ഭക്തി ചൂഷണംചെയ്തും തീവ്ര വർഗീയത സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ ചേരിതിരിവുണ്ടാക്കിയാണ് ഇവരുടെ നിലനിൽപ്പ്. അധികാരത്തിലേറി പത്ത് വർഷം കഴിഞ്ഞിട്ടും തീവ്ര വർഗീയ പ്രചാരണവും അതിന്റെ പേരിലുള്ള കൊലപാതകവും അവർ അഭംഗുരം തുടരുന്നുവെന്നാണ് കഴിഞ്ഞദിവസം ഹരിയാനയിലുണ്ടായ ആൾക്കൂട്ട കൊലപാതകം തെളിയിക്കുന്നത്. ഉത്തരേന്ത്യയിലെ വലിയൊരു ജനവിഭാഗം പശുവിനെ പൂജിക്കുന്നവരാണ്. വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണ ജനത പരമ്പരാഗതമായി തുടരുന്ന വിശ്വാസത്തെ സംഘപരിവാർ എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്നതിന് തെളിവാണ് പശുസംരക്ഷണത്തിന്റെ പേരിൽ തുടരുന്ന സംഘർഷവും കൊലപാതകങ്ങളും. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഹരിയാനയിലെ ചാർഖി ദാദ്രിയിലുണ്ടായത്. പാഴ്‌വസ്തുക്കൾ പെറുക്കി വിറ്റ് ജീവിക്കുന്ന യുവാവിനെ ഗോ സംരക്ഷണ സേനയുടെ പേരിൽ ഒരുപറ്റം ആളുകൾ നിഷ്കരുണം അടിച്ച് കൊല്ലുകയായിരുന്നു. പശുമാംസം ഭക്ഷിച്ചുവെന്നാരോപിച്ചാണ് പശ്ചിമബംഗാൾ സ്വദേശി സാബിറിനെ തടിക്കഷണംകൊണ്ട് മർദിച്ച് കൊന്നത്. കൂടെ ഉണ്ടായിരുന്ന അസം സ്വദേശി അസിറുദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ താമസസ്ഥലത്തുനിന്ന് അടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു മർദനം. അവിടെയുള്ളവർ ഇടപെട്ടപ്പോൾ ആളൊഴിഞ്ഞ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി അടിച്ച് കൊല്ലുകയായിരുന്നു. മനുഷ്യന് മൃഗത്തിന്റെ വിലപോലും നൽകാത്തവരാണ് ഈ ക്രൂരതയ്‌ക്ക് പിന്നിൽ. വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും ഇവർക്ക് മടിയുണ്ടായില്ല. ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴുപേർ പിടിയിലായി. എല്ലാവരും ഗോരക്ഷാ പ്രവർത്തകരാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗോ രക്ഷയുടെ പേരിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ കൈയിൽ ബീഫ് ഉണ്ടെന്ന് ആരോപിച്ച് ആളുകൾ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു. ജൽഗാവ് സ്വദേശിയായ ഹാജി അഷ്റഫ് മുംബൈ കല്യാണിലുള്ള മകളുടെ അടുത്തേക്ക് പോകുമ്പോഴായിരുന്നു വർഗീയ പേക്കോലങ്ങളുടെ ആക്രമണം. ഇതിന്റെയും വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു.
നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണവും കൊലപാതകവും വ്യാപകമായത്. 10 വർഷത്തിനിടയിൽ അറുപതോളം കൊലപാതകങ്ങളും മൂന്നൂറിലധികം ആക്രമണങ്ങളും നടന്നുവെന്നാണ് കണക്കാക്കുന്നത്. അറിയപ്പെട്ട കണക്ക് മാത്രമാണിത്. അറിയപ്പെടാത്ത നിരവധി സംഭവങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അരങ്ങേറുന്നുണ്ട്. 2015ൽ യുപിയിൽ ബിജെപിക്കാർ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ വീട് കയറി ആക്രമിച്ച് കൊന്നതും മകനെ ഗുരുതരമായി പരിക്കേൽപ്പിച്ചതും ഇന്ത്യയാകെ ചർച്ചചെയ്തതാണ്. വീട്ടിൽ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. അന്വേഷണത്തിൽ പശുയിറച്ചിയല്ലെന്നും ആട്ടിറച്ചിയായിരുന്നുവെന്നും ബോധ്യമായി. പക്ഷേ, കുടുംബത്തിന് നാടുവിടേണ്ടി വന്നു. 2017ൽ രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ച് കൊന്ന സംഭവവും കോളിളക്കം സൃഷ്ടിച്ചതാണ്. വളർത്തുന്നതിന് ജയ്‌പുർ ചന്തയിൽനിന്ന് കാലികളെ വാങ്ങി പോകുമ്പോഴാണ് കൊലയാളി സംഘം ചാടിവീണ് പെഹ്‌ലുഖാനെയും കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളെയും ആക്രമിച്ചത്.
ജാർഖണ്ഡിൽ രണ്ട് യുവാക്കളെ കൊന്ന് കെട്ടിത്തൂക്കിയതും ഗോ സംരക്ഷണ സേന എന്ന സമൂഹവിരുദ്ധ സംഘമാണ്. എല്ലാ ആക്രമണങ്ങൾക്കും ബിജെപി സർക്കാരുകളുടെയും അവിടത്തെ പൊലീസിന്റെയും നിർലോഭ സഹായമുണ്ടാകും. അക്രമത്തിനിരയാകുന്നവർക്കെതിരെ ഗോ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കും. പ്രതികൾക്കെതിരെ നിസ്സാരവകുപ്പും. രാജ്യത്ത് വർധിച്ച് വരുന്ന പശുസംരക്ഷണ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്തന്നെ ആവശ്യപ്പെട്ടതാണ്. രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളുടെ നടപടികളെ നിശിതമായി വിമർശിക്കുകയും അക്രമം തടഞ്ഞില്ലെങ്കിൽ കോടതി ഇടപെടുമെന്നും 2018ൽ പറഞ്ഞതാണ്.
നരേന്ദ്രമോദിയുടെ ഭരണത്തിൽ കോടതി വിധികൾക്കൊന്നും വിലയില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന കൊലപാതകം. ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ പ്രസ്താവന തന്നെ അക്രമം തുടരുമെന്നതിന്റെ സൂചനയാണ്. സംഭവം ദൗർഭാഗ്യകരമാണെങ്കിലും ഗോ സംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യനെ കൊന്നും മർദിച്ചും വർഗീയത പടർത്തി അധികാരം നിലനിർത്താനുള്ള ബിജെപിയുടെ അജൻഡയാണ് നിലയ്ക്കാത്ത ഈ ആക്രമണങ്ങൾക്ക് പിന്നിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..