കുന്നത്. ഇത് അങ്ങോട്ടുകൊണ്ടുപോകാനുള്ള വാണിജ്യക്കപ്പലുകളും അടുത്തദിവസം വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ചത്തെ സ്വീകരണത്തിനുശേഷം മൂന്നുമാസത്തെ ട്രയൽ റണ്ണാണ്‌. ഇതിനിടയിൽ നിരവധി കപ്പലുകൾ തുറമുഖത്തെത്തി തിരിച്ചുപോകും. 
ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി മാറുകയാണ്‌ വിഴിഞ്ഞം. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, തെക്ക് കിഴക്കൻ ഏഷ്യ,വിദൂര പൗരസ്ത്യദേശം (ചെെന,ജപ്പാൻ അടക്കമുള്ള കിഴക്കനേഷ്യൻ രാജ്യങ്ങൾ) എന്നിവയെ ബന്ധിപ്പിക്കുന്ന കപ്പൽപ്പാതയായി വിഴിഞ്ഞം മാറും.
 
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 16 കിലോമീറ്റർമാത്രമാണ് തുറമുഖത്തേക്കുള്ളത്. റെയിൽ തുരങ്കപാതയും വിഴിഞ്ഞത്തേക്ക് ഉണ്ടാകും. ഇന്ത്യയുടെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനം വിഴിഞ്ഞത്തേക്ക്‌ മാറുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ കൊളംബോ, ദുബായ്‌, സിംഗപ്പൂർ എന്നിവിടങ്ങളിൽ നടക്കുന്ന ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റിൽ വലിയൊരളവോളം വിഴിഞ്ഞത്തേക്ക് മാറും. വിദേശ തുറമുഖങ്ങളിൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടതില്ലെന്നു മാത്രമല്ല, കോടിക്കണക്കിനു രൂപയുടെ വിദേശനികുതി ലാഭവും ഉണ്ടാകും. തുറമുഖം പൂർണരൂപത്തിലായാൽ നിരവധി മദർഷിപ്പുകൾക്ക് ഒരേസമയം നങ്കൂരമിടാനാകും. ഇങ്ങനെ കേരളത്തിന്റെ വികസന കുതിച്ചുചാട്ടത്തിന് കാരണമാകുന്ന തുറമുഖമാണ് സജ്ജമാകുന്നത്. മലയാളികളുടെ അഭിമാനമായി ഈ തുറമുഖം തലയുയർത്തുമെന്നതിൽ സംശയമില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top