27 December Friday

വിശ്വസാഹിത്യകാരൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024


മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും സുകൃതമായിരുന്നു എം ടി വാസുദേവൻ നായർ. കഥയിലൂടെ അനശ്വരവും അനിർവചനീയവുമായ സർഗാത്മകത സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ എഴുത്തുകാരൻ. അക്ഷരങ്ങളിലൂടെ വാക്കുകളല്ല നക്ഷത്ര പുഷ്‌പങ്ങൾ വിരിയിച്ച മഹാ സാഹിത്യകാരനായിരുന്നു എം ടി. വിശ്വമാകെ ആദരിക്കുന്ന സാഹിത്യനായകരാണ്‌ ഷേക്‌സ്‌പിയറും മാക്‌സിം ഗോർക്കിയും മാർക്വേസുമെല്ലാം. മലയാളികൾക്ക്‌ ഇതെല്ലാമായിരുന്നു എം ടി എന്നുപറഞ്ഞാൽ അധികപ്പറ്റാകില്ല. ലോക സാഹിത്യഭൂപടത്തിൽ കേരളത്തിന്റെ വിലാസം രേഖപ്പെടുത്തിയ എഴുത്തുകാരനെന്ന്‌ എം ടിയെ വിശേഷിപ്പിക്കാം. കാൽപ്പനികതയുടെ ഹിമകണ സ്പർശമുള്ള, ആവിഷ്കാരചാരുതയുടെ അനുഭൂതി ചൊരിയുന്ന കഥകളും നോവലുകളും സിനിമകളും സമ്മാനിച്ചു. കാലവും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമായി ഭാഷയുടെയും രചനയുടെയും അഴകാൽ മോഹിപ്പിച്ച കൃതികളുടെ ഉടമ. അവഗണിക്കപ്പെട്ട രണ്ടാമൂഴക്കാരൻ ഭീമനെ നായകനാക്കി, അവഗണിക്കപ്പെട്ടതും അവഹേളിതവുമായത്‌ വിളംബരപ്പെടുത്തി എം ടി. നിസ്സഹായമായ ജീവിതങ്ങൾക്കുമേൽ കണ്ണുതുറക്കാത്ത ദൈവബിംബങ്ങൾക്കുമേൽ കാറിത്തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച ധീരതയുമായാണ്‌ എം ടി ചലച്ചിത്രജീവിതത്തിൽ ശ്രദ്ധേയനായത്‌. രാജ്യം ബഹുമതികൾ നൽകി അംഗീകരിച്ച നിർമാല്യംപോലൊരു സിനിമ സാധ്യമല്ലാത്ത വർത്തമാന സാമൂഹ്യസന്ദർഭത്തിലാണ്‌ എം ടിയുടെ സർഗധീരതയും പ്രമേയത്തിന്റെ സാർവകാലികപ്രസക്തിയും തിരിച്ചറിയാനാകുക. തിരക്കഥയെ സാഹിത്യരൂപമാക്കി വികസിപ്പിച്ചു എം ടി. ആ തൂലികാസ്‌പർശത്തിൽ പിറന്ന സൃഷ്ടികൾ നമ്മുടെ ചലച്ചിത്രചരിത്രത്തിലെ സുവർണരേഖകളായാണ്‌ അറിയപ്പെടുന്നത്‌. ചതിയനും വഞ്ചകനുമായി അധികാരിവർഗം ചിത്രീകരിക്കുന്ന ചന്തുമാരുടെ പ്രചരിത ജീവിതചിത്രത്തിനപ്പുറം മറച്ചുവയ്‌ക്കപ്പെട്ട വീരഗാഥകൾ ആവിഷ്‌കരിച്ച്‌ മനുഷ്യജീവിതാവസ്ഥയിലേക്ക്‌ എം ടി വിളക്ക്‌ തെളിച്ചു. നിളയെ മണൽപ്പുഴയാക്കുന്ന പാരിസ്ഥിതിക ചൂഷണത്തിനോടും ആദിവാസിയെ വെടിയുണ്ടയ്‌ക്കിരയാക്കിയ ഭരണനേതൃത്വ ഭീകരതയോടും ആ കലാകാരൻ മറയില്ലാതെ ക്ഷോഭിച്ചു. നോട്ടുനിരോധനം തുഗ്ലക്ക്‌ പരിഷ്‌കാരമെന്ന്‌ തുറന്നുപറഞ്ഞതിന്‌ സംഘപരിവാർ വേട്ടയാടിയിട്ടും നിലപാടുകളിൽ പതറിയില്ല.

തുഞ്ചൻ സ്‌മാരക ട്രസ്റ്റ്‌ ചെയർമാനെന്ന നിലയിൽ ഭാഷയ്‌ക്കും ഭാഷാപിതാവിനും ആദരം ലഭിക്കാൻ ഇടപെട്ടു. തുഞ്ചൻ സ്‌മാരകം വർഗീയവാദികൾ കൈയടക്കാതിരിക്കാൻ കാട്ടിയ ജാഗ്രതയും കരുതലുമടക്കമുള്ള എം ടിയുടെ മതനിരപേക്ഷ സമീപനം സംസ്‌കാരത്തിന്റെ ശത്രുക്കളെ അകറ്റാനും തിരിച്ചറിയാനും എന്നും  സാഹിത്യലോകത്തെ സഹായിച്ചിരുന്നു. ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച്‌ ഭയമുണ്ട്‌. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന’ പ്രതീക്ഷ നവതിവേളയിലും എം ടി ദേശാഭിമാനിയിലൂടെ പ്രകടിപ്പിക്കുകയുണ്ടായെന്നതും സ്‌മരിക്കേണ്ട വസ്‌തുതയാണ്‌. കുമരനെല്ലൂർ ഹൈസ്‌കൂളിൽ പത്താംക്ലാസ്‌ വിദ്യാർഥിയായിരിക്കേ പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെക്കുറിച്ച്‌ ‘കേരളക്ഷേമ’ത്തിൽ ലേഖനം എഴുതിയാണ്‌ സാഹിത്യജീവിതത്തിലേക്കുള്ള അരങ്ങേറ്റം.  ആദ്യകഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിക്കുന്നത്‌–-1948ൽ. രക്തംപുരണ്ട മണൽത്തരികളിൽ തുടങ്ങി  ഹൃദയഹാരിയായ ഭാഷയാൽ അനുവാചകനെ ആകർഷിച്ച നൂറിലധികം രചനകൾ. കൂടല്ലൂർ എന്ന ഗ്രാമ്യഭംഗിക്ക്‌ ഭാവനയുടെ വർണക്കൂടിലൂടെ കാന്തി ചൊരിഞ്ഞ മനോഹരഭാഷയിൽ ഒരുകാലവും കാലഘട്ടവും ലയിച്ചു.

ബഷീറും പൊറ്റെക്കാട്ടും തകഴിയും നിറഞ്ഞാടിയ മലയാളത്തിൽ ഒച്ചയുണ്ടാക്കാതെ ഓജസ്സും തേജസ്സുമാർന്ന നിളപോലെ എം ടി ഒഴുകി. പത്രാധിപരായി ആധുനികതയടക്കമുള്ള സാഹിത്യത്തിലെ നവീനതകളെ പ്രോത്സാഹിപ്പിച്ചു. തന്റേതല്ലാത്ത ലാവണ്യബോധത്തിനും അഭിരുചികൾക്കും മഷി പകർന്ന പുതുതലമുറയെ പരിചയപ്പെടുത്തി സാഹിത്യ പത്രാധിപരെന്ന ഇരിപ്പിടത്തിലും ശോഭിച്ചു. ആ സർഗസ്‌പർശമേൽക്കാത്ത ഇടം ചുരുക്കം. ജ്ഞാനപീഠവും കേന്ദ്ര–- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളുമടക്കം ലഭിച്ച അംഗീകാരങ്ങളെല്ലാം ആ പ്രതിഭാമഹത്വത്തിനുള്ള ആദരമായിരുന്നു. കല–- സാംസ്‌കാരിക പ്രതിഭകൾക്കുള്ള പ്രഥമ കേരള ജ്യോതി  പുരസ്‌കാരവും എഴുത്തച്ഛൻ പുരസ്‌കാരവുമെല്ലാം നൽകി സർക്കാരും എം ടിയുടെ പ്രതിഭയെ ആദരിക്കുകയുണ്ടായി.

ദേശാഭിമാനിയുമായി അടുത്തബന്ധമാണ്‌ എന്നും എംടി പുലർത്തിയിരുന്നത്‌. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രഥമസാഹിത്യപുരസ്‌കാരം എംടിക്കായിരുന്നു. അവാർഡ്‌ ദാന ചടങ്ങിനോടുനുബന്ധിച്ച്‌ ഒരാഴ്‌ച നീണ്ട ‘ദേശാഭിമാനി എംടി ഫെസ്‌റ്റിവലി’ൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആദ്യ സാഹിത്യക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തതും എംടിയായിരുന്നു. ദേശാഭിമാനി എൺപതാം വാർഷികാഘോഷ ഉദ്‌ഘാടനത്തിൽ മുഖ്യാതിഥിയായ എംടി  ‘ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണ’മെന്ന്‌ പറഞ്ഞു. ‘80 വർഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന്‌ നിലനിൽക്കാൻ നമുക്ക്‌ ബാധ്യതയുള്ള കാലഘട്ടമാണിത്‌. അങ്ങനെയാണ്‌ നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടതെ’ന്നും എംടി ഓർമിപ്പിച്ചു.

തന്റെ  പ്രിയപ്പെട്ട ഒമ്പത്‌ രചനകൾ സിനിമയായത്‌ വിളംബരം ചെയ്യുന്ന ചടങ്ങിലായിരുന്നു അവസാനമായി എം ടി പങ്കാളിയായത്‌. രചനയാൽ, സൃഷ്‌ടികളാൽ, കലയിലൂടെ ‘കാല’ത്തിനപ്പുറവും ദേശത്തിന്റെ ‘നാലുകെട്ടി’നപ്പുറവും മലയാളഭാഷയെ അടയാളപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു എം ടി. മലയാളത്തിന്റെ നാലുകെട്ട്‌ കടന്ന്‌ ജ്ഞാനപീഠമേറി എം ടി. കഥാകൃത്ത്‌, നോവലിസ്റ്റ്‌, പത്രാധിപർ, പ്രഭാഷകൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ തുടങ്ങി സർഗവൃത്തിയുടെ സകലതുറകളിലും എം ടി ഉണ്ടായിരുന്നു. സിനിമയിലും സാഹിത്യത്തിലും വേറിട്ട മുദ്ര രേഖപ്പെടുത്തിയ എം ടിക്ക് പകരമായി നമ്മുടെ സാഹിത്യലോകത്തിൽ മറ്റൊരു രണ്ടാമൂഴക്കാരനില്ല.

മൗനത്തിന് ഭാഷയും സംഗീതവുമുണ്ടെന്നും അതൊരു സാംസ്‌കാരിക വ്യവഹാരമാണെന്നും ബോധ്യപ്പെടുത്തിയ എഴുത്തുജീവിതമായിരുന്നു എം ടിയുടേത്‌. മാടത്ത്‌ തെക്കേപ്പാട്ട്‌ വാസുദേവൻ നായർ എന്ന എം ടി വിടപറയുമ്പോൾ കൈരളിയുടെ സാഹിത്യ–- സാംസ്‌കാരിക മണ്ഡലത്തിലെ പ്രകാശഭരിതമായ ഒരേടാണ്‌ മറയുന്നത്‌. താൻ ഏറെ ആദരിച്ചിരുന്ന കമ്യൂണിസ്റ്റ്‌ ആചാര്യൻ ഇ എം എസിന്റെ വേർപാടിനെ എം ടി  വിശേഷിപ്പിച്ചത്‌ ‘നമ്മുടെ രാഷ്‌ട്രീയത്തിലെ നികത്താനാകാത്ത ശൂന്യത’ എന്നായിരുന്നു. എം ടി യാത്രയായ ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നതും അങ്ങനെയാണ്‌. മലയാളിയുടെ വായനയെ, ചിന്തയെ, കാഴ്‌ചകളെയും കാഴ്‌ചപ്പാടിനെയും അത്രമേൽ സ്വാധീനിച്ച രണ്ടക്ഷരം മറയുമ്പോൾ നമ്മുടെ സാംസ്‌കാരിക സാഹിത്യജീവിതം എത്രമേൽ ദരിദ്രമാകുന്നുവെന്നത്‌ ഞങ്ങൾ തിരിച്ചറിയുന്നു. ആ മഹാപ്രതിഭയ്‌ക്ക്‌ ദേശാഭിമാനിയുടെ അക്ഷരാഭിവാദനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top