22 December Sunday

ബുൾഡോസർ രാജിന്‌ തടയിട്ട്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


ന്യൂനപക്ഷങ്ങളെയും ദളിതരെയും മറ്റ്‌ പിന്നാക്ക ജനവിഭാഗങ്ങളെയും വേട്ടയാടാൻ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ ഒരു പതിറ്റാണ്ടായി പ്രയോഗിക്കുന്ന ‘ബുൾഡോസർ രാജി’ന്‌ ഒടുവിൽ സുപ്രീംകോടതി കൂച്ചുവിലങ്ങിട്ടു. ആർഎസ്‌എസും മറ്റ്‌ പരിവാർ സംഘടനകളും നീതിയുടെ മിന്നൽപ്രയോഗമെന്നാണ്‌ ഇടിച്ചുനിരത്തലിനെ വിശേഷിപ്പിക്കുന്നത്‌. അതിന്റെ പ്രയോക്താവായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവർ വാഴ്‌ത്തുകയും ചെയ്യുന്നു. ഈ വിധം സംഘപരിവാർ കൊട്ടിഘോഷിക്കുന്ന  ബുൾഡോസർരാജ്‌ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന നിയമവാഴ്‌ചയില്ലാത്ത ഭരണാന്തരീക്ഷമാണെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. ഭരണസംവിധാനത്തിന്റെ ഇത്തരം ഏകപക്ഷീയ നടപടികളെ നിയമത്തിന്റെ ഉരുക്കുകരങ്ങളാൽ ദാക്ഷിണ്യമില്ലാതെ കൈകാര്യം ചെയ്യണമെന്ന്‌ ജസ്‌റ്റിസുമാരായ ബി ആർ ഗവായിയും കെ വി വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച്‌ പറഞ്ഞു.

സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും കാറ്റിൽപ്പറത്തുന്നതാണ്‌ ഏകപക്ഷീയമായ ഇടിച്ചുനിരത്തലെന്ന്‌ കോടതി നിരീക്ഷിച്ചു. ഒരാൾ കുറ്റക്കാരനോ പ്രതിയോ ആണെന്ന കാരണത്താൽമാത്രം ഭരണസംവിധാനത്തിന്‌ വീടുകളും സ്വത്തുക്കളും ഇടിച്ചുനിരത്താനാകില്ല. അധികാരങ്ങളുടെ വേർതിരിവുമായി ബന്ധപ്പെട്ട തത്വങ്ങളുടെ ലംഘനമാണിത്‌. വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന്‌ വിധിക്കാനുള്ള അധികാരം ജുഡീഷ്യറിക്കാണ്‌. സർക്കാരിന്‌ ഒരിക്കലും ഒരാളെ കുറ്റക്കാരനെന്ന്‌ വിധിക്കാനാകില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വ്യക്തിയുടെ സ്വത്തുക്കൾ ഇടിച്ചുനിരത്തുന്നത്‌ നിയമവാഴ്‌ചയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്‌. ഭരണനിർവഹണ സംവിധാനത്തിന്‌ ഒരിക്കലും ജഡ്‌ജിയാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ കുറ്റക്കാരനെന്ന്‌ നിശ്‌ചയിച്ച്‌ അയാളുടെ വസ്‌തുവകകൾ ഇടിച്ചുനിരത്താനുമാകില്ല. ഈ നടപടികൾ പരിധിലംഘനമാണ്‌. നിയമവാഴ്‌ചയുടെ അടിത്തറയായ ഭരണഘടനയിൽ ഇത്തരം പരിധി വിട്ട ഏകപക്ഷീയ നടപടികൾക്ക്‌ സ്ഥാനമില്ല. അധികാരത്തിന്റെ  ദുർവിനിയോഗങ്ങളെ കോടതികൾ വച്ചുപൊറുപ്പിക്കരുത്‌.

വീട്‌ എന്നത്‌ ഓരോ കുടുംബത്തിന്റെയും സ്വപ്‌നമാണ്‌. അത്‌ ഇടിച്ചുനിരത്താൻ അധികൃതരെ അനുവദിക്കണോയെന്ന സുപ്രധാന ചോദ്യമാണ്‌ കോടതി മുമ്പാകെ വന്നത്‌. ഇക്കാര്യത്തിൽ ജനാധിപത്യ ഭരണത്തിന്റെ അടിത്തറയായ നിയമവാഴ്‌ചയുടെ തത്വങ്ങളെ പരിഗണിക്കേണ്ടതുണ്ട്‌. ഏകപക്ഷീയ ഭരണകൂട നടപടികളിൽനിന്ന്‌ വ്യക്തികളെ സംരക്ഷിക്കുന്നതടക്കം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും പരിഗണിക്കണം. കുറ്റാരോപിതൻ തെറ്റുകാരനാണെന്ന മുൻവിധി നിയമപ്രക്രിയയിൽ പാടില്ല. അധികാരങ്ങളുടെ വിഭജനപ്രകാരം ന്യായവിചാര നടപടികൾ പൂർണമായും ജുഡീഷ്യറിയിൽ നിഷിപ്‌തമാണ്‌. ഭരണസംവിധാനം സ്വയം ജഡ്‌ജിയായി ശിക്ഷ നടപ്പാക്കുന്നത്‌ അധികാരങ്ങളുടെ വിഭജനതത്വങ്ങളുടെ ലംഘനംകൂടിയാണ്‌–- സുപ്രീംകോടതി അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തേണ്ട സാഹചര്യമുണ്ടാകുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങളും കോടതി വിശദമാക്കി.

2017ൽ യുപിയിൽ യോഗി ആദിത്യനാഥ്‌ സർക്കാർ അധികാരത്തിൽ എത്തിയതുമുതലാണ്‌ ദേശീയതലത്തിൽ സംഘപരിവാർ ‘ബുൾഡോസർ നീതി’ നടപ്പാക്കി തുടങ്ങിയത്‌. തികച്ചും ഏകപക്ഷീയമായും നടപടിക്രമങ്ങൾ പാലിക്കാതെയും അഞ്ചുലക്ഷത്തോളം വീടുകൾ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ ഇടിച്ചുനിരത്തപ്പെട്ടതായാണ്‌ റിപ്പോർട്ടുകൾ. 15 ലക്ഷത്തോളംപേർ ഭവനരഹിതരായി. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്‌ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമനിർമാണങ്ങൾക്കെതിരായി പ്രതിഷേധമുയർന്ന ഘട്ടങ്ങളിലെല്ലാം യുപി, ഡൽഹി, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരപരാധികളുടെ വീടുകൾക്കു മുകളിലൂടെ ബുൾഡോസറുകൾ ഉരുണ്ടു. ഡൽഹിയിൽ ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടും ബിജെപി ഭരിക്കുന്ന ഡൽഹി കോർപറേഷന്റെ ബുൾഡോസറുകളെത്തി. ഡൽഹി ജഹാംഗീർപുരിയിൽ 2022ൽ ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനു പിന്നാലെ ന്യൂനപക്ഷങ്ങളുടെ വീടുകൾക്കു നേരെ ബുൾഡോസറുകളുടെ യന്ത്രക്കൈകൾ ഉയർന്നു. കോടതി പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിന്റെ പകർപ്പുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ബുൾഡോസറുകളെ തടുത്തുനിർത്തി.

ഇപ്പോൾ നടക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിലും താൻ നടപ്പാക്കിയ ബുൾഡോർ നീതിയെ ആദിത്യനാഥ്‌ സ്വയം പുകഴ്‌ത്തി. സുപ്രീംകോടതിയുടെ കർക്കശമായ വിധി പ്രസ്‌താവത്തിനു ശേഷവും സംഘപരിവാറിന്റെ ബുൾഡോസറുകൾ നിയമം കൈയിലെടുത്ത്‌ ഉരുളാൻതന്നെയാണ്‌ എല്ലാ സാധ്യതയും. നീതിപീഠത്തിന്റെ ഇടപെടലിനൊപ്പം വർഗീയതയ്‌ക്കെതിരായ ആശയപ്രചാരണത്തിലൂടെ ശക്തമായ ജനവികാരംകൂടി സംഘപരിവാറിന്റെ ബുൾഡോസർ നീതിയില്ലായ്‌മയ്‌ക്കെതിരായി ഉയരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top