‘കാശി, മഥുര ബാക്കി ഹേ.’ 32 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ ആറിന് രാജ്യമൊട്ടുക്ക് വർഗീയ ഭ്രാന്തെടുത്ത സംഘപരിവാറുകാർ അലറി വിളിച്ചതിങ്ങനെയായിരുന്നു. പി വി നരസിംഹറാവു എന്ന കോൺഗ്രസ് നേതാവ് നയിച്ച കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയും എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയുമടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുടെ ആശിസ്സുകളോടെയും കാവിക്രിമിനലുകൾ അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് തകർത്തപ്പോൾ മുഴക്കിയ അത്യന്തം ഭീഷണമായ മുദ്രാവാക്യം. പിന്നീട് ധ്രുവീകരണ ശ്രമങ്ങൾക്കു മൂർച്ചകൂട്ടാൻ സംഘപരിവാർ ഒരുങ്ങിയ ഘട്ടങ്ങളിലൊക്കെ ഇന്ത്യൻ തെരുവുകളിൽ പിന്നെയും ആവർത്തിച്ചു ഭീഷണിയുടെ മുഴക്കമുള്ള ആ അലർച്ച.
വാരാണസി (കാശി)യിലെ ജ്ഞാൻവാപി മസ്‌ജിദും മഥുരയിലെ ഷാഹി ഈദ്‌ഗാഹും ബാബ്‌റി മസ്‌ജിദിനെ എന്ന പോലെ നിലംപരിശാക്കാനുള്ള ശ്രമം മൂന്നര പതിറ്റാണ്ടുമുമ്പ് തുടങ്ങിയതാണ്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ജ്ഞാൻവാപി മസ്‌ജിദിനും മഥുരയിലെ ശ്രീകൃഷ്‌ണ ജന്മസ്ഥാനത്തിനടുത്തുള്ള ഷാഹി ഈദ്‌ഗാഹിനും മേൽ ഹിന്ദുക്കൾക്കാണ് അവകാശം എന്നാവർത്തിക്കുന്നത് തെരുവിൽ മാത്രമല്ല, കോടതികളിൽക്കൂടിയാണ്. ഈ പള്ളികളിൽ അവകാശം തങ്ങൾക്കാണെന്ന് സ്ഥാപിക്കാനായി നിരവധി സംഘപരിവാറുകാർ രാജ്യത്തെ വിവിധ കോടതികളിൽ വ്യവഹാരത്തിലാണ്. ഇതിന്റെ ഭാഗമായി കോടതികളിൽ നിലവിലുള്ള കേസുകൾ തങ്ങൾക്കനുകൂലമായി മാറ്റാൻ വേണ്ടി വിശ്വഹിന്ദു പരിഷത്തിന്റെ വിധി പ്രകോഷ്‌ഠ് (നിയമവിഭാഗം) കഴിഞ്ഞ ഞായറാഴ്‌ച ഡൽഹിയിൽ യോഗം വിളിച്ചു. സംഘടനയുടെ നേതാക്കൾ മാത്രമല്ല, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും രാജ്യത്തെ ഹൈക്കോടതികളിൽനിന്നും സുപ്രീംകോടതിയിൽനിന്നും വിരമിച്ച മുപ്പത് ന്യായാധിപരും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ രാഷ്‌ട്രീയ–- ജുഡീഷ്യൽ മണ്ഡലങ്ങളിൽ ഹിന്ദുത്വരാഷ്‌ട്രീയം എത്രത്തോളം പിടിമുറുക്കി എന്നാണ് ഈ സംഭവം കാണിച്ചു തരുന്നത്. ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രിയാണ് ഒരു കോടതി വ്യവഹാരം സ്വന്തം പക്ഷത്തിന് അനുകൂലമായി മാറ്റാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായത്. യോഗത്തിൽ സംസാരിക്കുന്ന ചിത്രം ആവേശപൂർവം എക്‌സിൽ പോസ്റ്റു ചെയ്യാനും ആ മന്ത്രിക്ക് മടിയുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ അർജുൻ റാം മേഘ്‌വാൾ ചെയ്‌തത് ഭരണഘടനാ ലംഘനമാണ്.
ഇന്ത്യൻ ഭരണഘടനയല്ല, മനുസ്‌മൃതിയാണ് തങ്ങളുടെ ആധാരശിലയെന്ന മിഥ്യാ ബോധ്യത്തോടെ രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കൾ ഭരണഘടനാ ലംഘനം നടത്തിയില്ലെങ്കിലേ വിസ്‌മയിക്കേണ്ടൂ. ഈ ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിക്കേണ്ട പ്രധാന പ്രതിപക്ഷമായ കോൺഗ്രസാകട്ടെ ഇത്തരം കാര്യങ്ങളോട് സന്ധിചെയ്യുന്ന സ്‌ഥിതിയുമാണ്. മാത്രമോ, വിഎച്ച്‌പി വിളിച്ച യോഗത്തിൽ ഈ രണ്ടു മസ്ജിദുകളുടെ അവകാശം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയ്‌ക്ക് കൂട്ടുനിന്ന മുപ്പത് മുൻ ന്യായാധിപരുടെ പഴയ വിധികൾ എങ്ങനെയുള്ളവ ആയിരുന്നു എന്നുകൂടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഒരു രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായി നിന്നുകൊണ്ട് അവർ പുറപ്പെടുവിച്ച വിധിന്യായങ്ങളിൽ നിയമപരമായ നിഷ്‌പക്ഷത തരിമ്പും കാണില്ലെന്നും ഉറപ്പാണ്.
നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബ്‌റി മസ്ജിദ് തകർക്കൽ വഴി രാജ്യാധികാരത്തിലേക്ക് ഒരു പാലമിടുകയായിരുന്നു ഇന്ത്യൻ ഫാസിസ്റ്റുകൾ. ശ്രീരാമഭക്തി രൂഢ-മൂലമായ വടക്കേ ഇന്ത്യയിലെ വിശ്വാസികളുടെ സമൂഹമനസ്സിനെ വർഗീയ ധ്രുവീകരണ അജൻഡയ്ക്കായി പരുവപ്പെടുത്തിയെടുക്കുന്നതിൽ ആർഎസ്എസ് വിജയിച്ചു. അന്ന് ഇന്ത്യൻ ഭരണം സ്വപ്‌നം മാത്രമായിരുന്ന ആർഎസ്‌എസിനും ബിജെപിക്കും പത്തുവർഷം ഒറ്റയ്‌ക്ക് ഭരിക്കാനുള്ള മാൻഡേറ്റ് നൽകി ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമടങ്ങിയ ജനത. ദാരിദ്ര്യത്തിലും കഷ്‌ടപ്പാടിലും വലയുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും നീറുന്ന ജീവൽ പ്രശ്‌നങ്ങൾ മറക്കാനും ഹിന്ദുത്വയ്ക്കൊപ്പം നിൽക്കാനും ഭക്തിയുടെയും ആൾക്കൂട്ട ഉന്മാദത്തിന്റെയും രാഷ്‌ട്രീയ പ്രയോഗം ഫലപ്രദമായി വിജയിപ്പിച്ചെടുത്തു ഇന്ത്യൻ ഫാസിസ്റ്റുകൾ. ബാബ്‌റി മസ്‌ജിദ് നിലനിന്നിടത്ത് ശതകോടികൾ ചെലവിട്ടു നിർമിച്ച ശ്രീരാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർവഹിച്ചു. തെരഞ്ഞെടുപ്പിൽ പക്ഷേ അയോധ്യകാർഡ് പരാജയമായി. ശ്രീരാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദിൽ ബിജെപി തോറ്റമ്പി. അതിന്റെകൂടി ക്ഷീണം തീർക്കാനാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജ്ഞാൻവാപിയും ഷാഹി ഈദ്‌ഗാഹും തകർത്തശേഷം തങ്ങളുടേതാക്കാനുള്ള നീക്കങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..