നിങ്ങൾക്ക് ഗാന്ധിജിയെപ്പോലെ ജീവിക്കാനാകില്ലെങ്കിൽ അദ്ദേഹത്തെപ്പോലെ തോന്നിച്ചാൽമതിയെന്ന പ്രയോഗം കോൺഗ്രസുകാർ പതിറ്റാണ്ടുകളായി മുറുകെപ്പിടിച്ച രീതിയാണ്. സിനിമയിലെ രാഷ്ട്രീയകഥാപാത്രങ്ങൾക്കു സമാനമായ ആ അഭിനയത്തിന്റെ അടുത്തെത്താൻ ആർക്കുമാകില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് വാളയാറിലെ രാഷ്‌ട്രീയനാടകം. എന്ത് ചെയ്യണമെന്നറിയാതെ ലോകം പകച്ചുനിൽക്കുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾമാത്രം മുഖ്യ അജൻഡയാക്കി കുട്ടിക്കളിക്ക് ഇറങ്ങുകയാണ് അവർ. ‘അധികാരത്തിന്റെ ശീതളച്ഛായ’ എന്ന പ്രശസ്‌ത പ്രയോഗം അന്വർഥമാക്കുകയാണ് ഇവിടെ. സ്വന്തം പ്രവൃത്തികളാൽ പൊതുസമൂഹത്തിൽനിന്ന് ഏറെ ഒറ്റപ്പെട്ടവർ മാധ്യമങ്ങളെ ഊന്നുവടിയാക്കി നടത്തുന്ന പ്രകടനങ്ങൾ അസഹ്യമാണ്. ചാനൽസമയവും പത്രപേജുകളും ധൂർത്തടിക്കാൻ ‘വിമോചന സമര’ കാലത്തെന്നവണ്ണം മൂലധനതാൽപ്പര്യം എല്ലാ സൗകര്യവുമൊരുക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമെല്ലാം വസ്‌തുതാവിരുദ്ധങ്ങളായ പ്രസ്‌താവനകളാണ് പുറപ്പെടുവിക്കുന്നതും. ധിക്കാരവും വെല്ലുവിളിയും വ്യക്തിഹത്യയും കള്ളങ്ങളുമാണ് അവയിൽ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കെതിരെയുള്ള വില കുറഞ്ഞ പ്രയോഗങ്ങൾക്കൊപ്പം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയ്‌ക്കെതിരായ സൈബർ കടന്നാക്രമണവും കേരളം അവജ്ഞയോടെ തള്ളി.
സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ പാസ് നിർബന്ധമാക്കാതെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് എംപിമാരും എംഎൽഎമാരുമടക്കമുള്ള നേതാക്കൾ വാളയാറിൽ നടത്തിയ തീക്കളി വെല്ലുവിളിയായിരുന്നു. പാസില്ലാതെ ചെന്നൈയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. അയാൾക്കൊപ്പം പരിസരത്തുണ്ടായ നേതാക്കൾക്കെല്ലാം ക്വാറന്റൈനിൽ പോകേണ്ടിയും വന്നു. അവരുടെയും നാടിന്റെയും സുരക്ഷിതത്വംമാത്രം പരിഗണിച്ച മെഡിക്കൽ ബോർഡ് തീരുമാനവും രാഷ്ട്രീയവൽക്കരിച്ചു. ഏറെക്കുറെ ഫലപ്രദമായിരുന്ന കോവിഡ് പ്രതിരോധത്തെ തകർക്കാനുള്ള ഗൂഢാലോചനയിൽ കുറഞ്ഞ ഒന്നുമല്ല വാളയാറിൽ കണ്ടത്. കൈവിട്ട് പോയേക്കാവുന്ന സമൂഹവ്യാപനമടക്കം മനസ്സിൽവച്ചായിരുന്നു നാടകം. അതോടെ അമ്പതിനടുത്ത് മാധ്യമപ്രവർത്തകർ, പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെല്ലാം ആശങ്കയിലായി. ഒരു എംപി ക്വാറന്റൈനിൽ പോയതോടെ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരും കടുത്ത മാനസിക പ്രശ്‌നത്തിലാണ്. കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായശേഷം അവിടെ നേഴ്സസ് ദിനാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം, കൈയുറയിടാതെ നേഴ്സുമാർക്ക് വായിൽ മധുരം നൽകി. തുടർന്ന് പ്രിൻസിപ്പലിന്റേതടക്കം വിവിധ ഓഫീസുകളും കയറിയിറങ്ങി. കൊറോണ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളും ജാഗ്രതയും അട്ടിമറിച്ച് ജനവികാരം തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു ഗൂഢനീക്കം.
അത്തരം അരുതായ്‌മകൾ തടയുന്നതിനു പകരം എ കെ ആന്റണിയെപ്പോലുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധത ആവർത്തിച്ച് സമരാഭാസങ്ങൾക്ക് ഒരു ആധികാരികത നൽകാൻ ശ്രമിക്കുകയാണ്. സർക്കാരും മുഖ്യമന്ത്രിയും ഏറ്റെടുത്ത ശ്രമകരമായ മുൻകൈയും അത് നേടിയ വിജയവും കച്ചവടരാഷ്ട്രീയക്കാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കുന്നത്. ലോകം ശ്രദ്ധിച്ച ആ നേട്ടങ്ങളെ വിലകുറച്ച് അവതരിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. ആന്റണി ഒരു അഭിമുഖത്തിൽ മുതിർന്ന കെഎസ്‌യു നേതാവിനപ്പുറം വളർന്നില്ലെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി. ‘നമ്മുടെയെല്ലാം കൂട്ടായ ശ്രമഫലമായി വ്യാപനം തടയാനാകുന്നുണ്ട്. ഞാൻ മനസ്സിലാക്കിയത് ഇന്ത്യയിൽ ആരോഗ്യരംഗത്ത് കേരളമാണ് ഒന്നാമതെന്നാണ്. അതിന്റെ തുടക്കം, വളരെമുമ്പേ ആരംഭിച്ചു. തിരുവിതാംകൂർ കൊട്ടാരത്തിനാണ് ആദ്യ ക്രെഡിറ്റ്’ എന്ന സമർഥമായ അവതരണം ചരിത്രവിരുദ്ധമാണ്.
ഫാസിസ്റ്റ് തേരോട്ടത്തിനിടയിലെ ആൾക്കൂട്ട കൊലപാതകങ്ങൾ, പശുരാഷ്ട്രീയം, പൗരത്വ നിയമ ഭേദഗതി, ദേശീയ അധ്യക്ഷനാക്കാൻ കരുതിവച്ച ജ്യോതിരാദിത്യ സിന്ധ്യയടക്കം ‘താമര’യായത്‐ അപ്പോഴെല്ലാം മൗനിബാബയായ ആന്റണി ഇടതുപക്ഷ വിരോധം പറയാനാണ് വായ തുറന്നത്. പ്രാഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്തമായ ‘പ്രൊജക്റ്റ് സിൻഡിക്കറ്റി’ൽ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനാകെ പ്രചോദനമായ കേരളമാതൃകയെ പ്രശംസിച്ച് സഹപ്രവർത്തകൻ ശശി തരൂർ എഴുതിയ കുറിപ്പെങ്കിലും ആന്റണി വായിക്കണം. ഇന്ത്യയിലെ 130 കോടി ജനങ്ങൾ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ വൈറസ് വ്യാപനത്തെ സമർഥമായി തടഞ്ഞ് കേരളം ലോകത്തിന് മാതൃകയാകുന്നത് എങ്ങനെയെന്ന് സോദാഹരണം വിശദമാക്കുകയാണ് ‘ദി കേരള മോഡൽ’ എന്ന കുറിപ്പ്. രാജ്യത്ത് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്‌തെങ്കിലും പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുകളിൽ നിൽക്കാനുമായത് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സമഗ്ര ഇടപെടലുകളുടെ ഫലമായാണെന്നും തരൂർ ചൂണ്ടിക്കാണിച്ചു. ‘നമ്മുടെയെല്ലാം കൂട്ടായ ശ്രമഫലം’ എന്നു പറയുമ്പോൾ കേരളത്തിലെ സ്വന്തം അനുയായികൾ നടത്തുന്ന അട്ടിമറി നീക്കങ്ങൾ കൗശലപൂർവം മറച്ചുവയ്‌ക്കുകയാണ് ആന്റണി. മുപ്പതുകാരന് മരമുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവന്ന രാജസ്ഥാനും അതിഥിത്തൊഴിലാളികളുടെ ശ്‌മശാനമായ മഹാരാഷ്ട്രയും മറ്റും ആരാണ് ഭരിക്കുന്നതെന്നെങ്കിലും ഓർക്കണമായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..