22 November Friday

സുദൃഢമായ നിലപാട്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


ഏതു കസേരയിൽ ഇരുന്നാലും ആ കസേരയോട് നൂറു ശതമാനം ആത്മാർഥതയും സത്യസന്ധതയും പുലർത്തണമെന്നും ഇടപെടേണ്ടിടത്ത് ചടുലമായി അത്‌ ചെയ്യണമെന്നും കേരളത്തിന് കാണിച്ചുതന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്യേണ്ടത് ഭംഗിയായി ചെയ്യുക, ഉടച്ചുവാർക്കേണ്ട നയങ്ങളും നടപടികളും ഉടച്ചുവാർക്കുക. 1996ൽ പിണറായി വൈദ്യുതിമന്ത്രിയായിരിക്കുമ്പോൾ ആ ഭരണമികവ് കേരളം കണ്ടതാണ്. ഇപ്പോൾ, എട്ടുവർഷത്തിലേറെയായി പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഈ ഭരണസാമർഥ്യം ഓരോ വിഷയത്തിലും മലയാളി തൊട്ടറിയുന്നുണ്ട്. സർക്കാർ സ്വീകരിക്കുന്ന നിലപാട് ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്. ഒരു സംഭവത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. ഏത് അന്വേഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിഷ്-പക്ഷതയും ഉറപ്പാക്കിയിട്ടുണ്ട്.

ഇപ്പോൾ, ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത് കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിലും സർക്കാരിന്റെ ഉറച്ച നിലപാടും ആദർശധീരതയും വ്യക്തമാണ്. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്ബിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അന്വേഷിക്കുക. കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം പൊലീസ് സേനയ്ക്ക് സർക്കാരിന്റെ കൃത്യവും വ്യക്തവും കർശനവുമായ സന്ദേശംതന്നെ. പുഴുക്കുത്തുകൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനയിലെ ഏറിയകൂറും സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരാണ്. ഇതിനോട് മുഖം തിരിച്ചുനിൽക്കുന്ന ഒരു ചെറുവിഭാഗമുണ്ട്. അവരാണ് പൊലീസിനെ കളങ്കപ്പെടുത്തുന്നത്. അത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എട്ടു വർഷത്തിനിടെ ഇത്തരക്കാരായ 108 പേരെ പിരിച്ചുവിട്ടു.

ആക്ഷേപമുയർന്നപ്പോൾ, ഒട്ടും താമസമില്ലാതെ അന്വേഷണം പ്രഖ്യാപിച്ചെന്ന് പൊതുസമൂഹത്തിനാകെ ബോധ്യമായിട്ടുണ്ട്. സർക്കാർ നടപടികളിലെ ഹൃദയശുദ്ധിയും അചഞ്ചലമായ നിലപാടുകളും ജനങ്ങൾ തിരിച്ചറിയുന്നു. ഒന്നും ബോധ്യപ്പെടാത്തത് പ്രതിപക്ഷത്തിനും ഒരു വിഭാഗം മാധ്യമങ്ങൾക്കുമാണ്. ഏതു കാര്യത്തിലുമെന്നപോലെ ഇപ്പോഴത്തെ വിഷയവും സർക്കാരിനെതിരെ തിരിക്കാൻ രണ്ടുകൂട്ടരും പെടാപ്പാട് പെടുന്നുണ്ട്. ചൂഷണത്തിന് വഴങ്ങിയാലേ കോൺഗ്രസിൽ സ്ത്രീകൾക്ക് അവസരം ലഭിക്കൂവെന്ന് എഐസിസി അംഗം സിമി റോസ് ബെൽ തുറന്നുപറഞ്ഞത് ഭൂരിപക്ഷം മാധ്യമങ്ങളും മുക്കിയത് പ്രശ്നങ്ങളെ മാധ്യമങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിന് തെളിവാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കും മൗനമാണ്. സർക്കാരിനെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ മാത്രമാണ് രണ്ടുകൂട്ടർക്കും താൽപ്പര്യം. അവരത്‌ തുടർന്നോട്ടെ. അതുപക്ഷേ, സർക്കാരിനെ അലട്ടുന്നില്ല. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് സർക്കാരിന്റെ കരുത്ത്.

നിലമ്പൂർ എംഎൽഎ പി വി അൻവറാണ് എഡിജിപി അജിത് കുമാറടക്കം പൊലീസിൽ ചിലർക്ക് ക്രിമിനൽബന്ധമുണ്ട്‌ എന്നതുൾപ്പെടെ ചില ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അദ്ദേഹം മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. ആക്ഷേപങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. അന്വേഷണത്തിൽ കാര്യങ്ങൾ പുറത്തുവരട്ടെ. ഏതു സംഭവത്തിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സത്യം പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും അന്വേഷണം നടത്താൻ പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായി കേരള പൊലീസിനെ മാറ്റിയെടുക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. പിണറായി വിജയനല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിൽ, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇപ്പോൾ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്‌ വന്നതിനെത്തുടർന്ന് സിനിമയിലെ ഒട്ടേറെ സ്ത്രീകൾ പരാതിയുമായി രംഗത്തുവരുന്നതും സർക്കാരിലുള്ള വിശ്വാസംകൊണ്ടാണ്. സ്ത്രീകൾ മൗനസഹനങ്ങളിലൊതുങ്ങാതെ എല്ലാത്തരം അനീതികൾക്കും അതിക്രമങ്ങൾക്കുമെതിരെ രംഗത്തുവരണമെന്നാണ് എൽഡിഎഫ് സർക്കാർ നേരത്തേതന്നെ സ്വീകരിച്ചിട്ടുള്ള നിലപാട്. നടിമാരടക്കം കാര്യങ്ങൾ തുറന്നുപറയുന്നത് ഇതിന്റെ  പിൻബലത്തിലാണ്.

തിന്മയുടെ കരാളതകളെ ഒരു തരത്തിലും ഈ ഭരണം വച്ചുപൊറുപ്പിച്ചിട്ടില്ല. വജ്രംപോലെ ഉറപ്പും ദീപ്തിയുമുള്ള സർക്കാരിന്റെ ഈ ആദർശനിഷ്ഠ എവിടെയും തിളങ്ങിനിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോൾ  ഉയർന്നിട്ടുള്ള വിഷയങ്ങളിലും ജനങ്ങൾ സർക്കാരിൽ പൂർണമായും വിശ്വാസമർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top