റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ലോകനേതാവാണ്. ഉക്രെയിൻ വിഷയവും സിറിയൻ പ്രശ്നവുമാണ് പുടിനെ ലോകത്തിലെ ശക്തനായ നേതാവാക്കിയത്. എന്നാൽ, റഷ്യയിൽ പുടിന്റെ ജനപ്രീതി കുറയുകയാണ്. 76 ശതമാനം വോട്ട് നേടി മാർച്ച് മാസം നാലാമതും പ്രസിഡന്റായ പുടിനെ, ഇപ്പോൾ 48 ശതമാനംപേർ മാത്രമാണ് പിന്തുണയ‌്ക്കുന്നത്. പെൻഷൻ പ്രായം ഉയർത്തിയ നടപടിയാണ് പുടിന്റെ ജനപ്രീതി ഇടിച്ചത‌്.
സെപ്തംബർ 27നാണ് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമ പെൻഷൻ ബില്ലിന് അംഗീകാരം നൽകിയത‌്. ഈ ദശാബ്‌ദത്തിൽ ജനങ്ങൾ ഏറ്റവും വെറുത്ത പരിഷ‌്കാരമെന്നാണ‌് പെൻഷൻ ബിൽ അറിയപ്പെടുന്നത്. പുരുഷന്മാരുടെ റിട്ടയർമെന്റ് പ്രായം 60ൽ നിന്ന‌് 65ഉം സ‌്ത്രീകളുടേത‌് 55 വയസ്സിൽനിന്ന‌് 60ഉം ആക്കി ഉയർത്തുന്നതാണ് പുതിയ പരിഷ‌്കാരം. 90 ശതമാനം ജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിട്ടും ബില്ലുമായി മുന്നോട്ടുപോകാനാണ് പുടിനും കൂട്ടരും തീരുമാനിച്ചത്.
സാമ്പത്തികപ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പുടിന്റെ പെൻഷൻ പരിഷ‌്കാരം. സർവീസ് പ്രായം ഉയർത്തിയാൽ പെൻഷൻ നൽകാതെ കഴിയാം എന്ന ധാരണയാണ് സർക്കാരിനുള്ളത്. മൊത്തം 4.7 കോടി പേർക്ക് പെൻഷൻ നൽകേണ്ടതുണ്ട്. ഒരാൾക്കുള്ള ശരാശരി പെൻഷൻ 210 ഡോളറാണ്. ഏകദേശം 15000 രൂപ. തുച്ഛമായ തുകയാണ് എന്നതിനാൽ പെൻഷൻ പറ്റിയ 17 ശതമാനം പേരും വീണ്ടും ജോലിയെടുത്താണ് കുടുംബത്തെ പുലർത്തുന്നത്. മറ്റ‌് യൂറോപ്യൻ രാഷ്ട്രങ്ങളെ അപേക്ഷിച്ച് റഷ്യയിൽ മനുഷ്യരുടെ ആയുർ ദൈർഘ്യം കുറവാണ്. 85 പ്രവിശ്യകളിൽ 62 ലും ശരാശരി പുരുഷന്മാരുടെ ആയുസ്സ് 65 വയസ്സിലും താഴെയാണ്. ഇതിനർഥം 65 വയസ്സ് വരെ സർവീസ് നീട്ടിക്കൊടുത്താൽ ഭൂരിപക്ഷംപേർക്കും പെൻഷൻ നൽകേണ്ടതില്ലെന്നർഥം. സർക്കാരിന്റെ ഈ ക്രൂരമായ സമീപനമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മാത്രമല്ല, പെൻഷൻ ഫണ്ട് ഇനത്തിൽ സർക്കാർ ശമ്പളത്തിൽ പിടിക്കുന്ന തുകയുടെ ചെറിയൊരു അംശംപോലും പെൻഷനായി തിരിച്ചുനൽകുന്നില്ലെന്നും കണക്കുകൾ ബോധ്യപ്പെടുത്തുന്നു.
20 വർഷം സർവീസുള്ള ഒരാളിൽനിന്ന‌് ശരാശരി 24 ലക്ഷം റൂബിൾ പെൻഷൻ ഫണ്ടിലേക്ക് പോകുന്നുണ്ട‌്. 36, 000 റൂബിളാണ് റഷ്യയിലെ ശരാശരി ശമ്പളം. എന്നാൽ, 16 ലക്ഷം റൂബിൾ മാത്രമാണ് ഒരാൾക്ക് പെൻഷനായി തിരിച്ചുലഭിക്കുന്നത്. പെൻഷൻ പൂർണമായും വാങ്ങുന്നതിനുമുമ്പ് അവർ മരിച്ചുപോകുന്നു. അതായത് ഒരു ജീവനക്കാരിൽനിന്ന് ശരാശാരി 8 ലക്ഷം റൂബിൾ സർക്കാരിന് ലഭിക്കുന്നു. ഈ തുകയുടെ തോത് സർവീസ് പ്രായം വർധിപ്പിക്കുന്നതോടെ പതിന്മടങ്ങായി വർധിക്കും. പെൻഷൻ പരിഷ‌്കരണ കാതൽ ഈ കൊള്ളയാണെന്നർഥം. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് റഷ്യൻ ഫെഡറേഷൻ നേതാവ് ഗെന്നഡി ഷുഗാനോവ് പുടിന്റെ പെൻഷൻ പരിഷ‌്കാരം ‘കാനിബാളിസ'മാണെന്ന് ആരോപിച്ചത്.
പുടിന്റെ പെൻഷൻ പരിഷ‌്കരണത്തിനെതിരെ പ്രതിഷേധത്തിന്റെ കുന്തമുന ഉയർത്തിയത് കമ്യൂണിസ്റ്റ് പാർടിയായിരുന്നു. മോസ‌്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും യകാതെറിൻ ബർഗിലും മറ്റും അവർ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിൽ പെൻഷൻ പരിഷ‌്കാരത്തിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ‌്തത‌് കമ്യൂണിസ്റ്റ് പാർടിക്കാർ മാത്രമായിരുന്നു. 102 പ്രതിപക്ഷ പാർടി എംപിമാർ ഡ്യൂമയിലുണ്ടായിരുന്നെങ്കിലും 59 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ‌്തത‌്. ഇതിൽ 42 പേരും കമ്യൂണിസ്റ്റ‌് പാർലമെന്റ‌് അംഗങ്ങളായിരുന്നു. പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെയും വ്ളാദിമിർ ഷിരിനോവ്സകിയുടെയും എംപിമാർ പൂർണമായും എതിർത്ത് വോട്ട് ചെയ്യാൻ തയ്യാറായില്ല. നവൽനി ഒരുമാസം ജയിലിൽ കിടന്നെങ്കിലും സ്വന്തം പാർടിയിലെ എംപിമാരെ പെൻഷൻ പരിഷ‌്കാരത്തിനെതിരെ വോട്ട് ചെയ്യിക്കുന്നതിൽ പരാജയപ്പെട്ടു.
എതായാലും റഷ്യയിലെ ജനങ്ങൾ പതുക്കെയാണെങ്കിലും പുടിനെതിരെ തിരിഞ്ഞുതുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രിമോർസ‌്കി ക്രായി പ്രവിശ്യയിൽ നടന്ന ഗവർണർ തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ‌് റഷ്യ സ്ഥാനാർഥിയെ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ ആന്ദ്രേ ഇഷെങ്കോ 30,000 വോട്ടിനാണ് വിജയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് റദ്ദാക്കി ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് പുടിൻ. ഖകാഷ്യ പ്രവിശ്യയിൽ ഗവർണർസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യയുടെ വിക്ടർ സെമിൻ തോറ്റു. കമ്യൂണിസ്റ്റ് പാർടിയുടെ കോൺസ്റ്റാന്റെൻ കോണോവാലോവ് 12 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.
കബ്രോവ്സ‌്കക‌്, വ്ളാദിമിർ ഒബ്ലാസ്റ്റ് എന്നീ പ്രവിശ്യകളിൽ ഗവർണർ തെരഞ്ഞെടുപ്പിലും യുണൈറ്റഡ‌് റഷ്യ പാർടി സ്ഥാനാർഥികൾ തോറ്റു. രണ്ടിടത്തും വ്ളാദിമിർ ഷിരിനോവ‌്സ‌്കിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർടി ഓഫ‌് റഷ്യയുടെ സ്ഥാനാർഥികളാണ‌് വിജയിച്ചത്. സൈബീരിയയിലെ ഇർകാൽസ‌്കക‌്, ഉല്യാനോവ്സ‌്കക‌്, ഖക്കാഷൽ എന്നീ പ്രവിശ്യാകൗൺസിലിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥികൾ രണ്ട് മുതൽ ഏഴ് ശതമാനം വരെ വോട്ട് നേടി വിജയിച്ചു. യുനൈറ്റഡ് റഷ്യ കഴിഞ്ഞാൽ ഏറ്റവും ശക്തമായ പാർടിയായ കമ്യുണിസ്റ്റ‌് പാർടി ഓഫ് റഷ്യൻ ഫെഡറേഷൻ പതുക്കെയാണെങ്കിലും തിരിച്ചുവരവിനുള്ള കരുത്ത് നേടിക്കൊണ്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..