ഇന്ത്യൻ ഭരണസംവിധാനത്തെയാകെ നിയന്ത്രിക്കുന്ന കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിന് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആഘാതമാണ് അമേരിക്കയിൽനിന്നുണ്ടായിരിക്കുന്നത്. ഹിന്ദുത്വ വർഗീയതയുടെ പ്രതീകമായ മോദി–- അമിത് ഷാ ദ്വന്ദ്വവും ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരിൽ ഒരാളായി വളർന്നു കഴിഞ്ഞ ഗൗതം അദാനിയും ചേർന്ന അവിശുദ്ധസഖ്യത്തിന്റെ കഴുത്തിൽ എളുപ്പം രക്ഷപ്പെടാനാകാത്ത വിധം പ്രതിസന്ധിയുടെ ഊരാക്കുടുക്ക് മുറുകിയിരിക്കുന്നു.
സൗരോർജ കരാറിന് 2029 കോടി രൂപ കോഴ നൽകിയതിന്റെ പേരിൽ ഗൗതം അദാനിക്കും എട്ടു കൂട്ടാളികൾക്കും അമേരിക്കയിലെ ന്യൂയോർക്ക് ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തത് ആ വ്യവസായ ഗ്രൂപ്പിന്റെ തകർച്ചയുടെ ആരംഭമായി പ്രവചിക്കുന്നവരുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വൻ തകർച്ച നേരിട്ടു. കെനിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും ബംഗ്ലാദേശിലും ഓസ്‌ട്രേലിയയിലുമൊക്കെ തുടങ്ങിയ അദാനിഗ്രൂപ്പിന്റെ പ്രോജക്ടുകളുടെ ഭാവിയും ഇതോടെ അനിശ്‌ചിതത്വത്തിലാണ്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ക്ലാസിക് ഉദാഹരണമായ അദാനി ഗ്രൂപ്പിനേൽക്കുന്ന തിരിച്ചടി തീർച്ചയായും ആ ഭീമൻ വ്യവസായ ഗ്രൂപ്പിന്റെ രാഷ്‌ട്രീയ ദല്ലാളുമാരായ ബിജെപി നേതൃത്വത്തെയും ഉലയ്‌ക്കുമെന്നുറപ്പ്. മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്കയിൽനിന്നുതന്നെയാണ് ഈ ഇന്ത്യൻ മുതലാളിക്ക് പ്രഹരമേറ്റത്, അത് ചരിത്രത്തിന്റെ മഹത്തായ വൈരുധ്യം.
അദാനിയും കൂട്ടാളികളും അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി നിലനിൽക്കുമ്പോൾ വിചാരണ നടപടികളിൽനിന്ന് മാറിനിൽക്കാൻ എളുപ്പം സാധിക്കില്ല. മുമ്പ് അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമം കാണിച്ചെന്ന് ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തിയപ്പോൾ അദാനിക്ക് കവചം തീർത്തത് മോദിയും കൂട്ടരുമാണ്. എന്നാൽ, മോദിയുമായും അമിത് ഷായുമായും മാത്രമല്ല അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായിപ്പോലും അടുപ്പമുണ്ടായാലും ഇപ്പോഴത്തെ നിയമനടപടികളിൽനിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടേറിയ കാര്യം. അദാനിയെ വിചാരണയ്‌ക്കു വിട്ടുകൊടുക്കണോ അതോ നിയമവ്യവസ്ഥയ്‌ക്ക് ഒരു വിലയും കൽപ്പിക്കാത്ത രാജ്യമെന്ന കളങ്കം അന്താരാഷ്‌ട്രതലത്തിൽത്തന്നെ ചാർത്തിക്കിട്ടണോ എന്നീ ചോദ്യങ്ങൾക്കു മുമ്പിൽ മോദി സർക്കാർ ഉരുകിയൊലിക്കുമെന്ന് ചുരുക്കം. അമേരിക്കയിൽ രജിസ്റ്റർ ചെയ്യുന്ന ഇത്തരം കേസുകളിൽ വൻ തുക പിഴയടച്ച് രക്ഷപ്പെട്ടവരുണ്ട്. പക്ഷേ, അദാനി ഗ്രൂപ്പിന്റെ കാര്യത്തിൽ പിഴയടച്ചാലും നഷ്‌ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനാകില്ല.
നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതൽ അദാനി ഗ്രൂപ്പിന്റെ ആസ്‌തിയിലുണ്ടായ അഭൂതപൂർവമായ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിൽമാത്രം അദാനിയുടെയും കുടുംബാംഗങ്ങളുടെയും ആസ്‌തിയിൽ 95 ശതമാനം വർധനയാണുണ്ടായത്. 2024ലെ ഹുറൂൺ ഇന്ത്യ റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 11.6 ലക്ഷം കോടി രൂപ. അദാനി മാത്രമല്ല, ഈ ഭരണത്തണലിൽ ഗുജറാത്തിൽനിന്നുള്ള നിരവധി വ്യവസായികളും ആസ്‌തി വർധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ഇത്തരക്കാർ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കൈപ്പറ്റിയ ശതകോടികളുടെ വായ്‌പ തിരിച്ചടയ്‌ക്കാത്തതുമൂലം ആ ബാങ്കുകൾ കിട്ടാക്കടം വർധിച്ച് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
അദാനിയെപ്പോലുള്ള നവ ബൂർഷ്വാസികളും രാജ്യത്തെ ബൂർഷ്വാ പാർടികൾ നയിക്കുന്ന സർക്കാരുകളും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രവർത്തന രീതികൾ എത്രമാത്രം ജീർണമാണെന്ന് കൈക്കൂലിക്കൈമാറ്റത്തിന്റെ വാർത്തകളിൽ വ്യക്തം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ജഗൻ മോഹൻ റെഡ്‌ഡിക്ക് സൗരോർജ പദ്ധതികൾക്കുവേണ്ടി നൽകിയത് 1750 കോടി രൂപയെന്ന ഭീമൻ തുകയാണെന്ന വെളിപ്പെടുത്തൽ ആരെയാണ് അമ്പരിപ്പിക്കാത്തത്.
സൗരോർജം വാങ്ങുന്നതിന് അദാനി ഗ്രൂപ്പിലെ അദാനി ഗ്രീനും അസൂർ കമ്പനിയും കേന്ദ്ര സർക്കാരിനു കീഴിലെ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, കോർപറേഷനിൽനിന്ന് ഉയർന്ന വിലയ്‌ക്ക് സൗരോർജം വാങ്ങാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകാതിരുന്നതോടെയാണ് ശതകോടികളുമായി ഭരണക്കാരെ പിടിക്കാൻ അദാനിതന്നെ രംഗത്തിറങ്ങിയത്. മൊത്തം 2029 കോടി രൂപയാണ് കൈക്കൂലിയായി നൽകിയതെന്ന വസ്‌തുത അദാനിയുടെ തട്ടിപ്പിന്റെ ആഴം വെളിവാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..