19 November Tuesday

അഴിമതി അവകാശമാക്കി കോൺഗ്രസ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


കോൺഗ്രസിന് അഴിമതി കൂടപ്പിറപ്പാണ്. പണം സമ്പാദിക്കാനുള്ള എളുപ്പമാർഗമാണ് പലർക്കും. അഴിമതി ജന്മാവകാശമാണെന്നാണ് മിക്ക നേതാക്കളുടെയും ധാരണ. പണം ഉണ്ടാക്കാൻ ഏത് മാർഗവും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് കോൺഗ്രസിൽ പരക്കെ ഉള്ളതെന്നാണ് അടുത്തകാലത്ത് പുറത്തു വന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. ഭരണം അഴിമതിക്കുള്ള സുവർണാവസരമാണെന്ന് കോൺഗ്രസിനും ബിജെപിക്കും പൊതുധാരണയുണ്ട്. അവർക്ക്‌ ഭരണം ഉള്ളിടത്തെല്ലാം അഴിമതിയുടെ നാറുന്ന കഥകളും പുറത്തുവന്നിട്ടുണ്ട്. ആർക്കെങ്കിലും സഹായം ചെയ്യണമെങ്കിൽ ഉപകാരസ്മരണ ഉണ്ടാകണമെന്നത് വലതുപക്ഷ പാർടികളുടെ അലിഖിത നിയമമാണ്. സ്ഥലംമാറ്റംമുതൽ എല്ലാത്തിനും ഉപഹാരം നിർബന്ധം. അതിന് കോൺഗ്രസ്, ബിജെപി വ്യത്യാസം ഇല്ല. ഭരണം പോയപ്പോൾ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറിയതിന്റെ രഹസ്യവും മറ്റൊന്നല്ല. കർണാടകത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഭൂമി കുംഭകോണ കേസിൽപ്പെട്ട് പരക്കം പായുകയാണ്. ബിജെപി ഭരണത്തിൽ മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി ഏറ്റെടുത്തതിൽ വൻ അഴിമതി നടന്നെന്നാണ് ആരോപണം. ബിജെപി– -കോൺഗ്രസ് കൂട്ടുകച്ചവടമാണ് നടന്നതെന്ന് വ്യക്തം

കേരളത്തിൽ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് പണസമ്പാദനത്തിനായി ഏത് ഹീനമാർഗവും സ്വീകരിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെപിസിസി സെക്രട്ടറിയായിരുന്ന തൃശൂരിലെ ശ്രീനിവാസന്റെ സാമ്പത്തികത്തട്ടിപ്പ് കേസ്. ചുരുങ്ങിയ കാലംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഹിവാൻ നിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിലാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്ന് വ്യാപകമായി പണം പിരിച്ചത്. കെപിസിസി സെക്രട്ടറി, തൃശൂർ കോർപറേഷന്റെ മുൻ സ്ഥിരംസമിതി അധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിച്ച കമ്പനിയുടെ എംഡി കൂടിയായ ശ്രീനിവാസനെ വിശ്വസിച്ചാണ് ആളുകൾ പണം നിക്ഷേപിച്ചത്. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ബിജെപി പ്രവർത്തകൻ ബിജു മണികണ്ഠനെ ഡയറക്ടറാക്കിയാണ് കമ്പനിയുടെ പ്രവർത്തനം. അവകാശപ്പെട്ടതുപോലെ പലിശയോ നിക്ഷേപിച്ച തുകയോ കിട്ടാതെ വന്നപ്പോഴാണ് ആളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 62 പേർ നൽകിയ പരാതിയിൽ പത്തു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ, ഇവർ തട്ടിയ സംഖ്യ ഇതിന്റെയെല്ലാം പതിന്മടങ്ങ് വരുമെന്നാണ് നിഗമനം. പൊലീസിൽ പരാതിപ്പെടുന്നതിനുമുമ്പ് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും എംപിമാരായിരുന്ന പ്രതാപനെയും മുരളീധരനെയും ഡിസിസി പ്രസിഡന്റിനെയും സമീപിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിക്കാർ പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതരുത്.

കൊല്ലത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യം കണ്ട് വിദേശത്ത് ജോലി കിട്ടുമെന്ന് വിചാരിച്ച് പണം കൊടുത്തവർ ഇപ്പോൾ അവിടെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടുപടിക്കൽ സമരത്തിലാണ്. എന്തിനേറെ പറയുന്നു കെപിസിസിയെ നയിക്കുന്ന പ്രസിഡന്റുതന്നെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ്. കൊച്ചിയിലെ മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് കെ സുധാകരൻ. ഈ കേസിൽ അറസ്റ്റിലായ ഇദ്ദേഹം ഹൈക്കോടതി ജാമ്യത്തിലാണ് പുറത്തിറങ്ങിയത്‌. വിദേശത്തുനിന്ന് കോടികൾ കിട്ടാനുണ്ടെന്ന് വ്യാജ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് രൂപയാണ് പലരിൽനിന്നും സുധാകരന്റെ ഉൾപ്പെടെ സഹായത്തോടെ തട്ടിയെടുത്തതെന്നാണ് കേസ്. സുധാകരനും ലക്ഷങ്ങൾ കൈപ്പറ്റിയതായി എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂരിൽ കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ പിരിച്ച കോടികൾ കാണാനില്ലെന്ന കോൺഗ്രസുകാരുടെ ആരോപണവും സുധാകരന്റെ പേരിലുണ്ട്.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാം പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽനിന്ന് ആറുകോടിയോളം തട്ടിയെടുത്ത കേസും അടുത്ത നാളിലാണ് പുറത്തുവന്നത്‌. ബാങ്ക്‌ പ്രസിഡന്റായിരിക്കെ രേഖകളൊന്നും ഇല്ലാതെ സ്വന്തക്കാരുടെ പേരിൽ വായ്പ എടുത്തായിരുന്നു തട്ടിപ്പ്. വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ച സംഭവത്തിലും കഞ്ചാവ് കേസിലും കോൺഗ്രസ് പ്രവർത്തകർ പിടിയിലായതും ഈ കേരളത്തിലാണ്. പ്രതിപക്ഷ നേതാവിന്റെ പുനർജനി തട്ടിപ്പ് വേറെ കിടക്കുകയാണ്. ഇങ്ങനെ നിത്യേനയെന്നോണം കോൺഗ്രസ് നേതാക്കൾ പ്രതികളാകുന്ന തട്ടിപ്പ് കേസുണ്ടാകുന്നുണ്ടെങ്കിലും നമ്മുടെ മാധ്യമങ്ങളിലൊന്നും വലിയ വാർത്തയാകാറില്ല. കോൺഗ്രസിന്റെ അഴിമതി ഒരഴിമതിയല്ലെന്ന പൊതുബോധത്തിലായിരിക്കാം അതൊന്നും വാർത്തയാകാത്തത്. പിന്നെ പ്രതികൾക്കെതിരെ നടപടിയെടുത്തെന്ന്‌ പറയുന്നതൊക്കെ തമാശയാണെന്ന്‌ നാട്ടുകാർക്കെല്ലാം അറിയാം. പിറ്റേദിവസവും അവരെല്ലാം സജീവ കോൺഗ്രസുകാർതന്നെയായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top