ഭാഷ, മതം, വേഷം, സംസ്‌കാരം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന സർവകാര്യങ്ങളിലും എണ്ണിയാലൊടുങ്ങാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലക്ഷക്കണക്കിന് ആളുകൾ ജീവൻ ത്യജിച്ച് നടത്തിയ പോരാട്ടമാണ് അഞ്ഞൂറിൽപ്പരം നാട്ടുരാജ്യങ്ങളായി കിടന്ന ഈ ഭൂഭാഗത്തെ മഹത്തായ ഇന്ത്യ എന്ന രാജ്യമാക്കിത്തീർത്തത്. തുടർന്ന്, ഇവിടത്തെ ജനങ്ങൾ തങ്ങൾക്കുവേണ്ടിത്തന്നെ സമർപ്പിച്ച ഭരണഘടനയാണ് നമ്മുടെ ഫെഡറൽ ജനാധിപത്യ ഭരണവ്യവസ്ഥയുടെ മാർഗരേഖ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനാണ് പരമാധികാരം. സംസ്ഥാന കാര്യങ്ങളിൽ സമാനമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്കാണ് അധികാരം. അതായത് ഈ ജനാധിപത്യസഭകളെ തെരഞ്ഞെടുത്ത ജനങ്ങൾക്കാണ് സ്വതന്ത്ര ഇന്ത്യയിൽ പരമാധികാരം. തെരഞ്ഞെടുപ്പ് കമീഷന് അല്ല. എന്തെങ്കിലും തരത്തിൽ അത് അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ജനവിരുദ്ധവും ദേശദ്രോഹപരവുമാണ്. എന്നാൽ, അതാണിപ്പോൾ കേന്ദ്ര ഭരണകക്ഷിയായ ബിജെപി ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യത്തിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് സ്വപ്‌നം കണ്ടിറങ്ങിയ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷംപോലും ലഭിക്കാത്തതിനാലാണ് വലിയ പരിക്കുകളോടെയെങ്കിലും ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്നത്. ഇത് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് മൂന്നാം മോദി സർക്കാരിന് ചൊവ്വാഴ്‌ച പാർലമെന്റിലുണ്ടായ പരാജയം. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താൻ 129–-ാം ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര നിയമമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത് കേവല ഭൂരിപക്ഷംപോലും ഉറപ്പാക്കാനാകാതെയാണ്. 263 അംഗങ്ങൾ മാത്രമാണ് അവതരണത്തെ അനുകൂലിച്ചത്. 543 അംഗ ലോക്‌സഭയിൽ ബിൽ പാസാകണമെങ്കിൽ കേവല ഭൂരിപക്ഷമായ 272 പേരുടെ പിന്തുണയും സഭയിൽ വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയും വേണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തൽക്കാലം അസാധ്യമാണെന്ന് വ്യക്തമാണ്. രാജ്യസഭയിലും ചിത്രം സമാനമാണ്. ഡൽഹിയിലും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും ഭേദഗതി നിർദേശം ബാധകമാക്കുന്നതിന് നിയമഭേദഗതിയും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്‌മീരിൽ നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകാതിരുന്ന മോദി സർക്കാരിനെ നയിക്കുന്നത് ഉദ്ദേശ്യശുദ്ധിയല്ല, ഗൂഢതാൽപ്പര്യമാണ് എന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരുകൾ ജനവിധിയനുസരിച്ച് ചെയ്യുന്ന കാര്യങ്ങളെ ഗവർണർമാരെ ഉപയോഗിച്ച് തടയാനും അട്ടിമറിക്കാനും മടിയില്ലാത്ത സർക്കാരാണിത്.
28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 145 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നൂറുകണക്കിന് ഭാഷകളും ആയിരക്കണക്കിന് ആഘോഷങ്ങളുമുണ്ട്. ബിജെപി ലക്ഷ്യമിടുന്ന ഒറ്റത്തെരഞ്ഞെടുപ്പ് പ്രായോഗികമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നമ്മുടെ അനുഭവം. കേരളത്തിൽ കഴിഞ്ഞമാസം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ ഒന്ന് മാറ്റിവയ്‌ക്കേണ്ടിവന്നത് ഒരുദാഹരണം. 1967 വരെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് ഒന്നിച്ചായിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകൾക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനെ തുടർന്നുണ്ടായ ഭരണപ്രതിസന്ധിയാണ് വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ അനിവാര്യമാക്കിയത്. അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകൾക്ക് ഭരണഘടന അനുവദിക്കുന്ന കാലാവധിയായ അഞ്ചുവർഷം തുടരാൻ അവകാശമുണ്ട്. എന്നാൽ, മോദി സർക്കാർ നടപ്പാക്കാനാഗ്രഹിക്കുന്ന നിയമമനുസരിച്ച് നിയമസഭകൾക്ക് ആ അധികാരം ഉണ്ടാകില്ല. അഞ്ച് വർഷത്തേക്ക് സംസ്ഥാന സർക്കാരുകളെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്കുള്ള അവകാശമാണ് നിഷേധിക്കുന്നത്. ഫെഡറലിസത്തിന് എതിരായ നീക്കം സംസ്ഥാനങ്ങളുടെ യൂണിയനായ രാജ്യത്തിന്റെ ദേശീയ ഐക്യത്തിനും ഭീഷണിയാണ്.
സ്വതന്ത്ര ഇന്ത്യയുടെ തുടക്കംമുതൽ നമ്മുടെ ഭരണഘടനയെ എതിർത്ത വർഗീയ ഫാസിസ്‌റ്റുകൾക്ക് അധികാരം ലഭിച്ചപ്പോൾ അതുപയോഗിച്ച് ഭരണഘടനയെ തകർക്കാൻ നടത്തിവരുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഒറ്റത്തെരഞ്ഞെടുപ്പ് നീക്കം. ബില്ലുകൾ പാർലമെന്റിന്റെ ഇരുസഭകളിലും പരാജയപ്പെടുമെന്ന് വ്യക്തമായപ്പോഴാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ സർക്കാർ നിർബന്ധിതമായത്. നിലവിലെ ഘടനയിൽ സമീപഭാവിയിലൊന്നും ഇത് പാർലമെന്റിന്റെ കടമ്പ കടക്കില്ല. എന്നാൽ, ഇതൊരു ചർച്ചാവിഷയമാക്കി നിലനിർത്തി അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ നടപ്പാക്കുകയെന്ന പദ്ധതിയിൽനിന്ന് ബിജെപി പിന്മാറില്ലെന്ന് വ്യക്തമാണ്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷ അംഗങ്ങളെ വോട്ടിങ്ങിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രലോഭനങ്ങളും ഭീഷണികളുമെല്ലാം ഫാസിസ്റ്റ് രാഷ്‌ട്രീയമുള്ള ബിജെപിയിൽനിന്നുണ്ടാകും. അതിനാൽ രാജ്യത്തിന്റെ ബഹുസ്വരതയും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന് ജനങ്ങൾ നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ട്. ലോകത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യാനാകാത്ത വൈവിധ്യമാണ് നമ്മുടെ കരുത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..