22 December Sunday

ഭരണഘടനയുടെ മതനിരപേക്ഷത ഉറപ്പിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയിൽ ആശങ്കപ്പെടുന്നവർക്ക് ആശ്വാസമേകുന്നതാണ്, മതനിരപേക്ഷത എല്ലാക്കാലത്തും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായിരുന്നെന്ന സുപ്രീംകോടതി നിരീക്ഷണം. അതേസമയം, മതരാഷ്ട്രീയം മതനിരപേക്ഷതയ്‌ക്കെതിരെ നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗം ജാഗ്രത പുലർത്തേണ്ട ആവശ്യകതയിലേക്കും ഇത് വിരൽചൂണ്ടുന്നു. 

ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിയിലൂടെ, ആമുഖത്തിൽ സോഷ്യലിസ്റ്റ് (സ്ഥിതി സമത്വ), സെക്കുലർ (മതനിരപേക്ഷ) എന്നീ വിശേഷണങ്ങൾ ചേർത്തതിനെതിരെ ബിജെപി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, അശ്വിനികുമാർ ഉപാധ്യായ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിരീക്ഷണം മുന്നോട്ടുവച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകളിലൊന്ന് മതനിരപേക്ഷതതന്നെയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയിൽ തുല്യതയും സാഹോദര്യവും എടുത്തുപറഞ്ഞിരിക്കുന്നത് മതത്തിന്റെ പേരിൽ പൗരന്മാരെ വേർതിരിക്കാൻ പാടില്ലെന്ന അർഥത്തിൽത്തന്നെയാണ്. ഇക്കാര്യം ഒട്ടേറെ വിധികളിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘ഇന്ത്യ മതനിരപേക്ഷമായി തുടരുന്നതിൽ നിങ്ങൾക്കെന്താണ് പ്രശ്നം’ എന്നും ഹർജിക്കാരോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. മതനിരപേക്ഷതയും സ്ഥിതിസമത്വവും പാശ്ചാത്യ ആശയങ്ങളാണെന്ന വീക്ഷണം തികച്ചും സങ്കുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്ന, സമ്പത്ത് തുല്യമായി പങ്കിടുന്ന സംവിധാനം എന്നതാണ് സ്ഥിതിസമത്വത്തിന് ഇന്ത്യൻ സാഹചര്യത്തിലെ അർഥം. തുല്യതയും സാഹോദര്യവും ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവമായതിനാൽ അതിന്റെ പ്രായോഗിക മാർഗങ്ങളായ സ്ഥിതിസമത്വവും മതനിരപേക്ഷതയും പിന്നീട് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തതാണെന്ന കാരണത്താൽമാത്രം ഭരണഘടനയുടെ പൊതുസ്വഭാവത്തിന് നിരക്കുന്നതല്ലെന്ന വാദം നിലനിൽക്കില്ലെന്നതാണ്‌ സുപ്രീംകോടതി നിരീക്ഷണത്തിന്റെ കാതൽ.

മതനിരപേക്ഷതയും സ്ഥിതിസമത്വവും, പാശ്ചാത്യ ആശയങ്ങളാണെന്നും അതിനാൽത്തന്നെ ഇന്ത്യൻ സംസ്കാരത്തിന് നിരക്കാത്തതാണെന്നുമാണ് സംഘപരിവാറിന്റെ പ്രധാന നിലപാടുകളിലൊന്ന്. എല്ലാവരെയും ഉൾക്കൊള്ളുന്ന (ഇൻക്ലൂസീവ് ) വിശാല ആശയഗതികളെ നഖശിഖാന്തം എതിർക്കുന്ന, ചില വിഭാഗങ്ങൾ ശ്രേഷ്ഠമാണെന്ന്‌ (എക്സ്ക്ലൂസീവ്നെസ്) വാദിക്കുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന്‌ ഊർജം സംഭരിക്കുന്ന സംഘപരിവാറിന് മതനിരപേക്ഷതയെയും സ്ഥിതിസമത്വത്തെയും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ മുന്നോട്ടുവച്ച മതനിരപേക്ഷ കാഴ്ചപ്പാടിനെ അവർ വിശേഷിപ്പിക്കുന്നതുതന്നെ കപടം എന്ന വാക്കുകൊണ്ടാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നത് എന്നതാണ് അതുകൊണ്ട് അവർ അർഥമാക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ  വേദികളിലെല്ലാം മതനിരപേക്ഷതയെ താഴ്‌ത്തിക്കെട്ടാൻ അവർ ആസൂത്രിതശ്രമം നടത്തുന്നു. 1976ൽ ഭരണഘടനാ ഭേദഗതിയിലൂടെ മതനിരപേക്ഷതയും സ്ഥിതിസമത്വവും ആമുഖത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികൾതന്നെ ഇതിന് ഉദാഹരണം.

മതനിരപേക്ഷതയെക്കുറിച്ച് ജനമനസ്സുകളിൽ പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായക്കാർക്കിടയിൽ സംശയം ഉണർത്തുകയും അവരെ തെറ്റിദ്ധാരണയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ഗീബൽസിയൻ തന്ത്രമാണ് സംഘപരിവാർ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ചും ദേശീയതയെക്കുറിച്ച് കപട അവകാശവാദങ്ങൾ സ്ഥാപിച്ചെടുത്തും ഭൂരിപക്ഷ മതവിഭാഗങ്ങളിൽ മസ്തിഷ്കപ്രക്ഷാളനം നടത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വേരോട്ടമുണ്ടാക്കാൻ ദീർഘകാലമായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കേന്ദ്രത്തിൽ തുടരുന്ന എൻഡിഎ ഭരണം. രാഷ്ട്രീയ സ്വയംസേവക് സംഘി (ആർഎസ്എസ്) ന്റെ നൂറാം പിറന്നാൾ അടുത്തിരിക്കെ സംഘപ്രത്യയശാസ്ത്രത്തിന്റെ പരിപൂർണ ആധിപത്യത്തിനായുള്ള ശ്രമങ്ങൾ പല തട്ടുകളിലായി നടക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിലും സാമൂഹ്യസാംസ്കാരിക രംഗത്തും ഉദാസീനത പാടില്ലെന്ന മുന്നറിയിപ്പാണ് സുപ്രീംകോടതിയുടെ ശക്തമായ നിരീക്ഷണങ്ങളിൽനിന്ന് വായിച്ചെടുക്കേണ്ടത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക്  തിരിച്ചടി നേരിട്ടു എന്നതിന്റെ പേരിൽ ആലസ്യത്തിലമർന്നുകൂടാ എന്ന മുന്നറിയിപ്പ്. തിരിച്ചടികളെയൊക്കെ അവഗണിച്ച് അവിരാമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാറിന്റെ ആയുധപ്പുരകൾ. അവിടെ തയ്യാറാകുന്ന മാരകായുധങ്ങൾക്കെതിരെ ആശയപരമായും പ്രായോഗികമായും പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു മതനിരപേക്ഷതയെക്കുറിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top