13 December Friday

ആദ്യം കാക്കേണ്ടത്‌ ആരാധനാലയ സംരക്ഷണനിയമം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024


1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി വ്യാഴം (ഡിസംബർ 12) വാദം കേൾക്കാനിരിക്കെ കേസിൽ കക്ഷിചേരാനുള്ള സിപിഐ എം തീരുമാനം അതീവ നിർണായകമായി. രാജ്യത്തെ ആരാധനാലയങ്ങളെ 1947 ആഗസ്‌ത്‌ 15ലെ സ്ഥിതിയിൽ നിലനിർത്തണമെന്ന നിയമത്തെ ചോദ്യം ചെയ്ത് 2020ൽ ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചതുതന്നെ കേസിന്റെ അതീവപ്രാധാന്യം വ്യക്തമാക്കുന്നു.

നിയമം നിലനിൽക്കെ വാരാണസിയിലെയും മഥുരയിലെയും മസ്ജിദുകൾക്കുമേൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജികൾ കീഴ്‌ക്കോടതികൾ ഫയലിൽ സ്വീകരിച്ച് സർവേയ്‌ക്ക്‌ ഉത്തരവിട്ടു. നാലുപേർ കൊല്ലപ്പെട്ട സംഘർഷത്തിനു കാരണമായ സംഭലിൽ മസ്ജിദ് ഭാരവാഹികളുടെ ഭാഗം കേൾക്കുകപോലും ചെയ്യാതെയാണ്, സർവേ നടത്താൻ  ധൃതിയിൽ ഏകപക്ഷീയമായി കോടതി  ഉത്തരവിട്ടത്. സർവമതസ്ഥരുടെയും തീർഥാടന കേന്ദ്രമായ അജ്മീർ ദർഗയുടെ അടിയിൽ ശിവക്ഷേത്രമാണെന്നു കാണിച്ചുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. ഏറ്റവും ഒടുവിലായി യുപിയിലെ അടാലയിലെ മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച കീഴ്‌ക്കോടതി നടപടിക്കെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആരാധനാലയങ്ങൾക്കുമേൽ അവകാശവാദം ഉന്നയിച്ച് രാജ്യത്തെ വർഗീയമായി പിളർക്കാനുള്ള ആസൂത്രിതശ്രമമാണ്‌ നടക്കുന്നതെന്ന് ഇതെല്ലാം തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ 1991ലെ ആരാധനാലയ സംരക്ഷണനിയമം നിലനിർത്തേണ്ടതും ഫലപ്രദമായി നടപ്പാക്കേണ്ടതും ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും അനിവാര്യമാണ്.

ബാബ്‌റി മസ്ജിദ് വിഷയം കത്തിനിൽക്കെയാണ് 1991ൽ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആരാധനാലയങ്ങൾ 1947 ആഗസ്ത് 14ലെ സ്ഥിതിയിൽ സംരക്ഷിക്കപ്പെടണമെന്ന നിയമം പാർലമെന്റിൽ പാസാക്കിയത്. ഇങ്ങനെയൊരു നിയമം വേണമെന്ന്‌ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികൾ ശക്‌തിയായി ആവശ്യപ്പെട്ടിരുന്നു. ബിജെപി നിയമത്തെ എതിർത്തു. ബാബ്‌റി മസ്ജിദിനെ ഒഴിച്ചുനിർത്തിയുള്ള നിയമം ആരാധനാലയങ്ങളെ ചൊല്ലിയുള്ള അവകാശവാദം സൃഷ്ടിക്കുന്ന സംഘർഷത്തിന് അറുതി വരുത്തുമെന്നായിരുന്നു ബിൽ അവതരിപ്പിച്ച അന്നത്തെ ആഭ്യന്തരമന്ത്രി എസ് ബി ചവാൻ പ്രത്യാശിച്ചത്. എന്നാൽ, ഒരേസമയം നിയമത്തെ വെല്ലുവിളിച്ചും നിയമമാർഗം ഉപയോഗിച്ചും സംഘപരിവാർ ആരാധനാലയരാഷ്ട്രീയം ആളിക്കത്തിക്കുന്നു. ചില കോടതികളെങ്കിലും അതിന് കൂട്ടുനിൽക്കുമ്പോൾ ആരാധനാലയ സംരക്ഷണനിയമത്തിന് സംരക്ഷണമൊരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്‌.

ഏതുമതത്തിന്റെ ആരാധനാലയത്തെയും മറ്റൊരു മതത്തിന്റെയോ അതേ മതത്തിന്റെ മറ്റൊരു വിഭാഗത്തിന്റെയോ ആരാധനാലയമായി മാറ്റുന്നത് നിയമം വിലക്കുന്നു. ആരാധനാലയങ്ങളുടെ മതസ്വഭാവം 1947 ആഗസ്ത് 15ന് എന്തായിരുന്നോ അതായി നിലനിർത്തണമെന്നും നിയമം അനുശാസിക്കുന്നു. എല്ലാത്തിനും ഉപരിയായി 1947 ആഗസ്ത് 15ന്റെ സ്ഥിതിയിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും ആരാധനാലയത്തെ സംബന്ധിച്ച അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഹർജികളും നടപടികളും റദ്ദാക്കണമെന്നും അവയ്‌ക്ക്‌ സാധുത ഉണ്ടാകില്ലെന്നും അടിവരയിട്ടു പറയുന്നു. നിയമം ലംഘിച്ചാൽ മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്‌. ഈ നിയമം സംഘപരിവാറിന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമാകുന്നതിനാലാണ് അതിനെതിരെ അഭിഭാഷകൻകൂടിയായ അശ്വിനികുമാർ ഉപാധ്യായ അടക്കമുള്ള ബിജെപി നേതാക്കൾ കോടതിയിലെത്തിയത്‌. 2022 മേയിൽ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്‌ ജ്‌ഞാൻവാപി സർവേ തുടരാൻ അനുമതി നൽകുകയും 1991 ലെ നിയമം സർവേയ്‌ക്ക്‌ തടസ്സമല്ലെന്ന്‌ പറയുകയും ചെയ്‌തു. ഇതും തുടർഹർജികൾക്ക്‌ വഴിയൊരുക്കി.

നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ഹർജിക്കാർ ചോദ്യം ചെയ്യുന്നു എന്നതാണ് ഏറെ വൈരുധ്യം. ഇന്ത്യയുടെ അസ്തിത്വം പൗരാണിക ഭാരതത്തിൽ ഉറപ്പിക്കുന്നതും 1947 ആഗസ്ത് 15ന് ഉദയം ചെയ്‌ത പുതിയ ഇന്ത്യയുടെ അസ്തിത്വത്തെ നിരാകരിക്കുന്നതുമാണ് ഹർജിയിലെ വാദങ്ങൾ. കഴിഞ്ഞ വർഷം കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. കേന്ദ്രനിലപാട് ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കാവിവൽക്കരിക്കപ്പെടുന്ന കാലത്ത് മതനിരപേക്ഷതയുടെ അവസാന കച്ചിത്തുരുമ്പ് ജുഡീഷ്യറിയാണ്. ആ ജുഡീഷ്യറിയിലും സംഘപരിവാറിന്റെ നീരാളിക്കൈകൾ എത്തി. നിയമങ്ങൾ ഭൂരിപക്ഷ മതവിഭാഗത്തിന് അനുകൂലമായിരിക്കണമെന്ന അറപ്പിക്കുന്ന പ്രസ്താവന കഴിഞ്ഞദിവസം വന്നത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്‌ജിയിൽനിന്നാണ്. ജനാധിപത്യ– -മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പ് ആഗ്രഹിക്കുന്നവരുടെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നതാണ് രാജ്യത്തെ സാഹചര്യം. ആ കടമയാണ് സിപിഐ എം ഏറ്റെടുത്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top