21 December Saturday

വർഗീയ അജൻഡകളുമായി മോദിയുടെ 100 ദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


സംഘപരിവാർ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ട് 100 ദിവസം പൂർത്തിയാകുകയാണ്. മോദി പ്രധാനമന്ത്രിയായ മുൻ ബിജെപി സർക്കാരുകൾ തുടങ്ങിവച്ച വർഗീയ അജൻഡ പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ആദ്യ 100 ദിനത്തിൽത്തന്നെ വെളിപ്പെടുന്നത്. ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കി മനുസ്‌മൃതി അനുസരിച്ചുള്ള ഭരണം സ്ഥാപിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഒറ്റയ്ക്ക്‌ ഭൂരിപക്ഷം ഉണ്ടായിരുന്ന രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഈ നീക്കത്തിന് ഗതിവേഗം വന്നിരുന്നു. ഇത് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ബിജെപിക്ക് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിലെ തിരിച്ചടിയൊന്നും ബാധകമല്ലെന്നും ഭരണത്തിലുള്ള സമയത്ത് തങ്ങളുടെ വർഗീയ അജൻഡ നടപ്പാക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നുമാണ്‌ 100 ദിനത്തിൽത്തന്നെ രാജ്യത്തിന് നൽകുന്ന സന്ദേശം.

ഗ്രാമീണ ജനതയുടെ വിശ്വാസം മുതലെടുത്ത് പശുരാഷ്ട്രീയം പരമാവധി കത്തിക്കാനും അതിന്റെ പേരിൽ മനുഷ്യരെ നിഷ്‌കരുണം കൊന്നുതള്ളാനും വർധിത വീര്യത്തോടെ സംഘപരിവാർ ശക്തികൾ മുന്നോട്ടുവരികയാണ്. ഹരിയാനയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഹിമാചലിലും ഉത്തർപ്രദേശിലുമെല്ലാം പശുവിന്റെ പേരിൽ നിരന്തര ആക്രമണങ്ങൾ അരങ്ങേറുന്നു. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കേസിൽ കുടുക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി പശുക്കുട്ടിയെ ഉമ്മ വയ്ക്കുന്ന ചിത്രം പുറത്തുവിട്ടാണ് നൂറാം ദിനം ആഘോഷിച്ചത്. മാധ്യമങ്ങളാകെ കൗതുക ചിത്രമെന്ന വ്യാജേന അത് പ്രചരിപ്പിച്ചു. ഇത് ഇന്ത്യൻ ജനതയ്ക്ക്‌ നൽകുന്ന സന്ദേശമെന്താണ്. പശുവിന്റെ പേരിൽ രാജ്യമാകെ വർഗീയ കലാപം അഴിച്ചുവിടുന്ന അക്രമികൾക്ക് കൂടുതൽ ഊർജം പകരുകയാണ് പ്രധാനമന്ത്രി.

ഈ സർക്കാരിന്റെ തുടക്കത്തിൽത്തന്നെ വഖഫ് നിയമ ഭേദഗതി ബില്ലുമായി വന്നത് ബിജെപിയുടെ പോക്ക് എങ്ങോട്ടാണെന്നുള്ളതിന്റെ സൂചനയാണ്. വഖഫ് സ്വത്തുക്കളാകെ പിടിച്ചെടുത്ത് ന്യൂനപക്ഷ അവകാശങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് നിയമ ഭേദഗതി. എൻഡിഎ ഘടകകക്ഷികൾ ഉൾപ്പെടെ രംഗത്ത് വന്നതിനാലാണ് ബിൽ പാർലമെന്ററി സമിതിക്ക് വിട്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കി ക്രിസ്‌ത്യൻ ന്യൂനപക്ഷത്തിനെതിരായ കടന്നാക്രമണം കടുപ്പിക്കുകയാണ് മറ്റൊരു ഭാഗത്ത്. മണിപ്പുരിലെ കലാപം കൂടുതൽ ആളിക്കത്തിക്കാനാണ് ശ്രമം. ബാബ്‌റി മസ്ജിദ് തകർത്ത് അധികാരത്തിലേക്ക്‌ നടന്നുകയറിയ ബിജെപി രാജ്യത്തെ പ്രമുഖ പള്ളികളാകെ പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയിലാണ്.

ഹിന്ദുത്വവാദികൾ പല പള്ളികളിലും അവകാശം ഉന്നയിച്ച് കേസ് കൊടുത്തിട്ടുണ്ട്. വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹും ബാബ്‌റി മസ്ജിദ് പോലെ ഇടിച്ച് നിരത്താനുള്ള ശ്രമം പതിറ്റാണ്ടുകളായി നടക്കുകയാണ്. ഇവയെ പള്ളികൾ എന്ന്‌ വിളിക്കരുതെന്നാണ്‌ യോഗി ആദിത്യനാഥിന്റെ ശാസന. ഇതുൾപ്പെടെ നിരവധി പള്ളികളുടെ അവകാശം ഉന്നയിച്ച് കോടതിയിൽ കേസുണ്ട്. ഈ കേസൊക്കെ തങ്ങൾക്ക് അനുകൂലമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ വിഎച്ച്പി വിളിച്ചു ചേർത്ത യോഗത്തിൽ വിരമിച്ച 30 ജഡ്‌ജിമാരും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും പങ്കെടുത്തുവെന്നത് രാജ്യത്തിന്റെ പോക്ക് എത്രമാത്രം അപകടാവസ്ഥയിലേക്കാണെന്ന് തെളിയിക്കുന്നു. കാവടിയാത്രയുടെ ഭാഗമായി കടകൾക്ക് മുന്നിൽ ഉടമയുടെ പേര് എഴുതിയ ബോർഡ് വയ്ക്കണമെന്ന്‌ ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ഉത്തരവിറക്കിയത് വർഗീയവാദികൾ ഭരണതലത്തിലുറപ്പിച്ച ആധിപത്യത്തിന്റെ തെളിവാണ്. മതാചാരങ്ങളുടെ പേരിൽ വർഗീയ കലാപങ്ങൾ അഴിച്ചുവിട്ട് ആധിപത്യം ഉറപ്പിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമവും ഈ 100 ദിനത്തിൽ നാം കണ്ടു. മത ഘോഷയാത്ര കടന്നുപോകുന്ന വഴിയിൽ മറ്റ് ആരാധനാലയങ്ങൾ കാണുന്നതുപോലും അപകടമാണെന്ന് ചിന്തിക്കുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ മാറ്റുകയാണ്.

ബിജെപിയെ പിൻപറ്റി കോൺഗ്രസ് സർക്കാരുകളും വർഗീയവാദികൾക്ക് കീഴടങ്ങി. തെലങ്കാനയിൽനിന്ന് വരുന്ന വാർത്തകൾ അതാണ് വെളിപ്പെടുത്തുന്നത്. ഗണേശോത്സവ ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികളെല്ലാം മറച്ചുകെട്ടാനുള്ള സർക്കാരിന്റെ തീരുമാനം രാജ്യം നേരിടുന്ന ഗുരുതര ഭീഷണിക്ക് തെളിവാണ്. മതനിരപേക്ഷ സംസ്‌കാരം തകർത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാർ അജൻഡയ്ക്ക്‌ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസും കൂട്ടുനിൽക്കുന്നത് അത്യന്തം ഗുരുതരമാണ്. ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ഇതിനെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top