22 December Sunday

ഒളിമ്പിക്‌സ്‌ ദീപം ജ്വലിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


ലോകം ഒറ്റക്കുടക്കീഴിൽ ഒരുമിക്കുന്ന ഒളിമ്പിക്‌സായി. ഫ്രഞ്ച്‌ തലസ്ഥാനമായ പാരിസാണ്‌ 
33–ാ-മത്തെ പതിപ്പിന്റെ ആതിഥേയർ. മൂന്നാംതവണയാണ്‌ പാരിസ്‌ വിശ്വകായികോത്സവത്തിന്‌ വേദിയൊരുക്കുന്നത്‌. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം ആദ്യവും. ഇതിനുമുമ്പ്‌ 1900ലും 1924ലുമാണ്‌ അവസരം കിട്ടിയത്‌. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവായ പിയറി ഡി ക്യൂബർട്ടിന്റെ നാട്ടിലേക്ക്‌ വീണ്ടും ഗെയിംസ്‌ എത്തുന്നുവെന്നതും ശ്രദ്ധേയം. കഴിഞ്ഞതവണ കോവിഡ്‌ മഹാമാരിക്കാലത്തായിരുന്നു ഒളിമ്പിക്‌സ്‌. ജാപ്പനീസ്‌ തലസ്ഥാനമായ ടോക്യോയിൽ കാണികൾക്ക്‌ പ്രവേശനമില്ലായിരുന്നു. പുതിയ സമയവും ദൂരവും ഉയരവും തേടിയുള്ള പോരാട്ടങ്ങൾക്ക്‌ ഒഴിഞ്ഞ സ്‌റ്റേഡിയങ്ങൾ സാക്ഷി. പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അക്കാലം മാറിയശേഷമുള്ള ആദ്യ ഒളിമ്പിക്‌സാണ്‌ ഇത്‌. 

പരമ്പരാഗത ചിട്ടവട്ടങ്ങളും കാലങ്ങളായി തുടരുന്ന രീതികളും പുതുക്കിപ്പണിയാനുള്ള ശ്രമം പാരിസ്‌ 2024ന്റെ സവിശേഷതയാണ്‌. ഉദ്‌ഘാടന ചടങ്ങുകൾ ആദ്യമായി സ്‌റ്റേഡിയത്തിനു പുറത്ത്‌ നടത്തുന്നുവെന്നതാണ്‌ അതിൽ പ്രധാനം. സെൻ നദിയിലൂടെ അത്‌ലറ്റുകളെ ബോട്ടിൽ ആനയിക്കുന്നു. അത്‌ലറ്റുകൾക്ക്‌ പ്രാമുഖ്യം നൽകിയുള്ള ഈ ബോട്ട്‌ മാർച്ച്‌പാസ്റ്റ്‌ ചരിത്രത്തിന്റെ ഭാഗമാകും. ഇന്നുമുതൽ 17 ദിവസമാണ്‌ മഹാമേള. 1896ൽ ആധുനിക ഒളിമ്പിക്‌സിന്‌ ഏതൻസ്‌ വേദിയാകുമ്പോൾ 14 രാജ്യവും 241 കായികതാരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്‌. നാലു വർഷത്തിലൊരിക്കൽ എത്തുന്ന ഒളിമ്പിക്‌സിൽ ഇക്കുറി 206 രാജ്യത്തെ പതിനൊന്നായിരത്തോളം കായികതാരങ്ങൾ സംഗമിക്കും. പിറന്നനാടിന്റെ കൊടിക്കീഴിലല്ലാതെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 36 അത്‌ലറ്റുകളുണ്ട്‌. ലോകമെമ്പാടും വിവിധ കാരണത്താൽ പലായനം ചെയ്യപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളായി ഈ സംഘം പാരിസിൽ തിളങ്ങും. 35 വേദിയിൽ 32 കായിക ഇനത്തിലായി 329 മെഡൽ നിശ്ചയിക്കപ്പെടും.
കൂട്ടായ്‌മയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ്‌ ഒളിമ്പിക്‌സ്‌ വിളംബരം ചെയ്യുന്നത്‌. വർണവും ദേശവും അപ്രസക്തമാകുന്ന സംഗമം. വേർതിരിവിന്റെ എല്ലാ അതിർത്തിയും മാഞ്ഞുപോകുന്ന നിമിഷം. സ്‌നേഹവും സൗഹൃദവും സന്തോഷവും നിറയുന്ന വേദി. ആധുനിക ഒളിമ്പിക്‌സ്‌ ഒന്നേകാൽ നൂറ്റാണ്ട്‌ പിന്നിട്ടപ്പോൾ രൂപവും ഭാവവും രീതികളും മാറിയിരിക്കുന്നു. കളികൾക്കും കളിക്കാർക്കും മാറ്റമുണ്ട്‌. വിജയത്തിനായി കുറുക്കുവഴികൾ തേടുന്നവരുണ്ട്‌. ഉത്തേജക മരുന്നിന്റെ മണമടിച്ചുതുടങ്ങി. പരസ്യവും സ്‌പോൺസർഷിപ്പും വിപണിയും പിടിമുറുക്കി. ഓരോ ഒളിമ്പിക്‌സ്‌ സംഘാടനവും ആതിഥേയരുടെ അഭിമാനപ്രശ്‌നമായി. കളിക്കൊപ്പം സാമ്പത്തികവും രാഷ്‌ട്രീയവുമെല്ലാം ഇഴചേർന്നതാണ്‌ പുതിയകാലത്തെ ഒളിമ്പിക്‌സ്‌.

കായികരംഗത്തെ ആധിപത്യത്തിനായി അമേരിക്കയും ചൈനയും ബലാബലം നിൽക്കുന്നതാണ്‌ നിലവിലെ സാഹചര്യം. കഴിഞ്ഞ മൂന്നുതവണയും അമേരിക്ക ചൈനയെ പിന്തള്ളി. 2008ൽ സ്വന്തം തട്ടകത്തിലെ വിജയത്തിനുശേഷം ചൈനയ്‌ക്ക്‌ മുന്നേറാനായിട്ടില്ല. ഈ കളിത്തട്ടിൽ ഇന്ത്യയുമുണ്ട്‌. 117 അംഗ സംഘത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇതുവരെ ആകെ നേടാനായത്‌ 35 മെഡലാണ്‌. 10 സ്വർണവും ഒമ്പത്‌ വെള്ളിയും16 വെങ്കലവും. എട്ട്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ ചരിത്രം പുരുഷന്മാരുടെ ഹോക്കി ടീമിനുണ്ട്‌. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ്‌ ആദ്യ വ്യക്തിഗത സ്വർണം. കഴിഞ്ഞതവണ നീരജ്‌ ചോപ്ര അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണം കൊണ്ടുവന്നു. ജാവലിൻ ത്രോയിലാണ്‌ അപ്രതീക്ഷിത നേട്ടം. ഇക്കുറി കേരളത്തിന്റെ അഭിമാനമായി ഏഴ് താരങ്ങളുണ്ട്‌. തുടർച്ചയായി രണ്ടാംതവണയും മലയാളി വനിതകളുടെ സാന്നിധ്യമില്ല.

പുതുതാരങ്ങളുടെ സ്വപ്‌നഭൂമിയാണ്‌ ഒളിമ്പിക്‌സ്‌. ജയിച്ചവരുടെയും മുന്നേറിയവരുടെയും മാത്രമല്ല ചരിത്രം. ഇവിടെ തോറ്റവരും വീണവരുമുണ്ട്‌. ഓരോ ഒളിമ്പിക്‌സിനെയും ത്രസിപ്പിച്ചവരും രസിപ്പിച്ചവരും എത്രയെത്ര പേരാണ്‌. ജെസ്സി ഓവൻസും പാവോ നൂർമിയും കാൾലൂയിസും നാദിയ കൊമനേച്ചിയും മനംകവർന്നവരാണ്‌. ഫ്‌ളോറൻസ്‌ ഗ്രിഫ്‌ത്ത്‌ ജോയ്‌നറും സെർജി ബുബ്‌കയും മൈക്കൽ ഫെൽപ്‌സും യുസൈൻ ബോൾട്ടും കളംനിറഞ്ഞ വേദി. 1988 സോൾ ഒളിമ്പിക്‌സിൽ 100 മീറ്റർ പൊന്നണിഞ്ഞശേഷം മരുന്നടിക്ക്‌ പിടിയിലായ ക്യാനഡക്കാരൻ ബെൻ ജോൺസൻ ലോകത്തെ ഞെട്ടിച്ചതും ഇതേ അരങ്ങിലാണ്‌. അവിടേക്കാണ്‌ പുതിയനിര ഇരച്ചെത്തുന്നത്‌. അവരുടെ കാഹളത്തിനായി കാത്തിരിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top