19 December Thursday

തീവിലയിൽ രാജ്യം
 അനക്കമില്ലാതെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


ഇന്ത്യയിലെ മഹാഭൂരിപക്ഷം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച് വിലക്കയറ്റം അതിവേഗം കുതിക്കുകയാണ്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻഎസ്ഒ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം ചില്ലറ വിൽപ്പനമേഖലയിലെ വിലക്കയറ്റത്തോത് ഒമ്പതുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഒരു മാസത്തിനിടയിൽ 1.84 ശതമാനം വർധനയുണ്ടായി. ആഗസ്തിൽ 3.65 ശതമാനമായിരുന്നത് സെപ്തംബറിൽ 5.49 ആയിരിക്കുന്നു.   ഭക്ഷ്യോൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നതാണ് ഇതിൽ പ്രധാനം. ആഗസ്തിൽ 5.66 ശതമാനമായിരുന്ന ഭക്ഷ്യോൽപ്പന്ന വിലക്കയറ്റത്തോത് സെപ്തംബറിൽ 9.24 ആയി ഉയർന്നു. 3.58 ശതമാനത്തിന്റെ വർധന. സാധാരണ ജനങ്ങളുടെ ജീവിത ബജറ്റാകെ തകിടം മറിക്കുന്നതാണ് ഇത്. ദിവസവേതനക്കാരും മാസശമ്പളക്കാരുമെല്ലാം  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.  കടഭാരം അമിതമായി വർധിക്കുന്നതിനാൽ ജീവിതംതന്നെ അസാധ്യമാക്കുകയാണ്.

വിലക്കയറ്റം നാലു ശതമാനത്തിൽ താഴെ നിർത്തണമെന്ന റിസർവ്‌ ബാങ്കിന്റെ നിർദേശം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്തതാണ് അനിയന്ത്രിത വിലക്കയറ്റത്തിന് കാരണം. ഒരു വർഷമായി രാജ്യത്ത് വില ഉയരുകയാണ്. ധാന്യങ്ങൾ, മത്സ്യം, മാംസം, മുട്ട, പഴം, പച്ചക്കറി, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ദിവസമെന്നോണം വില വർധിക്കുന്നു. കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം ഗ്രാമീണ മേഖലയിൽ 5.87 ശതമാനവും നഗരങ്ങളിൽ 5.05 ശതമാനവുമാണ് വിലക്കയറ്റ നിരക്ക്.

ജനജീവിതത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാരിന് പദ്ധതികളൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം. മറിച്ച് വിപണിയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി സർവതന്ത്ര സ്വതന്ത്രമാക്കാനാണ് ബിജെപി സർക്കാരിന്റെ വെമ്പൽ. കുത്തക മൂലധനശക്തികളുടെ സമ്പത്ത് വർധിപ്പിക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. അതിസമ്പന്നർക്ക് എന്ത് ആനുകൂല്യവും നൽകാൻ മോദി സർക്കാരിന് മടിയില്ല. അവരുടെ കടം എഴുതിത്തള്ളുന്നതിലും നികുതി കുറയ്‌ക്കുന്നതിലുമൊക്കെ ശ്രദ്ധാലുക്കളായ കേന്ദ്ര ഭരണക്കാർ സാധാരണ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും ഇല്ല.

വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്ന ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറില്ലെന്ന് മാത്രമല്ല, വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില മാറുന്നതിനനുസരിച്ച് രാജ്യത്തെ ഇന്ധനവിലയിലും മാറ്റം വരേണ്ടതാണ്. എന്നാൽ, ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴും എണ്ണവില വർധിക്കുകയാണ്. എണ്ണക്കമ്പനികൾ വില കുറച്ചാൽത്തന്നെ കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ച് വില കൂട്ടും. വിലക്കയറ്റത്തോത് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കടത്തിന്റെ പലിശ കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കത്തിനും തിരിച്ചടിയാണ്. ഇതും ജനങ്ങൾക്കുമേൽ കടുത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.

കുതിച്ചുയരുന്ന വിലക്കയറ്റംതന്നെയാണ് പട്ടിണി സൂചികയിൽ നമ്മളെ ലോക രാജ്യങ്ങളുടെ പിൻപന്തിയിൽത്തന്നെ നിർത്തുന്ന ഒരു കാരണം. അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയ്‌ക്കും പിന്നിലാണ് ആഗോള പട്ടിണി സൂചികയിൽ നമ്മുടെ സ്ഥാനം. പട്ടികയിലുള്ള 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105 ആണെന്ന് പറയുമ്പോൾത്തന്നെ മനസ്സിലാകും പരിതാപകരമായ അവസ്ഥ. 20 കോടിയോളം മനുഷ്യർ മതിയായ ആഹാരം കഴിക്കാതെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ 35.5 ശതമാനവും വിളർച്ച ബാധിച്ചവരാണെന്നും 2.9 ശതമാനം കുട്ടികളും അഞ്ചുവയസ്സിനു മുമ്പേ മരിക്കുന്നെന്നുമാണ് പട്ടിണി സൂചികയിലെ കണക്കുകൾ പറയുന്നത്. ലോകത്ത്‌ പട്ടിണിയില്ലാത്ത സ്ഥലങ്ങളിൽ ഒന്ന്‌ നമ്മുടെ കേരളമാണെന്നത്‌ പ്രത്യേകം ഓർക്കേണ്ടതുമാണ്‌. ശക്‌തവും ഫലപ്രദവുമായ പൊതുവിതരണ സംവിധാനത്തിലൂടെ സർക്കാർ ഇടപെട്ട്‌ വിലക്കയറ്റം പിടിച്ചുനിർത്തുന്നതും കേരളത്തിലാണ്‌.   
നാണയപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നതും വിലക്കയറ്റത്തോട്‌ കൂട്ടി വായിക്കണം. പത്തുവർഷം മുമ്പ് ബിജെപി അധികാരത്തിൽ വരുമ്പോൾ ഒരു ഡോളറിന്റെ വിനിമയമൂല്യം 50 രൂപയിൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ 85 രൂപയ്‌ക്ക്‌ അടുത്തായിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലേക്കാണ്‌ ബിജെപി ഭരണം നയിക്കുന്നത്‌. ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ കരകയറാനാകാത്ത ദുരിതത്തിൽ നമ്മൾ അകപ്പെടുമെന്നുറപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top