27 December Friday

അഖിലേന്ത്യാ നേതാവ് ഇങ്ങനെ തരംതാഴരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി എൽഡിഎഫ്‌ സർക്കാരിനെതിരെ നടത്തിയ വിലകുറഞ്ഞ പരാമർശങ്ങൾ ദേശീയ നേതാവിന്‌ ചേർന്നതായില്ലെന്ന്‌ പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ  പാർടിയുടെ അഖിലേന്ത്യാ നേതാവ്‌ കാര്യങ്ങൾ മനസ്സിലാക്കിയും ഉത്തരവാദിത്തത്തോടുമാകണം പ്രതികരിക്കേണ്ടത്‌. എൽഡിഎഫ്‌ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അസത്യ ജടിലവും തരംതാണതുമായ ആക്ഷേപങ്ങൾ ആവർത്തിക്കുകയല്ല വേണ്ടത്. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും സംഘവും വിളിച്ചുപറയുന്ന അധിക്ഷേപങ്ങൾ ആലോചനയില്ലാതെ ഏറ്റെടുക്കുകയാണ്‌‌ ദൗർഭാഗ്യവശാൽ അദ്ദേഹം. അതേസമയം, ബിജെപിക്കും മോഡി സർക്കാരിനുമെതിരെ ചെറു വിമർശനംപോലും ഉന്നയിക്കാൻ തയ്യാറായില്ലെന്നതും ഗൗരവമുള്ള കാര്യമാണ്‌.

ഒരുനിമിഷം ആലോചിച്ചാൽ എൽഡിഎഫ്‌ സർക്കാരിനെതിരെ ഇത്തരം പ്രസ്‌താവന നടത്താൻ രാഹുലിന്‌ നാണം തോന്നുമായിരുന്നു. സെക്രട്ടറിയറ്റിന്‌ മുന്നിലെത്തി ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ലിസ്റ്റിൽ ഉള്ളവർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം സ്വന്തം പാർടി അധികാരത്തിലിരിക്കുമ്പോഴാണ്‌ കേന്ദ്ര സർവീസിൽ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്‌തിക ഇല്ലാതാക്കിയതെന്ന്‌ മറന്നതാകാൻ വഴിയില്ല. എൽഡിഎഫിന്റെ കൊടിപിടിക്കാത്ത ചെറുപ്പക്കാർക്ക്‌ കേരളത്തിൽ തൊഴിൽ കിട്ടില്ലെന്ന്‌ ആക്ഷേപിച്ച രാഹുലിന്‌ കേന്ദ്ര സർവീസിൽ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്‌തിക ഇല്ലാതാക്കിയതിന്റെ കാരണം പറയാൻ ബാധ്യതയുണ്ട്‌.

മത്സ്യത്തൊഴിലാളികളുടെ പേരിൽ ഇപ്പോൾ കണ്ണീരൊഴുക്കുന്ന യുഡിഎഫും രാഹുൽ ഗാന്ധിയും 1991ൽ കോൺഗ്രസാണ്‌ വിദേശ ട്രോളറുകൾക്ക്‌‌ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ ‌അനുമതി കൊടുത്തതെന്ന്‌ മറച്ചുവയ്‌ക്കുന്നു. അന്ന്‌ പാർലമെന്റിൽ കൈയടിക്കാൻ രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു. അതിനെതിരെ ഇടതുപക്ഷവും മത്സ്യമേഖലയിലെ സംഘടനകളും നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്‌. കടൽസമ്പത്ത്‌ വിദേശ കുത്തകകൾക്ക്‌‌ തുറന്നുകൊടുത്ത കോൺഗ്രസും രാഹുൽ ഗാന്ധിയും ഇപ്പോൾ മത്സ്യത്തൊഴിലാളികളുടെ രക്ഷകവേഷം കെട്ടുന്നു. ഇത്‌ തിരിച്ചറിയാനുള്ള ബോധം മത്സ്യത്തൊഴിലാളികൾക്കുണ്ട്‌. അഞ്ചു വർഷമായി എൽഡിഎഫ്‌ സർക്കാരിന്റ കരുതലും ശ്രദ്ധയും അനുഭവിക്കുന്നവരാണ്‌ അവർ. പുനർഗേഹം പദ്ധതി നടപ്പാക്കിയും പഞ്ഞമാസങ്ങളിൽ സൗജന്യ റേഷൻ അനുവദിച്ചും മത്സ്യത്തിന്‌ ന്യായവില ഉറപ്പാക്കിയുമെല്ലാം ജീവിതസംരക്ഷണം നൽകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ നന്മ അനുഭവിച്ചറിയുന്നവരാണ്‌ തീരദേശ ജനത. സുനാമി ഫണ്ടടക്കം വകമാറ്റി തീരദേശത്തെ വഞ്ചിച്ചവരുടെ തെരഞ്ഞെടുപ്പുകാല സ്‌‌നേഹപ്രകടനത്തിൽ അവർ ഉള്ളാലെ ചിരിക്കുകയാണ്‌.

മോഡി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌  പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന പഴയ വിമർശനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നുണ്ടോ എന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ട്‌

ചെന്നിത്തലയുടെ സംസ്ഥാന യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയ മറ്റൊരു അധിക്ഷേപം അദ്ദേഹം യുഡിഎഫ്‌ നേതാവെന്ന നിലയിലേക്ക്‌ ചുരുങ്ങിപ്പോയെന്ന്‌ തെളിയിക്കുന്നു‌. ഇടതു കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വർണം കടത്താമെന്ന പരാമർശം യുഡിഎഫ്‌ നേതാക്കളുമായുള്ള അമിത സംസർഗം വരുത്തിവച്ച പതനമാണ്‌. മാധ്യമ പിന്തുണയോടെ  ചെന്നിത്തലയും സംഘവും മാസങ്ങളോളം നടത്തിയ സ്വർണക്കടത്ത്‌ നാടകം തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയ കാര്യം രാഹുൽ അറിഞ്ഞില്ലെന്ന്‌ തോന്നുന്നു. കേന്ദ്ര അന്വേഷണ എജൻസികളുടെ പിന്തുണയോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കാൻ നടത്തിയ നീക്കം പൊളിഞ്ഞുപോയെന്ന്‌ ആരെങ്കിലും പറഞ്ഞുകൊടുക്കണം. സ്വർണം അയച്ചവരെയും അയപ്പിച്ചവരെയുംവിട്ട്‌ ഇടനിലക്കാരെ പിടിച്ച അന്വേഷണസംഘം എന്തുകൊണ്ടാണ്‌ ഇരുട്ടിൽ തപ്പുന്നതെന്ന്‌ ചോദിച്ചറിയണം. സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴയുന്നുവെന്നാണ്‌ രാഹുലിന്റെ പരാതി‌. മോഡി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌  പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന പഴയ വിമർശനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നുണ്ടോ എന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ട്‌.

ഇടതുപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാമോ എന്ന്‌ വ്യക്തമാക്കിയാലും മതി.
വയനാട്ടിൽ ട്രാക്ടറിൽ പാഞ്ഞുകയറിയും കൊല്ലത്ത്‌ കടലിൽ ചാടിയും നാടകമാടുന്ന രാഹുൽ ഗാന്ധി രാജ്യത്തെ പിടിച്ചുകുലുക്കുന്ന കർഷക സമരത്തിൽ വഹിച്ച പങ്ക് വട്ടപ്പൂജ്യമാണ്‌. കോൺഗ്രസ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനമാണ്‌ കാർഷിക നിയമത്തിലൂടെ മോഡി നടപ്പാക്കുന്നത്‌. ഇതിനെതിരെ ശബ്‌ദിക്കാൻ രാഹുലിന്‌ കഴിയില്ല. ആഴക്കടൽ  കുത്തകകൾക്ക്‌ തുറന്നുകൊടുത്തും കാർഷികമേഖല അടിയറവയ്‌ക്കാൻ കൂട്ടുനിന്നും മൃദുഹിന്ദുത്വ നിലപാടെടുത്തും കോൺഗ്രസ്‌ ബിജെപിയുടെ ബി ടീമാണെന്ന്‌ ആവർത്തിച്ചു തെളിയിക്കുന്നു. കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിക്കുന്ന മോഡിക്കെതിരെ മിണ്ടാൻ മടിക്കുന്ന രാഹുൽ കേരളത്തിൽ പുതിയ തെരഞ്ഞെടുപ്പുനാടകം കളിക്കുന്നു. ദേശീയ തലത്തിൽ കാറ്റുവീഴ്‌ച ബാധിച്ച കോൺഗ്രസ്‌ രാഹുലിനെ മുൻനിർത്തി നടത്തുന്ന ഈ കപട നാടകം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top