ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബിജെപി സർക്കാരിൽനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വലിയ സവിശേഷത അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പുകളുടെ ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാരുകൾക്ക് നേരിട്ട് ഇടപെടാനുള്ള അവകാശമില്ല. സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ള സ്ഥാപനമാണ് കമീഷൻ. കോടതികൾക്കുപോലും കമീഷൻ തീരുമാനങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. ഇങ്ങനെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നോക്കുകുത്തിയാക്കി തങ്ങളുടെ വരുതിയിലാക്കിയതാണ് ബിജെപി സർക്കാരിന്റെ 10 വർഷത്തെ നേട്ടം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് രേഖകൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന ചട്ട ഭേദഗതി ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യത ഇല്ലാതാക്കുന്നതാണ്.
തെരഞ്ഞെടുപ്പ് കമീഷൻ മുഴുവൻ രാഷ്ട്രീയ പാർടികളുമായി ആലോചിച്ച് നടപ്പാക്കിയതാണ് വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് സംവിധാനം. പോളിങ് ബൂത്തിലെ വോട്ടർമാരുടെ നിര, സ്ഥാനാർഥികളുടെ പോക്ക്, വരവ്, ബൂത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെല്ലാം റെക്കോഡ് ചെയ്യപ്പെടും. ഇത് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർടികൾക്കും വോട്ടർമാർക്കും ലഭ്യമാകുന്ന രേഖകളാണ്. എന്നാൽ, ഇതൊന്നും ഇനി പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവരുന്ന ഭേദഗതി. കമീഷനുമായി ആലോചിച്ചാണ് ചട്ട ഭേദഗതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. വീഡിയോ ചിത്രീകരണം അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയത് മുഴുവൻ രാഷ്ട്രീയ പാർടികളുടെയും അഭിപ്രായം സ്വീകരിച്ചാണ്. ഇത് മാറ്റം വരുത്തുമ്പോഴും രാഷ്ട്രീയ പാർടികളുമായി ആലോചിക്കാനുള്ള സാമാന്യ മര്യാദ കമീഷൻ കാണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിലപാട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർടികൾക്ക് സുപ്രധാന സ്ഥാനം ഉണ്ടെന്നിരിക്കെ അവരെ പൂർണമായും അവഗണിക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്‌പ്പായേ കാണാൻ കഴിയൂ.
കേന്ദ്രം ഭരിക്കുന്നവരാണ് തങ്ങളുടെ യജമാനൻമാരെന്ന ചിന്തയിലേക്ക് കമീഷൻ പോകുന്നത് ജനാധിപത്യത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതിന് തുല്യമാണ്. കമീഷനെ സർക്കാരിന്റെ വരുതിയിലാക്കാനുള്ള ശ്രമം ബിജെപി മുമ്പേ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങളെ തീരുമാനിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് ഇപ്പോൾ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷം ഭരണക്കാർക്കായതിനാൽ അവരുടെ തീരുമാനമേ നടപ്പാകൂ.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായിരിക്കെ സർക്കാരിന്റെ നീക്കം പിന്തിരിപ്പനാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നപ്പോൾ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് സിപിഐ എം പരാതി നൽകിയതും നിരവധി ബൂത്തുകളിൽ റീ പോളിങ് നടത്തിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ്‌ക്ക് വിധേയമാണെന്ന 1961 ലെ തെരഞ്ഞെടുപ്പ് ചട്ടമാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഭേദഗതി ചെയ്തത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും വിവരാവകാശ പ്രവർത്തകൻ മെഹ്മൂദ് പ്രാചയ്‌ക്ക് നൽകണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾക്കുള്ളിലാണ് ചട്ട ഭേദഗതിയെന്നതും ശ്രദ്ധേയമാണ്. ഭേദഗതി പ്രകാരം പേപ്പർ രേഖകൾ മാത്രമേ പരസ്യപ്പെടുത്തൂ. ഇലക്‌ട്രോണിക് രേഖകൾ പൂർണമായും ഒഴിവാക്കപ്പെട്ടു. ബൂത്തുകളിൽ അട്ടിമറി നടന്നാൽ അത് കണ്ടെത്താനുള്ള പ്രധാന മാർഗമാണ് വെബ്കാസ്റ്റിങ്. ഇനി അതാർക്കും ലഭിക്കില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്ന ചട്ട ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്.
ഭരണഘടനയ്‌ക്ക് നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണത്തിന്റെ ഭാഗം തന്നെയാണ് തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിയും. ഭരണഘടനാ ശിൽപ്പിയായ ബി ആർ അംബേദ്കറെ ഉൾപ്പെടെ ഇകഴ്‌ത്തികാണിക്കുന്ന ബിജെപി മനുസ്‌മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും ഒരു രാജ്യം ഒരു ഭാഷയുമെല്ലാം ആർഎസ്എസിന്റെ മതരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങളാകെ ഉണർന്നെണീറ്റില്ലെങ്കിൽ വൻ വിപത്താണ് രാജ്യം നേരിടാൻ പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..