22 December Sunday

ഇന്ത്യയുടെ കടൽ ചെമ്മീന് അമേരിക്കയുടെ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയുടെ കടൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മത്സ്യമേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ എത്തിക്കുന്നത് തടയാൻ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന നീക്കം 2019 മുതൽ നടപ്പാക്കുകയായിരുന്നു. അതിപ്പോൾ കടുത്ത പ്രതിസന്ധിയായി. ഉപരോധം ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അമേരിക്കയിലേക്ക് കയറ്റുമതി നിലച്ചതോടെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീന്റെ വില വലിയതോതിൽ കുറയുകയുംചെയ്തു. ഉപരോധവും തുടർന്നുള്ള വിലയിടിവും കേരളത്തിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും മത്സ്യക്കയറ്റുമതി മേഖലയെയും ദുരിതത്തിലേക്ക് തള്ളിയിട്ടു. ഒട്ടേറെ വെല്ലുവിളി നേരിടുന്ന സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയുടെ തകർച്ചയ്‌ക്കും ഉപരോധം വഴിയൊരുക്കുന്നു.

അമേരിക്കയിലെ ചെമ്മീൻ ഉൽപ്പാദകരുടെ സംഘടനയായ സതേൺ ഷിപ് അലയൻസിന്റെ താൽപ്പര്യമാണ് ഉപരോധത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. പ്രതിസന്ധിയെത്തുടർന്ന് കൊച്ചിയിലെ ഏതാനും ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ സമരരംഗത്തുമാണ്. ഇന്ത്യയിൽ ട്രോളിങ്ങിലൂടെ കടലാമയെ പിടിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, രാജ്യത്ത് ഒരിടത്തും ട്രോളിങ്ങിൽ കടലാമയെ പിടിക്കുന്നില്ല. കേരളത്തിൽ ഒരിക്കൽപ്പോലും കടലാമകൾ വലയിൽ കയറിയിട്ടില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. കടലാമകൾ കേന്ദ്രീകരിക്കുന്ന ഒഡിഷയിലാകട്ടെ, അവയുടെ പ്രജനന കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നുമുണ്ട്. അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിന് ഏറെ മുമ്പുതന്നെ, ട്രോൾ വലകളിൽ ആമകൾ കുടുങ്ങാതിരിക്കാനുള്ള ‘ടെഡ്'സംവിധാനം (ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ്) കൊച്ചിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി) വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഒരു വലയിൽ ഘടിപ്പിക്കുന്നതിന് 25,000 രൂപയോളം ചെലവാകും.

കടലാമയ്‌ക്ക് പിന്നാലെ, സസ്തനി സംരക്ഷണത്തിന്റെ പേരിലും ഇന്ത്യയിൽനിന്നുള്ള എല്ലാ സമുദ്രോൽപ്പന്നങ്ങൾക്കും ഉപരോധമേർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 2026 ജനുവരി മുതൽ ഈ വിലക്ക് ഏർപ്പെടുത്തും. ഇതിനു മുന്നോടിയായി ഇന്ത്യയിലെ സസ്തനികളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ അമേരിക്ക നിർദേശം നൽകിക്കഴിഞ്ഞു. സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ 1972ൽ അവിടെ നിലവിൽ വന്ന ‘മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ടി'ന്റെ ഭാഗമായി തിമിംഗിലം, ഡോൾഫിൻ, വാൽറസ്, ഹിമക്കരടി, ഹിമസിംഹം, ഓട്ടൽ, സീൽ എന്നിവയെ സംരക്ഷിക്കാനാണത്രേ ഈ നീക്കം. എന്നാൽ, ഇന്ത്യയിലൊരിടത്തും സസ്തനികളെ വലയിൽ പിടിക്കുന്നില്ലെന്ന് ആധികാരിക പഠനങ്ങൾ  വെളിപ്പെടുത്തുന്നു. ചെമ്മീൻ കൂടാതെ ഞണ്ട്, ട്യൂണ, തിലാപ്പിയ, കിനാവള്ളി, കൊഞ്ച്, ചൂര, അലങ്കാര മീനുകൾ എന്നിവ അമേരിക്കയിലേക്ക്  കയറ്റിയയക്കുന്നുണ്ട്. ഇതൊക്കെ തടയാനാണ് ശ്രമം. 2022–-- 23ൽ സമുദ്രോൽപ്പന്ന കയറ്റുമതിയിൽനിന്ന് ഇന്ത്യക്ക് ലഭിച്ച വരുമാനം 809 കോടി ഡോളർ. ഇതിൽ 550 കോടി ഡോളറും ചെമ്മീൻ കയറ്റുമതിയിൽ നിന്നാണെന്ന് അറിയുമ്പോൾ ഈ മേഖലയുടെ പ്രാധാന്യമറിയാം.

സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായത്തെ തകർക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ ഈ മേഖലയിലുള്ളവരുടെ യോഗം കഴിഞ്ഞയാഴ്ച വിളിച്ചുകൂട്ടുകയുണ്ടായി. കേന്ദ്ര സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കയറ്റുമതി നിരോധനം പിൻവലിക്കുന്നതിന് അമേരിക്കയുമായി നയതന്ത്രതലത്തിൽ ചർച്ച നടത്തണമെന്ന്‌ അഭ്യർഥിച്ച് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് കത്തുനൽകി. വിദേശ ലോബികളുടെ ആരോപണങ്ങൾ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ദേശീയതലത്തിൽ ഇടപെടൽ അനിവാര്യമാണ്. അമേരിക്കൻ വിധേയത്വത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ അതിന് ശ്രമിക്കുന്നില്ലെങ്കിൽ സമുദ്രോൽപ്പന്ന കയറ്റുമതി ഇപ്പോഴത്തേക്കാൾ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top