15 November Friday

പ്രൊഫ. ജി എൻ സായിബാബയും ഭരണകൂട ഭീകരതയുടെ ഇര

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


കള്ളക്കേസിൽ തുറുങ്കിലടയ്‌ക്കപ്പെട്ട രോഗിയായ കത്തോലിക്ക പുരോഹിതൻ സ്‌റ്റാൻ സ്വാമി ജാമ്യംപോലും കിട്ടാതെ 84–-ാം വയസ്സിൽ മരിച്ചത്‌ തരിമ്പും ദയയില്ലാത്ത ഇന്ത്യൻ ഭരണസംവിധാനത്തിന്റെയും അതിനു വിധേയപ്പെട്ട നീതിപീഠത്തിന്റെയും ഇരയായിട്ടാണ്‌. മൂന്നു വർഷത്തിനിപ്പുറം ഇപ്പോഴിതാ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. ജി എൻ സായിബാബ പതിറ്റാണ്ടുനീണ്ട തടവറജീവിതത്തിനുശേഷം, കുറ്റവിമുക്തനായി പുറത്തിറങ്ങി മാസങ്ങൾക്കകം അകാലത്തിൽ മരണപ്പെട്ടിരിക്കുന്നു. ഒരു ഗ്ലാസ്‌ വെള്ളം തൂവിപ്പോകാതെ പിടിക്കാൻപോലും കഴിയാതിരുന്ന സ്‌റ്റാൻ സ്വാമിയെപ്പോലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നു സായിബാബയും. എന്നാൽ, ജയിൽമോചിതനായതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ മരണം എന്ന വ്യത്യാസംമാത്രം. ‘വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണ്‌’ എന്ന ആപ്തവാക്യമനുസരിച്ച്‌ സായിബാബയുടെ മരണത്തിൽ ഇന്ത്യൻ നിയമസംവിധാനങ്ങളും കുറ്റവാളിയാകുകയാണ്‌. 2014 മെയ്‌ ഒമ്പതിനാണ്‌ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി മഹാരാഷ്‌ട്ര പൊലീസ്‌ സായിബാബയെ അറസ്റ്റ്‌ ചെയ്‌തത്‌. തുടർന്നുണ്ടായ പീഡനത്തിൽ തകർന്ന ആരോഗ്യം ആര്‌ തിരിച്ചുതരുമെന്ന്‌ കുറ്റവിമുക്തനായതിനുശേഷം സായിബാബ ചോദിച്ചിരുന്നു. ആ ചോദ്യങ്ങൾ നീതിബോധമുള്ള മുഴുവൻ മനുഷ്യരുടെയും ഉറക്കം കെടുത്തേണ്ടതാണ്‌.

മാവോയിസ്റ്റ്‌ ബന്ധവും ഭീമ കൊറേഗാവ്‌ കേസിലെ പങ്കാളിത്തവും ആരോപിച്ചാണ്‌ ദേശീയ അന്വേഷണ ഏജൻസി 2020 ഒക്‌ടോബറിൽ യുഎപിഎ ചുമത്തി സ്‌റ്റാൻ സ്വാമിയെ അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളം കുടിക്കാൻ ഒരു സിപ്പർ എന്ന മാനുഷികമായ ആവശ്യംപോലും നിഷേധിക്കപ്പെട്ട അദ്ദേഹം ആരോഗ്യസ്ഥിതി വഷളായി 2021 ജൂലൈയിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ കംപ്യൂട്ടറിൽ വ്യാജമായി തെളിവുകൾ സ്ഥാപിക്കുകയായിരുന്നെന്ന വിവരം മരണശേഷം പുറത്തുവന്നു. സമാനമായി സായിബാബയുടെ കേസിലും തെളിവുകൾ കെട്ടിച്ചമയ്‌ക്കുകയായിരുന്നെന്ന്‌ വ്യക്തമായി. സെഷൻസ്‌ കോടതി 2017ൽ വിധിച്ച ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ച്‌ കൃത്യം രണ്ടുവർഷം മുമ്പ്‌ (2022 ഒക്‌ടോബർ 14ന്‌) റദ്ദാക്കിയിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതിനാൽ ഒന്നരവർഷംകൂടി അദ്ദേഹത്തിന്‌ തടവറയിൽ കഴിയേണ്ടിവന്നു. സുപ്രീംകോടതി നിർദേശമനുസരിച്ച്‌ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച്‌ കേസ്‌ പുനഃപരിശോധിച്ചാണ്‌ കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തെയും അഞ്ച്‌ കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കിയത്‌. നേരത്തേ ശിക്ഷവിധിച്ച വിചാരണക്കോടതിനടപടി നീതിയുടെ പരാജയമാണെന്നും ഹൈക്കോടതി തുറന്നടിച്ചിരുന്നു. വിധിക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല.

അഞ്ചാം വയസ്സിൽ പോളിയോ തളർത്തിയ ശരീരവുമായി ചക്രക്കസേരയിൽ ജീവിച്ച സായിബാബ പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടിയാണ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഡോക്ടറേറ്റ്‌ അടക്കം നേടിയത്‌. ഡൽഹി സർവകലാശാലയ്‌ക്ക്‌ കീഴിലെ രാംലാൽ ആനന്ദ്‌ കോളേജിൽ അധ്യാപകനായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന്‌ പിരിച്ചുവിടപ്പെട്ടു. തടവറയിലെ പതിറ്റാണ്ടോളം നീണ്ട ജീവിതത്തിൽ അനുഭവിച്ച കടുത്ത പീഡനങ്ങളുടെ ഫലമായി നിരവധി രോഗങ്ങളുമായാണ്‌ കഴിഞ്ഞ മാർച്ചിൽ പുറത്തുവന്നത്‌. ചലനശേഷിയില്ലാത്ത അദ്ദേഹത്തെ എടുത്തുകൊണ്ടുനടന്ന്‌ മികച്ച വിദ്യാഭ്യാസമടക്കം നൽകി വളർത്തിയ അമ്മ മരണാസന്നയായി കിടക്കുമ്പോഴോ മരണശേഷമോ കാണാൻപോലും സായിബാബയ്ക്ക്‌ പരോൾ അനുവദിച്ചില്ല. ഡൽഹിയിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ മഹാരാഷ്‌ട്രയിലെ അഹേരി പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുവരുമ്പോൾ ഇടതുകൈക്ക്‌ ഗുരുതര പരിക്കേറ്റിട്ടും ഒമ്പതുമാസം ചികിത്സ നിഷേധിച്ചു. തുടർന്ന്‌ ചികിത്സയിൽ വേദന കുറഞ്ഞെങ്കിലും ആ കൈ ഉപയോഗിക്കാനാകാതായി. അരയ്‌ക്കുതാഴെ ചലനശേഷിയില്ലാതിരുന്ന അദ്ദേഹത്തിന്‌ രണ്ടുകൈകൾ മാത്രമായിരുന്നു ആശ്രയം. കുട്ടിക്കാലത്ത്‌ കൈകളിൽ ചെരുപ്പ്‌ ധരിച്ച്‌ കൈകുത്തി ഇഴഞ്ഞാണ്‌ സ്‌കൂളിൽ പോയിരുന്നത്‌. ഇത്രമാത്രം നിസ്സഹായനായ ഒരാളെ പിന്തിരിപ്പൻ ഭരണസംവിധാനം വേട്ടയാടിയത്‌ അയാൾ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയെന്ന ഒറ്റക്കാരണത്താലാണ്‌.

സ്‌റ്റാൻ സ്വാമിയും സായിബാബയും നേരിട്ട പീഡനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. തെറ്റുകളെ ചോദ്യംചെയ്യുകയും നീതിക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്‌ത നിരവധിയാളുകൾ ഹിന്ദുത്വ ഫാസിസത്തിന്റെ സ്വേച്ഛാധിപത്യവാഴ്‌ചക്കാലത്ത്‌ ജയിലിലടയ്‌ക്കപ്പെട്ടിട്ടുണ്ട്‌. മാധ്യമങ്ങളിലൊരു വിഭാഗത്തെ ഉപയോഗിച്ചാണ്‌ ഫാസിസ്‌റ്റുകൾ ഇവർ കുറ്റവാളികളാണെന്ന്‌ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. എഴുത്തുകാരിയും പ്രക്ഷോഭകയുമായ അരുന്ധതി റോയ്‌ 14 വർഷം മുമ്പ്‌ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ അവർക്കെതിരെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ യുഎപിഎ ചുമത്തിയത്‌ മൂന്നുമാസം മുമ്പാണ്. ഇത്തരം അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ സമൂഹം ഉണർന്നിരിക്കണമെന്നാണ്‌ സ്‌റ്റാൻ സ്വാമിയുടെയും സായിബാബയുടെയും മറ്റും രക്തസാക്ഷിത്വം ഓർമിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top