21 December Saturday

വിഴിഞ്ഞം വഴി കുതിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


വികസന സ്വപ്നങ്ങൾ ചിറകുവിരിച്ച്‌ പറന്നുതുടങ്ങിയ കേരളത്തിൽ മറ്റൊരു കൂറ്റൻ പദ്ധതിക്കുകൂടി പരവതാനി വിരിക്കുകയാണ്‌; വിഴിഞ്ഞം–- കൊല്ലം–- പുനലൂർ വ്യവസായ സാമ്പത്തിക വളർച്ചാ മുനമ്പ്. ഉടൻ കമീഷൻ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ്‌ കിഫ്‌ബി വഴി ഈ പദ്ധതി നടപ്പാക്കാൻ പോകുന്നത്‌. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 1456 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നിക്ഷേപ–-വ്യാപാര മേഖലയായ വൻകിട ‘ഗ്രോത്ത്‌ ട്രയാങ്കിൾ’ എന്നതാണ്‌ ലക്ഷ്യം.

സ്ഥലം ഏറ്റെടുക്കുന്നതിനായി 1000 കോടി രൂപ അനുവദിക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി യോഗം തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന വികസനം, വ്യവസായ ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിങ്ങനെ മൂന്നുവർഷത്തിനിടെ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. ആദ്യം തെക്കൻ കേരളമാണ്‌ ഇതിന്റെ ഗുണഭോക്‌താക്കൾ ആകുകയെങ്കിലും തുടർന്ന്‌ മധ്യകേരളത്തിലേക്കും കേരളത്തിന്റെയാകെയും വികസനത്തിലേക്ക്‌ ഇത്‌ വലിയ സംഭാവന നൽകും.

പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു ‘ സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം’ വികസിപ്പിക്കാനാണ് ശ്രദ്ധിക്കുകയെന്ന്‌ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്‌ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഉയർത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പാണിത്‌. വിഴിഞ്ഞം–- കൊല്ലം ദേശീയപാത,  കൊല്ലം-–- ചെങ്കോട്ട ദേശീയപാത,  ഇതേ ദിശയിലുള്ള പുതിയ ഗ്രീൻഫീൽഡ് ദേശീയപാത,  കൊല്ലം–- ചെങ്കോട്ട റെയിൽപ്പാത,  പുനലൂർ–- നെടുമങ്ങാട്–- വിഴിഞ്ഞം റോഡ്‌ എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്റെ മൂന്നു വശങ്ങൾ. ഇതിനുള്ളിൽ വരുന്ന തിരുവനന്തപുരം ഔട്ടർറിങ്‌ റോഡും വിഴിഞ്ഞം-– നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിന്‌ കൂടുതൽ കരുത്തേകും.


 

വൻകിട തുറമുഖ നഗരങ്ങളിൽ ഒന്നാമതുള്ള ചൈനയിലെ ഷാങ്‌ ഹായ്‌, തുറമുഖം സ്ഥാപിച്ചശേഷം എങ്ങനെ വളർന്നെന്ന്‌ കാണിക്കാൻ മുമ്പൊരിക്കൽ ‘നാസ’ സാറ്റലൈറ്റ്‌ ചിത്രങ്ങളിലൂടെ വളർച്ചാ ഗ്രാഫ്‌ പുറത്തുവിട്ടിരുന്നു. 1984നും 2014നും ഇടയിൽ നഗരപ്രദേശം 300 ച. കി. മീറ്ററിൽനിന്ന്‌ 1300 ച.കി. മീറ്ററിലേക്ക്‌ ഉയർന്നു എന്നതായിരുന്നു അതിൽ പ്രധാനം. തുറമുഖത്തിന്റെ സാധ്യത എത്രയാണ്‌ എന്നാണിത്‌ തെളിയിക്കുന്നത്‌. പക്ഷേ, അതിനനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശേഷിയുള്ള ഭരണസംവിധാനം പ്രധാനമാണ്‌. 2016നു ശേഷം കേരളം സാക്ഷ്യം വഹിക്കുന്നത്‌ മുമ്പ്‌ കാണാത്ത വികസനത്തിനാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. വ്യവസായമന്ത്രി പി രാജീവ്‌ വ്യക്തമാക്കിയതുപോലെ ‘കേരളമാകെ വ്യവസായ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടു കഴിഞ്ഞു, ഇനി കുതിപ്പിന്റെ കാലമാണ്.’

87,378.33 കോടി രൂപയുടെ 1147 പദ്ധതിയാണ്‌ കിഫ്‌ബിക്ക്‌ ആകെയുള്ളത്‌. 16 പദ്ധതികൂടി ഇപ്പോൾ പ്രഖ്യാപിച്ചു. 18,423.50 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. കിഫ്‌ബിയെ പരിഹസിച്ചുതള്ളിയ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും അതിന്റെ പ്രസക്തി ബോധ്യമായിക്കാണും. വിഴിഞ്ഞംപോലൊരു സാധ്യത കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങി മുന്നേറുമ്പോൾ ഇപ്പോഴുള്ള അനുകൂല സാമൂഹ്യ– -വ്യവസായ അന്തരീക്ഷത്തിന്‌ കോട്ടം തട്ടാതിരിക്കാനുള്ള ജാഗ്രത ഏവരും കാണിക്കേണ്ടതുണ്ട്‌ എന്നുകൂടി ഓർമിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top